പ്രശാന്ത് ഭൂഷൺ എന്ന 'പൊതുതാൽപ്പര്യ ഹർജിയിലെ ഒന്നാമന് ' ഈ മൂന്ന് ദിവസങ്ങള്‍ നിര്‍ണ്ണായകം ! 3000 ത്തിലധികം റിട്ടയേഡ് ജഡ്ജിമാരും അഭിഭാഷകരും നടപടി അരുതെന്ന് ആവശ്യപ്പെട്ടത് അംഗീകരിക്കപ്പെടുമോ ? വാദങ്ങള്‍ ഇങ്ങനെ

New Update

പൊതുതാൽപ്പര്യ ഹർജികൾ ( Public interest litigation) സമർപ്പിക്കുന്നതിൽ ഒന്നാമൻ. 500 ൽപ്പരം കേസുകൾക്ക് ഇതുവരെ സുപ്രീംകോടതിയിൽ വാദമുഖത്ത് ജ്വലിച്ചുനിന്നിട്ടുണ്ട്.

Advertisment

ഇവയിൽ കൂടുതലും അഴിമതി, മനുഷ്യാവകാശധ്വംസനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ സൗജന്യമായാണ് അദ്ദേഹം കേസുകൾ വാദിച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം. മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പല കേസുകളും അദ്ദേഹം ഫീസ് വാങ്ങാതെയോ കുറഞ്ഞ ഫീസിലോ വാദിച്ചിട്ടുണ്ട്.

publive-image

ഇന്ത്യ ടുഡേ അദ്ദേഹത്തിന് നൽകിയ പേരാണ് ' പൊതുതാൽപ്പര്യ ഹർജിയിൽ ഒന്നാമൻ ' എന്ന്. ഇപ്പോൾ 63 കാരനായ അദ്ദേഹം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യക്കേസ് നേരിടുകയാണ്. വിഷയം അദ്ദേഹം നടത്തിയ രണ്ട് ട്വീറ്റുകളാണ്.

ആദ്യ ട്വീറ്റ് - 27 ജൂൺ 2020. ചരിത്രകാരന്മാർ ഭാവിയിൽ തിരിഞ്ഞുനോക്കുമ്പോൾ കഴിഞ്ഞ 6 വർഷമായി ഇന്ത്യയിലെ ജനാധിപത്യം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ എങ്ങനെ തകർക്കപ്പെട്ടു എന്നും അതിൽ 4 മുൻ ചീഫ് ജസ്റ്റിസ് മാരുടെ പങ്കെന്തെന്നും ചോദ്യമുന്നയിക്കും.

രണ്ടാമത്തെ ട്വീറ്റ് - 29 ജൂൺ 2020. ചീഫ് ജസ്റ്റിസ് എംഎ ബോബ്‌ഡെ വിലകൂടിയ ബൈക്കിലിരിക്കുന്ന ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് കോവിഡ് കാലത്ത് അദ്ദേഹം കോടതികൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി ആരോപിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ആഗസ്റ്റ് 14 ന് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബഞ്ച് പ്രശാന്ത് ഭൂഷണെതിരേ കോടതിയലക്ഷ്യത്തിന് കേസെ ടുക്കുകയായിരുന്നു. കുറ്റം കോടതിക്ക് ബോധ്യപ്പെട്ടാൽ 6 മാസത്തെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്.

publive-image

പ്രസ്താവന തിരുത്താൻ തയ്യാറാണോ എന്ന ചോദ്യത്തിന് തയ്യറല്ല, ഏതു ശിക്ഷയും നേരിടാൻ തയ്യറാണെന്നായിരുന്നു പ്രശാന്ത് ഭൂഷൺ കോടതിയോട് പറഞ്ഞത്.

3000 ത്തിലധികം റിട്ടയേഡ് ജഡ്ജിമാരും അഭിഭാഷകരും പ്രശാന്ത് ഭൂഷണെതിരേ ശിക്ഷാ നടപടികൾ കൈക്കൊള്ളരുതെന്ന് സുപ്രീം കൊടതിയോടഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രശാന്ത് ഭൂഷൺ, പ്രസിദ്ധനായ പഴയ വക്കീൽ ശാന്തി ഭൂഷന്റെ മകനാണ്. 1975 ൽ ഇന്ദിരാഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കൃത്രിമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രാജ് നാരായണൻ സമർപ്പിച്ച കേസ് വാദിച്ചത് ശാന്തി ഭൂഷണായിരുന്നു.

വിധി ഇന്ദിരാഗാന്ധിക്കെതിരാകുകയും തുടർന്ന് രാജ്യത്ത് 21 മാസക്കാലം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.

പിന്നീടുനടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെടുകയും മൊറാർജിദേശായി സർക്കാർ അധികാരമേൽക്കുകയും ചെയ്തപ്പോൾ ആ മന്ത്രിസഭയിൽ നിയമവകുപ്പുമന്ത്രിയായി രുന്നു ശാന്തിഭൂഷൺ.

ഇന്ന് കോടതിയലക്ഷ്യക്കേസുമായി സുപ്രീം കോടതിയിൽ ഓൺലൈനിൽ നടന്ന വാദത്തിൽ പ്രശാന്ത് ഭൂഷൺ നൽകിയ മറുപടി ഇപ്രകാരമായിരുന്നു.

"ബഹുമാനപ്പെട്ട കോടതി, ഞാൻ നടത്തിയ വിമർശനങ്ങളെ കോടതിയലക്ഷ്യമായിക്കണ്ടതിൽ ഞാൻ ദുഖിതനാണ്‌. ജനാധിപത്യത്തിൽ വിമർശിക്കാനുള്ള അധികാരം അത്യന്താപേക്ഷിതമാണ്. എൻ്റെ ട്വീറ്റിൽ ഞാനെന്റെ കടമയാണ് നിർവഹിച്ചിരിക്കുന്നത്. കോടതികൾ കൂടുതൽ കാര്യക്ഷമാകാനുള്ള ശ്രമമായി അതിനെ കാണണം. ഞാനെഴുതിയത് എന്റെ സ്വന്തം അഭിപ്രായമാണ്, എൻ്റെ വിശ്വാസമാണ്, എൻ്റെ ചിന്തയാണ്. എൻ്റെ അഭിപ്രായം രേഖപ്പെടുത്താൻ എനിക്കവകാശമുണ്ട്"

"മഹാത്മാഗാന്ധിയുടെ വാക്കുകളാണ് ഞാൻ ഇവിടെ പറയാനാഗ്രഹിക്കുന്നത്. എനിക്ക് ദയയോ അനുകമ്പയോ ആവശ്യമില്ല. അത് ഞാൻ ആവശ്യപ്പെടുകയുമില്ല. കോടതിതരുന്ന ഏതു ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യറാണ് "

അദ്ദേഹത്തിനെതിരെ നടപടിയെടുക്കരുതെന്ന ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് മിശ്ര പറഞ്ഞത് ഇങ്ങനെയാണ് "ഞങ്ങൾ മൂന്നു ദിവസത്തെ സമയം പ്രശാന്ത് ഭൂഷണ്‌ നൽകുകയാണ്‌. സ്വന്തം പ്രസ്താവന തിരുത്താനും തെറ്റുകൾ സമ്മതി ക്കാനും അദ്ദേഹം തയ്യറാകണം" എന്നാണ്. അതിനുശേഷമാകും വിധിയുണ്ടാകുക.

പ്രശാന്ത് ഭൂഷന്റെ ഭാര്യ ദീപാ ഭൂഷണും അഭിഭാഷകയാണ്. മൂന്നാണ്‍ മക്കൾ, മൂവരും നിയമബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

വരും നാളുകൾ കൂടുതൽ ഉദ്വേഗത്തോടെ ഈ വിഷയത്തിന്റെ പരിസമാപ്തിയുടെ ദിശയറിയാൻ ജനം കാത്തിരിക്കുമെന്നതിൽ തർക്കമില്ല.

prasanth bhooshan
Advertisment