Advertisment

ഇപ്പോഴും നാം നിശബ്ദത പാലിക്കുകയാണോ

author-image
സത്യം ഡെസ്ക്
Updated On
New Update

ജി.പി. രാമചന്ദ്രന്‍

Advertisment

പതിനെട്ടു കൊല്ലം മുമ്പ് മലപ്പുറം ജില്ലയിലെ എടവണ്ണയിലുള്ള ഒരു സമാന്തര കലാലയത്തില്‍, ഒരു ഏക ദിന ചലച്ചിത്ര മേള സംഘടിപ്പിക്കാന്‍ അവിടത്തെ അദ്ധ്യാപകര്‍ തീരുമാനിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയായ അബ്ദുല്ലക്കുട്ടി, മൂണ്‍സ് ചന്ദ്രന്‍ (അദ്ദേഹം പിന്നീട് മരണപ്പെട്ടു) എന്നിവരൊക്കെയാണ് മുഖ്യ സംഘാടകര്‍. കാരക്കുന്നില്‍ അന്ന് സജീവമായി പ്രവര്‍ത്തനമാരംഭിച്ച (പിന്നീട് മഞ്ചേരിയിലേക്ക് പുനസ്സജ്ജീകരിച്ചു) മൊണ്ടാഷിന്റെ മുഖ്യ പ്രവര്‍ത്തകരായ മമ്മദ് മാഷും മുജീബും സിനിമകള്‍ കാണിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി എത്തി. അതിഥി എന്ന നിലയില്‍ പ്രസംഗിക്കാനും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനുമായി മമ്മദ് മാഷോടൊപ്പം ഞാനായിരുന്നു എത്തേണ്ടിയിരുന്നത്.

മധു ജനാര്‍ദ്ദനനും ഉണ്ടായിരുന്നു എന്നാണോര്‍മ്മ. രാവിലെ ഏതാണ്ട് ഒമ്പതു മണിയോടനുബന്ധിച്ച് എടവണ്ണ ബസ് സ്റ്റാന്റില്‍ ബസ്സിറങ്ങി മുന്നോട്ട് നടന്ന് മേള നടക്കുന്ന പാരലല്‍ കോളേജിലേക്ക് റോഡരുകിലൂടെ നടന്നു. മേളയുടെ വല്ല പോസ്റ്ററോ മറ്റോ ചുമരുകളിലുണ്ടോ എന്നായിരുന്നു ആദ്യം ശ്രദ്ധിച്ചത്. എന്നാല്‍, പതിവിലധികം പോലീസും പിന്നെ കുറെയധികം സംഘികളും ആ വഴിയിലൊക്കെ നില്പുണ്ടായിരുന്നു. എന്തോ പന്തികേട് മണത്തു. വേദിയിലെത്തിയപ്പോള്‍, ഇരുപതില്‍ താഴെ കുട്ടികളും സംഘാടകരായ അധ്യാപകരും മമ്മദ് മാഷുമവിടെ നില്പുണ്ട്.

publive-image

കാര്യങ്ങള്‍ അപ്പോഴാണ് പിടി കിട്ടിയത്. ചാര്‍ലി ചാപ്ലിന്റെ ദ കിഡ്, ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ജലമര്‍മരം, ആനന്ദ് പട് വര്‍ദ്ധന്റെ രാം കേ നാം എന്നീ സിനിമകളാണ് മേളയില്‍ കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അതനുസരിച്ച് സംസാരിക്കാന്‍ തയ്യാറായാണ് ഞാനെത്തിയതും. എന്നാല്‍, രാം കെ നാം കാണിക്കുന്നതിനെതിരെ സംഘപരിവാര്‍ പോലീസിനും കലക്ടര്‍ക്കും മുന്നറിയിപ്പ് നല്‍കിയെന്നും അതനുസരിച്ചാണ് പൊലീസ് അവിടെയെത്തിയതെന്നും മനസ്സിലായി. അതിനും പുറമെയാണ് നിരവധി സംഘികളും അവിടെ തമ്പടിച്ചിരുന്നത്.

ഒരു മദ്രസ്സ കെട്ടിടത്തിനോട് ചേര്‍ന്നായിരുന്നു പാരലല്‍ കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ് കിട്ടിയ സ്ഥിതിക്ക്, രാം കേ നാം കാണിക്കുന്നില്ലെന്ന് സംഘാടകര്‍ തീരുമാനിച്ചു. എനിക്കും മമ്മദ് മാഷിനും അതില്‍ അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍, സംഘാടകരായ സുഹൃത്തുക്കളുടെ നിസ്സഹായത ബോധ്യപ്പെട്ടതിനാല്‍ അവരോട് സഹകരിച്ച് പരിപാടി അവസാനിപ്പിച്ച് പോരാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരനുഭവം മുമ്പ് ഞങ്ങള്‍ക്കുണ്ടായിട്ടുമില്ല.

എന്നാല്‍, ഞെട്ടിക്കുന്ന അനുഭവം അതല്ലായിരുന്നു.

ജലമര്‍മരം എന്ന സിനിമ യില്‍, അതിലെ മുഖ്യ കഥാപാത്ര (വി സി ഹാരിസ് മാഷാണ് അഭിനയിച്ചത്) ത്തിന്റെ മയ്യത്ത് പള്ളി ഖബര്‍സ്ഥാനിലേക്ക് കൊണ്ടു പോവുന്ന ദൃശ്യം വന്നു. അപ്പോള്‍, സിനിമയുടെ പശ്ചാത്തല ശബ്ദം ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലുള്ള എന്നാണല്ലോ. ഇതു കേട്ടതും പുറത്ത് തമ്പടിച്ചിരുന്ന സംഘികള്‍ ഹാളിനകത്തേക്ക് ഇരച്ചു കയറി. എടവണ്ണ പോലെ, മുസ്ലിം ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് ലാ ഇലാഹ ഇല്ലള്ളാ മുഹമ്മദു റസൂലുള്ള എന്നു മുഴങ്ങുമ്പോള്‍ കുറച്ചാളുകള്‍ക്ക് (അവര്‍ അവിടത്തുകാരായിരുന്നില്ല എന്നതും സംഘികളായിരുന്നു എന്നതും മറ്റൊരു കാര്യം) അസ്വസ്ഥതയും അമ്പരപ്പും ഉണ്ടായി എന്നതിലെ അസ്വാഭാവികതയെക്കുറിച്ചായിരുന്നു അപ്പോള്‍ ആലോചന വന്നത്.

പിന്നീട്, രാം കെ നാമിന്റെ പരസ്യപ്രദര്‍ശനം എടവണ്ണയിലെയും മലപ്പുറത്തെയും ജനാധിപത്യപ്രസ്ഥാനം ഏറ്റെടുത്തു. കെ ഇ എന്നിന്റെ പ്രഭാഷണം, എടവണ്ണ ബസ് സ്റ്റാന്റില്‍ രാം കെ നാം പ്രദര്‍ശനം അങ്ങിനെയായിരുന്നു പരിപാടി.

അതിന്റെ തലേന്ന് ജില്ലാ കലക്ടര്‍ രാം കേ നാം പതിനഞ്ചു ദിവസത്തേക്ക് മലപ്പുറം ജില്ലയില്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ഇന്ത്യന്‍ രാഷ്ട്ര പതിയുടെ ദേശീയ പുരസ്‌കാരം ലഭിച്ചതും ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചതുമായ ഡോക്കുമെന്ററിയാണ് ജില്ലാ കലക്ടര്‍ നിരോധിക്കുന്നത്. പിന്നീട് പതിനഞ്ചു ദിവസത്തേക്കു കൂടി നിരോധനം നീട്ടി.

കേരളത്തിലെയും ഇന്ത്യയിലെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഈ നിരോധനത്തിനെതിരെ രംഗത്തു വന്നു. പ്രധാന രാഷ്ട്രീയ കക്ഷികളടക്കം സാംസ്‌ക്കാരിക മുന്നണിയുടെ സമരത്തിന് പിന്തുണ നല്കി. ഒരു പകല്‍ മുഴുവന്‍ നീണ്ടു നില്ക്കുന്ന പ്രതിഷേധ പരിപാടി മലപ്പുറം കെ എസ് ആര്‍ടി സി ബസ്സ്റ്റാന്റിനു മുന്‍വശം നടത്തിയത് ആവേശകരമായിരുന്നു. പ്രധാന സാംസ്‌ക്കാരിക നേതാക്കളും കലാകാരന്മാരും അവിടെയെത്തി ഐക്യ ദാര്‍ഢ്യം അറിയിച്ചു. രാമചന്ദ്രന്‍ മൊകേരിയുടെ തെണ്ടിക്കൂത്ത് തെരുവില്‍ അവതരിപ്പിച്ചു. ഗുജറാത്ത് വംശഹത്യയുടെ തൊട്ടു പുറകെയായിരുന്നു ആ സംഭവങ്ങള്‍.

കേരളത്തിലെ മുഖ്യധാരാ സമൂഹം പക്ഷെ, ആ സമരത്തോട് വലിയ അനുഭാവമൊന്നും പ്രകടിപ്പിച്ചില്ല. സൈബര്‍ ലോകം അന്നുണര്‍ന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ, തൂവാനത്തുമ്പികളും സന്ദേശവും ധ്രുവവും ദേവാസുരവും ആറാം തമ്പുരാനും ഉസ്താദും നരസിംഹവും ഇറങ്ങി സൂപ്പര്‍ ഹിറ്റുകളായി മാറിയിരുന്നു. ഇടതുപക്ഷത്തെയോ ജനാധിപത്യ ശക്തികളെയോ പരോക്ഷമായി പോലും ന്യായീകരിക്കുന്ന ഒരു സിനിമയും തൊണ്ണൂറുകള്‍ക്കു ശേഷം ഈ നൂറ്റാണ്ടിന്റെ ഒന്നാം ദശകം കഴിയുന്നതു വരെക്കും മുഖ്യധാരാ മലയാള സിനിമ ഇറക്കിയിട്ടില്ല. വലതുപക്ഷ തീവ്ര ഹിന്ദുത്വത്തെയും അതിന്റെ ഭീകര-ഫാസിസ്റ്റ് യുക്തികളെയും കൊണ്ടാടുന്ന ഈ സിനിമാ രഥയാത്രക്കെതിരെ ഏതാനും നിരൂപകരൊഴിച്ച് ആരും സംസാരിച്ചില്ല. ഇവയെ തുറന്നെതിര്‍ത്ത നിരൂപകരാവട്ടെ, ഒറ്റപ്പെടുത്തപ്പെടുകയും ചെയ്തു.

എന്നാല്‍, ആ നിരൂപകര്‍ അന്ന് സ്വീകരിച്ച വിമര്‍ശന ടൂളുകള്‍ സംഘപരിവാരം അവരുടെ ലോക്കറില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. അങ്കമാലി ഡയറീസിനെ പരിഹസിച്ചു കൊണ്ട് മുന്‍ കമ്യൂണിസ്റ്റെന്നും ഞെളിയുന്ന ഒരു സംഘി എഴുതിയ പ്രതിനിധാന നാട്യമുള്ളതും വൈറലായിത്തീര്‍ന്നതുമായ കുറിപ്പ് ഈ ചരിത്ര പശ്ചാത്തലത്തിലാണ് രൂപപ്പെട്ടത്. കിണ്ടിയും കോളാമ്പിയും തുളസിത്തറയും തുറന്നുകാട്ടപ്പെട്ടതു പോലെ, കുരിശും പള്ളിയും എന്തുകൊണ്ട് വിമര്‍ശിക്കപ്പെട്ടില്ല എന്ന ചോദ്യമാണ് ഈ വിഭാഗം ഉയര്‍ത്തിയത്.

മാറിയ മലയാള സിനിമയെ ക്രൂരമായും നിശിതമായും കടന്നാക്രമിക്കാനാണ് ഫാസിസ്റ്റുകള്‍ തയ്യാറെടുത്തത് എന്നതിന്റെ തെളിവായിരുന്നു അത്. ഒപ്പം, കാര്‍ഗിലില്‍ മഞ്ഞു പെറുക്കുമ്പോള്‍ ഫയര്‍ സൈഡില്‍ വിസ്‌ക്കി നുണയുന്നവര്‍ എന്ന് കനയ്യകുമാര്‍ അടക്കമുള്ളവര്‍ സൂപ്പര്‍ താരത്തമ്പുരാക്കന്മാരാല്‍ അധിക്ഷേപിക്കപ്പെട്ടു. നേരം ഇരുട്ടി വെളുത്തു, ഇതാ വീണ്ടും ഇരുട്ടി. ഇതുവരെയും അവരുടെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. (വരുമായിരിക്കും. അവരുടേതു കൂടിയാണല്ലോ മലയാള സിനിമ!)

ഇപ്പോഴുണ്ടായ ഈ പള്ളി തകര്‍ക്കല്‍, അങ്ങിനെ ഏതോ കുപ്രഭാതത്തില്‍ വെറുതെയങ്ങു സംഭവിച്ചതല്ല സുഹൃത്തുക്കളെ.

അതിനായുള്ള വൈറസ് ഒരു നൂറ്റാണ്ടായി തയ്യാര്‍ ചെയ്യപ്പെട്ട് വ്യാപിപ്പിച്ചിട്ടുള്ളതാണ്. ഇടയ്ക്ക്, ആ വ്യാപനത്തിന് മലയാള സിനിമയും കൂട്ടു നില്ക്കുകയുണ്ടായി. മാര്‍ക്കറ്റ് ഇടിഞ്ഞതു കൊണ്ടു കൂടിയാകണം, അത്തരം സിനിമകള്‍ക്ക് തല്ക്കാലം ഇടവേള കൊടുത്തിട്ടുണ്ട്. അത്രയും ആശ്വാസം. നോക്കുക. കാലടിയിലെ മാരകമായ ഫാസിസ്റ്റാക്രമണത്തെ കൃത്യമായി തുറന്നു വിമര്‍ശിക്കുന്നതിനു പകരം, തങ്ങളുടെ കുപ്പായത്തിലിപ്പോഴുമുള്ള കറ കൊണ്ടായിരിക്കണം പല പ്രമുഖരും എവിടെയും തൊടാതെ അപലപിച്ചത്.

സിനിമാശാലകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരായി നടന്ന കടന്നാക്രമണം ഓര്‍ക്കുക. അദ്ദേഹത്തിന്റെ വീട്ടുപടിവാതില്ക്കല്‍ വരെ അക്രമികളെത്തിച്ചേര്‍ന്നു. അപ്പോഴും ചിലര്‍ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്.

ഈ നീണ്ട കുറിപ്പ് അവസാനിപ്പിക്കട്ടെ. കേരളത്തിലെ ജനാധിപത്യ വാദികള്‍ക്ക് വംശനാശം വന്നിട്ടില്ല. അവര്‍, ധ്രുവവും നരസിംഹവും എല്ലാം കണ്ടു വളര്‍ന്നവര്‍ തന്നെയായിരിക്കും. പക്ഷെ, ഫാസിസ്റ്റുകള്‍ക്കെതിരെ സിനിമാ രംഗത്തു മാത്രമല്ല, സാംസ്‌ക്കാരിക മേഖല അടക്കം ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും രൂപപ്പെടുന്ന ഐക്യമുന്നണിയില്‍ അവര്‍ അണി ചേരുക തന്നെ ചെയ്യും.

Advertisment