“അസ്തമിച്ച പ്രവാസം “

ഗള്‍ഫ് ഡസ്ക്
Friday, January 17, 2020

നാട്ടിൽ നിന്നും പ്രവാസികളാകാൻ ഒന്നിനുപുറകെ ഒന്നായി ഓരോരുത്തരുടെയും ഒത്താശയോടെ ഒരു പാട് സ്വപ്നങ്ങളോടെ വന്നുകയറുമ്പോൾ ,ഒരിക്കൽപോലും പിന്നീടുള്ള യാത്രകൾ എങ്ങിനെയായിരിക്കും എന്നാലോചിട്ടുള്ള വരവായിരിക്കില്ല ഒരു പരിധിവരെ ഓരോ സന്ദര്ശകന്റെയും പ്രവാസത്തിലേക്കുള്ള കാൽവയ്പ്.


വീട്ടിലെ പ്രാരാബ്ധങ്ങളും നിലവിലുള്ള ബാധ്യതകളും ഏറ്റെടുത്ത് എന്നെങ്കിലും അതെല്ലാം വീട്ടി സ്വസ്ഥമായി നാട്ടിൽ തിരിച്ചെത്തണം എന്നത് തന്നെ ആണ് പ്രവാസത്തിൽ കാലുകുത്തുന്ന സാധാരണക്കാരനായ ഓരോ പ്രവാസിയുടെയും മനസ്സിൽ ഉണ്ടാവുക .

വളരെ അപൂർവ്വം പേര് റിസ്കുകൾ എടുത്ത് നല്ല ജോലികൾ കണ്ടെത്തി മുന്നോട്ടു പോയി ബാധ്യതകൾ പെട്ടെന്ന് തീർത്ത് പിന്നീട് നാട്ടിൽ ചെന്ന് ചേരാതെ പ്രവാസത്തിലെ പല നല്ല സ്ഥാപനങ്ങളിൽ വലിയ ജോലിയിലും , കുറച്ച് പേര് സ്വന്തമായി കൊച്ചു സ്ഥാപനങ്ങളായും അധികം പേരും കിട്ടിയ ചെറിയ ജോലിയിൽ പ്രതീക്ഷയോടെ പിടിച്ച് നിന്ന് അതെ സ്ഥാപനത്തിൽ പല ബന്ധങ്ങൾ ഉപയോഗിച്ച് ഒരു പദവിയിൽ എത്തിച്ചേരുകയും ചെയ്യുന്നു . ചിലരാകട്ടെ വന്നു കേറിയപ്പോൾ ഏതു ജോലിയാണോ തിരിച്ചു പോകുമ്പോഴും അതെ ജോലിയോടെ തന്നെ പ്രവാസം അവസാനിപ്പിച്ച് തിരിച്ചു പോകുന്നു …..

പ്രവാസത്തിലെ ഒൻപത് വർഷത്തെ ജീവിതം കണ്ണിൽ കാണിച്ച ചില കാഴ്ചപ്പാടുകൾ വിവരിച്ചപ്പോൾ അതിന്റിടയിൽ പ്രതീക്ഷ തെറ്റി തിരിച്ചു നാട്ടിൽ തിരിച്ചുചെല്ലേണ്ടി വരുന്ന ചിലരിൽ ഒരാളുടെ വേദന നിറഞ്ഞ അനുഭവം അതിൽ ഒരു കാരണക്കാരനായി മാറേണ്ടിവന്ന കുണ്ഠിതം …..

ഒരു വര്ഷം മുന്നേ ആരുടെയോ കയ്യിൽ നിന്ന് എന്റെ വാട്സപ്പ് നമ്പർ വാങ്ങിച്ച് എന്തെങ്കിലും വിസയുണ്ടോ അവിടെ ? എന്ന് സന്ദേശ അയച്ച ആ ജൂനിയറിനെ ഓർക്കുകയാണ് . രാവിലെ എണീറ്റപ്പോൾ കണ്ട സന്ദേശം . ശ്രദ്ധിക്കാതെ വിട്ടപ്പോൾ പിറ്റേ ദിവസവും അതേപോലെ പുള്ളിയുടെ പേരും നാടും പറഞ്ഞു വീണ്ടും സന്ദേശം വന്നു . അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് സന്ദേശം തിരിച്ചയച്ചു . നന്നായി ആലോചിച്ചു തീരുമാനം പറയൂ . ജോലി നോക്കാം, പക്ഷെ കിട്ടിയ ജോലിയിൽ പിടിച്ച് നിൽക്കണം . പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുത് . നമുക്കൊന്നും അത്ര വലിയ പിടിപാടുകളൊന്നുമില്ലാത്തതിനാൽ എന്തെങ്കിലും പുലിവാലുകളുണ്ടായാൽ എല്ലാം ഈ ഏട്ടന്റെ കുറ്റമാകും . കുറെ പറഞ്ഞു പിന്തിരിപ്പിച്ചും വിടാൻ ഭാവമില്ല .സന്ദേശങ്ങൾ പലരീതിയിൽ അയച്ച് കൊണ്ടിരുന്നു . അവസാനം എന്റെ ആപത്ഭാണ്ടവനെ വിളിച്ചു കാര്യം പറഞ്ഞു . നീ കാര്യങ്ങളൊക്കെ പറഞ്ഞില്ലേ ?എന്ന ചോദ്യം . എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് ഞാനും . അവന്റെ വാട്സപ്പ് നമ്പർ ആ ജൂനിയർ കുട്ടിക്ക് അയച്ച് കൊടുത്തു . എനിക്കും അവനും മാറി മാറി സന്ദേശങ്ങൾ വന്നുകൊണ്ടേയിരുന്നു . സാധാരണ ഒരു മാസത്തിനുള്ളിൽ വിസ ശരിയാവുന്നത് ഇവന്റെ കാര്യത്തിൽ മാസങ്ങൾ എടുത്തു . അവനും പിന്നെ ഞങ്ങൾക്കും ടെൻഷനും ആയി . അവസാനം മാസങ്ങൾക്കു ശേഷം വിസ ശരിയായ വിവരം അറിയിച്ചപ്പോൾ വാട്സാപ്പിൽ സ്നേഹത്തിനെറ്റും നന്ദിയുടെയും സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞു . …….
ഒരു കുറവുമില്ലാതെ എന്റെ അപത്ഭാണ്ടവൻ ആ ജൂനിയറിനെ പൊന്നുപോലെ നോക്കി . ഇടയ്ക്കിടയ്ക്ക് ഹരിയേട്ടാ എനിക്ക് കുഴപ്പമില്ലാട്ടോ . എന്നുള്ള വിളിയും ആയി സന്തോഷത്തോടെ പോകുമ്പോൾ പെട്ടന്നായിരുന്നു അത് സംഭവിച്ചത് .

രാത്രി അവനും ഡ്രൈവറും മാത്രം സഞ്ചരിച്ചിരുന്ന ടാങ്കർ ലോറി അപകടത്തിൽ പെടുകയും അതിൽ എന്റെ ജൂനിയറിനുമാത്രം അപകടത്തിൽ കാര്യമായി പരിക്കുപറ്റുകയും ചെയ്തു . തുടർന്ന് എല്ലാ തരത്തിലുള്ള ചികിത്സയ്ക്കും വിധേയമാക്കി ജോലി ചെയ്യുന്ന സ്ഥാപനം വളരെയധികം ശ്രദ്ധിച്ചെങ്കിലും അവസാനം അവനെ നാട്ടിലേക്ക് എത്തിക്കേണ്ടി വന്നു .
പ്രതീക്ഷകളോടെ ഓരോ പ്രവാസികളും മണലാരണ്യത്തിൽ ജീവിതം പിന്നിടുമ്പോൾ എന്നെങ്കിലും ഒരിക്കൽ അസ്തമയം കാണാൻ അവനെ പോലെ ഞാനും വിധിക്കപ്പെട്ടേക്കാം എന്നോർമ്മയിൽ എന്റെ പ്രവാസ ദിനങ്ങൾ എണ്ണി മുന്നോട്ടു പോവുകയാണ് . …….
ഹരിഹരൻ പങ്ങാരപ്പിള്ളി

×