വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണ്, സുരേഷ് ഗോപിയുടെ രാജ്യസഭാ രണ്ടാം ടേമിന് വരെ തടസം നിന്നു; വിവാദ ട്വീറ്റുകള്‍ക്ക് പിന്നാലെ യുവമോര്‍ച്ച നേതാവ് പ്രസീദ് ദാസിനെ പുറത്താക്കി; വീണ്ടും മറുപടിയുമായി പ്രസീദ്

author-image
Charlie
Updated On
New Update

publive-image

തൃശൂര്‍: തൃക്കാക്കരയില്‍ ബിജെപിക്കേറ്റ കനത്ത പരാജയത്തിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ വിമര്‍ശനം നടത്തിയ യുവ മോര്‍ച്ച നേതാവിനെ പുറത്താക്കി. യുവ മോര്‍ച്ച തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെ തന്നെ പുറത്താക്കിയതിനും പ്രസീദിന്റെ മറുപടി വന്നു. വിമര്‍ശിച്ചത് വ്യക്തിയെ...ഡിലീറ്റ് ചെയ്തത് സംഘടന പറഞ്ഞിട്ട്...പുറത്താക്കി എന്ന വാര്‍ത്തയില്‍ കണ്ടത് വ്യക്തിതാല്‍പര്യമോ സംഘടനയോ? എന്നാണ് ട്വീറ്റ്.

Advertisment

വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണെന്നാണ് പ്രസീദ് ദാസ് ട്വീറ്റ് ചെയ്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് കാരണം വി മുരളീധരനാണ്. മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രസീദ് ആവശ്യപ്പെട്ടിരുന്നു. പ്രസീദ് ദാസ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്.

നേമം നിയമസഭാ മണ്ഡലത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ തോല്‍പിച്ചത് വി മുരളീധരനാണെന്ന് പ്രസീദ് ദാസ് ആരോപിക്കുന്നു. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് രാജ്യസഭയില്‍ രണ്ടാം ടേം ലഭിക്കാതിരുന്നത് മുരളീധരന്‍ തടസപ്പെടുത്തിയത് കാരണമാണെന്നും മെട്രോമാന്‍ ഇ ശ്രീധരനേയും മുന്‍ ഡിജിപി ജേക്കബ് തോമസിനേയും അവഗണിച്ചത് മുരളീധരനാണെന്നും പ്രസീദ് ദാസ് ട്വീറ്റ് ചെയ്തു.

'വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണ്. നേമത്ത് കുമ്മനം ജിയുടെ തോല്‍വി ഉറപ്പുവരുത്തി. ഇ ശ്രീധരന്‍ സാറിനേയും ജേക്കബ് തോമസിനേയും അവഗണിച്ചു. സുരേഷ് ഗോപിയുടെ രാജ്യസഭാ രണ്ടാം ടേമിന് വരെ തടസം നിന്നു. ഈ വഞ്ചനയോട് കാലം പൊറുക്കില്ല. കേന്ദ്ര മന്ത്രിയായുള്ള പദവി അവസാനിക്കുന്ന ദിവസം കേരളത്തിലെ ആത്മാര്‍ത്ഥതയുള്ള ബിജെപി പ്രവര്‍ത്തകര്‍ വി മുരളീധരനെ എയര്‍പോര്‍ട്ട് മുതല്‍ നരകം വരെ തല്ലും. ആ ദിവസം വരും,' യുവമോര്‍ച്ചാ നേതാവ് ട്വിറ്ററില്‍ കുറിച്ചു.

തന്റെ കടന്നാക്രമണം വിവാദമായതോടെ പ്രസീദ് ദാസ് ട്വീറ്റ് ഡീലീറ്റ് ചെയ്തു. പാര്‍ട്ടിയുടെ അച്ചടക്ക നടപടികളെ മാനിച്ച്‌ പോസ്റ്റ് ഒഴിവാക്കുന്നതായി യുവമോര്‍ച്ചാ നേതാവ് ട്വീറ്റ് ചെയ്തു. പ്രസീദ് ദാസിനെതിരെ നടപടിയെടുക്കുമെന്ന് ബിജെപി തൃശൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. കെ കെ അനീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടമാകും.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്‌ പോസ്റ്റല്‍ വോട്ടടക്കം 1,35,349 വോട്ടുകളാണ് തൃക്കാക്കരയില്‍ ആകെ പോള്‍ ചെയ്തത്. ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകള്‍ നേടിയെങ്കില്‍ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

yuvamorcha v muralidharan praseed das
Advertisment