കുരിശിനെ അപമാനിച്ച സംഭവത്തില്‍ വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത് ! പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയുടെ വിശദീകരണം ഇങ്ങനെ...

New Update

publive-image

പൂഞ്ഞാര്‍: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഒരു കുരിശടിയാണ് പുല്ലപ്പാറ (കുറ്റിലപ്പാറ /കുല്ലപ്പാറ ) കുരിശ്. പൂഞ്ഞാർ പള്ളിയുടെ ഉടമസ്ഥതയിലും കരം തീരുവയിലുമുള്ളതും പൂഞ്ഞാർ നടുഭാഗം വില്ലേജിൽ ബ്ലോക്ക് നമ്പർ 64 ൽ സർവ്വേ 114/2 ൽ പെട്ട 21.40 ആർ വസ്തു സ്ഥലത്താണ് ഈ കുരിശടി നിലനിൽക്കുന്നത്.

Advertisment

ഈ ഇടവകയിലെയും സമീപ ഇടവകക്കളിലെയും കത്തോലിക്കാ വിശ്വാസികൾ ഈ മലമുകളിൽ തങ്ങളുടെ വിശ്വാസപ്രകാരം പ്രാർത്ഥന നടത്തിവരുന്നതും ഒറ്റയ്ക്കും കൂട്ടായും വിശ്വാസികൾ മലകയറി കുരിശിനെ വണങ്ങാറുള്ളതുമാണ്.

വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച പൂഞ്ഞാർ ഇടവകയിൽ നിന്ന് പരിഹാര പ്രദിക്ഷിണം നടത്തുകയും ഔദ്യോഗിക പ്രാർത്ഥന ശുശ്രൂഷകൾ നിർവഹിക്കുകയും ചെയ്തുവരുന്നു.

എല്ലാ മതവിശ്വാസികളും ഈ കുരിശടി പൂജ്യമായി കരുതുകയും ബഹുമാനിക്കുകയും ചെയ്തു വന്നിരുന്നു. പൂഞ്ഞാർ പള്ളിയുടെ ഈ വസ്തു അതിർത്തി തിരിച്ച് വേലികെട്ടി തിരിച്ചിട്ടുള്ളതാണ്.

ഈ സ്ഥലത്ത് പുരാതന കാലത്ത് സ്ഥാപിച്ചത് ഒരു മരക്കുരിശ് ആയിരുന്നു ഈ മരക്കുരിശ് കാലാന്തരത്തിൽ നശിക്കുവാൻ തുടങ്ങിയപ്പോൾ പള്ളിയിൽനിന്നും ഒരു കോൺക്രീറ്റ് കുരിശ് പകരം സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് 27 വർഷം മുമ്പ് സാമൂഹികവിരുദ്ധർ ഈ കുരിശു തകർക്കുകയും ആ കുരിശു തന്നെ വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്തു.

ഈ സ്ഥലത്തേക്ക് പുതിയ റോഡ് നിർമ്മിച്ചതിനുശേഷം ധാരാളം വിശ്വാസികളും വിനോദസഞ്ചാരികളും എത്തിച്ചേർന്നിരുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസികളുടെ രക്ഷയുടെ പ്രതീകമായ കുരിശിനെ അവഹേളിക്കുന്ന തരത്തിലും പള്ളിയുടെ വസ്തുവകകൾക്ക് നാശം വരുത്തുന്ന രീതിയിലും ചില പ്രവർത്തനങ്ങൾ ഏതാനും നാളുകളായി ഇവിടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

വിനോദസഞ്ചാരത്തിന്റെ മറവിൽ കുരിശിൻചുവട്ടിൽ ഭക്ഷണം പാകം ചെയ്യുക, ലഹരി വസ്തുക്കൾ ഉപയോഗിക്കുക, മദ്യകുപ്പികൾ വലിച്ചെറിയുക തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പലപ്പോഴും അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.

സമീപനാളുകളിൽ കുരിശിൽ ചെരുപ്പുകൊണ്ട് ചവിട്ടുകയും കുരിശിൻന്റെ മുകളിലും കൈകളിലും കയറി ഇരിക്കുകയും ഇതിന്റെ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത് ഇടവക വിശ്വാസികൾക്കും വലിയ വേദന ഉളവാക്കിയ സംഭവങ്ങളാണ്.

കുരിശിനെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ നടപടി പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു. നമ്മുടെ നാട്ടിലെ മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവർത്തികൾ അപലപനീയമാണ്.

ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ വഴി കുരിശിനെ നിന്ദിക്കുന്ന ഫോട്ടോകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പള്ളിയുടെ പ്രതിനിധി യോഗം ചേർന്നു.

ഈ യോഗ തീരുമാനപ്രകാരം കുരിശിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി ബന്ധപ്പെട്ട അധികാരികൾക്ക് ഇന്നലെ തന്നെ കൈമാറുകയും ചെയ്തു. ഉയരം കൂടിയ ഒരു കുരിശ് അവിടെ നിർമ്മിക്കുവാൻ യോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വിഷയത്തിൽ നമ്മെ സ്വാന്തനപ്പെടുത്താനും പിന്തുണ തരാനും വിവിധ ജനപ്രതിനിധികളും സാമുദായിക നേതാക്കന്മാരും പള്ളിയിൽ എത്തുകയും ചിലർ പുല്ലപ്പാറ സന്ദർശിക്കുകയും, പിസി ജോർജ് എംഎൽഎ, അഡ്വ. നോബിൾ മാത്യു, ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, കൂടാതെ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ നിസാർ ഖുർബാനി, മുസ്ലിം സമുദായ നേതാക്കളായ മുഹമ്മദ് സക്കീർ മുഹമ്മദ് നദീർ മൗലവി, കെഇ പരീത് തുടങ്ങിയവരും പള്ളിയിലെത്തി നമ്മുടെ വികാരങ്ങൾ മനസ്സിലാക്കി.

കുരിശിനെ നിന്ദിച്ചത് തെറ്റായിപ്പോയി എന്ന് അഭിപ്രായപ്രകടനം നടത്തിയ മുസ്‌ലിം സമുദായ നേതാക്കളെ തുറന്ന മനസ്സോടെ പൂഞ്ഞാർ ഇടവക സ്വീകരിക്കുന്നു.

പള്ളിയുടെ ആരാധനാ കാര്യങ്ങളിലും വസ്തുവകകളുടെ സംരക്ഷണത്തിനും ചുമതലപ്പെട്ട ബഹുമാനപ്പെട്ട വികാരിയച്ചൻ അസി. വികാർ, കൈക്കാരന്മാർ, യോഗ പ്രതിനിധികൾ എന്നിവർ ഈ വിഷയത്തിൽ പള്ളി യോഗത്തിന്റെ നിർദേശമനുസരിച്ചാണ് നിയമപരവും സാമൂഹികവുമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത്. ആയതിനാൽ മറ്റുതരത്തിലുള്ള വ്യാജവാർത്തകൾ വിശ്വാസികൾ സ്വീകരിക്കേണ്ടതില്ലാ എന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

poonjar news
Advertisment