Advertisment

തണുത്ത പ്രഭാതത്തിലെ തീപൊള്ളുന്ന ഓർമ്മകൾ

author-image
ജോയ് ഡാനിയേല്‍, ദുബായ്
Updated On
New Update

മഞ്ഞ് പ്രകൃതിയെ ഗാഢമായി ആലിംഗനം ചെയ്ത ഒരു പ്രഭാതത്തിൽ മനസ്സിനെയും ശരീരത്തെയും തീക്കനലിലേക്ക് കോരിയിട്ട സംഭവമായിരുന്നു അത്. മണലാരണ്യ വഴികളിൽ ശൈത്യം പൊതിയുമ്പോൾ ഭീതിയുടെ ഓർമ്മപ്പെടുത്തലുകൾ സമ്മാനിക്കുന്ന മറക്കാനാകാത്ത ഒരപകടം.

Advertisment

കണ്മുന്നിൽനിന്നും മരണം അകന്നുമാറിപോകുന്നത് കണ്ട ആ പ്രഭാതം 2008 ജനുവരിയിൽ ആയിരുന്നു.

publive-image

ഷാർജ അൽ-യാർമുക്കിൽനിന്നും ദുബായ് ജുമൈറ ഗോൾഫ് എസ്റേറ്റിലുള്ള പ്രോജക്ടിലേക്ക് യാത്രയാവാൻ അതിരാവിലെ നാലുമണിക്ക് എണീക്കും. അഞ്ചുമണിയോടെ ഫ്‌ളാറ്റിൽനിന്നും ഇറങ്ങിയാൽ മാത്രമേ ട്രാഫിക് ബ്ലോക്ക് എന്ന ഭൂതത്തിന്റെ നിഴലും ദൃംഷ്ടകളും ഏൽക്കാതെ ഷാർജ കടക്കാൻ പറ്റൂ. ഇതാണ് ശനിമുതൽ വ്യാഴം വരെയുള്ള രാവിലത്തെ ശീലം.

ജനുവരിയിലെ കുളിരിൽ പതിവുപോലെ അതിരാവിലെ എണീറ്റ് ഞാനും കസിനും ജോലിസ്ഥലത്തേക്ക് യാത്രയിലാണ്. തണുപ്പ്കാരണം ഇട്ടിരിക്കുന്ന ജാക്കറ്റിന് കനം പോരാ എന്നും, കാറിനുള്ളിൽ കൂടുതൽ ചൂട് വേണമെന്നും തോന്നിയ നിമിഷം. കസിൻ പുതുതായി വാങ്ങിയ ടയോട്ട കൊറോള കാറിൻറെ ആദ്യ യാത്രയുമാണിത്. മുന്നിലുള്ള ഗ്ളാസ്സിൽ മഞ്ഞുകണങ്ങൾ പാടതീർത്ത് കാഴ്ചയെ വികലമാക്കുന്നതിനാൽ വേഗത വളരെകുറച്ചാണ് വണ്ടിയോടിക്കുന്നത്.

കാർ ഷാർജ എയർപോർട്ടിന്റെ വിശാലമായ റോഡിലേക്ക് എത്തി.

"അത് നോക്കൂ.."

കസിൻ സെൻട്രൽ ഗ്ലാസ്സിലൂടെ ഞങ്ങളുടെ പുറകിൽ അതിശീഘ്രവും പാഞ്ഞുവരുന്ന ഒരു ബൈക്കിനെ ചൂണ്ടിക്കാണിച്ചപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്. ഞാനൊന്ന് പുറകോട്ട് തിരിഞ്ഞു നോക്കി. ക്രമമായി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് നിയമങ്ങൾ ഒന്നും തനിക്ക് ബാധകമേയല്ല എന്ന മട്ടിൽ പാഞ്ഞുവരികയാണ് ആ ബൈക്ക് യാത്രക്കാരൻ. യൂ.എ.ഇ. നിരത്തുകളിൽ അത്യാവശ്യമില്ലാതെ ആരും റോഡിൽ ഹോണടിക്കാറില്ല. അതിനാൽ തന്നെ, അനവസരത്തിൽ ഹോണടിച്ച് ചീറിപാഞ്ഞുവരുന്ന ആ വിരുതനെ ഞാൻ കൗതുകത്തോടെയാണ് നോക്കിയത്. സ്‌പോർട് ബൈക്കുപോലെ ഒരെണ്ണം. ഒരു ബൈക്കുകാരൻറെ എല്ലാം അലങ്കാരവും അയാളുടെ ശരീരത്തുണ്ട്. ഹെൽമറ്റ്, ജാക്കറ്റ്, കൈകളിൽ ഗ്ലൗസ്. അതിവേഗം വന്ന് ഞങ്ങളെയും ഓവർടേക് ചെയ്ത് മിന്നായം പോലെ പോകുന്ന ചെറുപ്പക്കാരനെ നോക്കി നെഞ്ചിടിപ്പോടെ നെടുവീർപ്പിട്ട് ഞാനിരുന്നു.

ഇനി എയർപോർട്ട് റോഡിൽനിന്നും വലത്തോട്ടാണ് ഞങ്ങൾക്ക് തിരിഞ്ഞ് പോകേണ്ടത്. ആ തിരിവിന് തൊട്ടുമുൻപാണ് ബൈക്ക് യാത്രക്കാരൻ ഞങ്ങളെ ഓവർടേക്ക് ചെയ്‌ത്‌ പോയത്. തൊട്ടടുത്ത നിമിഷം കണ്മുന്നിൽ കണ്ട ഭീതിജനകമായ കാഴ്ച്ച കണ്ണുകളിലേക്ക് ഇരുട്ട് വ്യാപിപ്പിക്കാൻ പോന്നതായിരുന്നു.

ഞങ്ങളെ ഓവർടേക്ക് ചെയ്‌ത്‌ നേരെ എയർപോർട്ട് റോഡിലൂടെ പാഞ്ഞുപോയ ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് മനസ്സ് മാറിയപോലെ ഞങ്ങൾക്ക് പോകേണ്ട വലതുവശത്തേക്ക് ബൈക്ക് വെട്ടിച്ച് ഗതിതിരിച്ചു. മഞ്ഞുവീണ വഴിയിൽ ഒരുനിമിഷം നിയന്ത്രണം വിട്ട് യാത്രക്കാരനും ബൈക്കും മുന്നോട്ട് തെറിച്ചുവീണു. തൊട്ടുമുന്നിൽ പാതയോരത്ത് സ്ഥാപിച്ചിരുന്ന ട്രാഫിക് സൈൻബോർഡിന്റെ തൂണിൽ തട്ടിയാണ് ബൈക്ക് ശക്തമായി തെറിച്ചുപോയത്.

പിന്നീട് കണ്ടത് സർക്കസിലെ സൈക്കിൾ അഭ്യാസികൾ ചെയ്യുന്നപോലെ ഒരു ദൃശ്യമാണ്. അന്തരീക്ഷത്തിലേക്ക് തൂണിൽ തട്ടി നിയന്ത്രണം വിട്ട് തെറിച്ച് പോകുന്ന ബൈക്ക്. ബൈക്കിൽ നിന്നും എതിർവശത്തേക്ക് തെറിച്ച് വീഴുന്ന യാത്രക്കാരൻ. അതിശീഘ്രം വാഹനങ്ങൾ പായുന്ന എയർപോർട്ട് റോഡിൽ ആ വീഴ്ച്ച വീണിരുന്നെങ്കിൽ ബൈക്കും യാത്രക്കാരനും കണ്ണടച്ച് തുറക്കുംമുമ്പ് നാമാവശേഷമായിത്തീർന്നേനെ എന്ന് പേടിയോടെ ഓർത്താണ് ഞാൻ ആ കാഴ്‌ച കണ്ടത്. റോഡരികിലുള്ള ചെറുപുൽത്തകിടിയിലേക്കാണ് ബൈക്കും യാത്രക്കാരനും ഇടിച്ച് തെറിച്ച് വീണത്.

ഒരൊറ്റ നിമിഷം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. സ്പീഡിൽ ഓവർടേക്ക് ചെയ്‌ത്‌ പോകുന്ന ബൈക്ക്. പെട്ടെന്ന് ഗതിതിരിച്ച് വലതുവശത്തേക്ക് തിരിയുന്നു, നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുന്നു, വേഗതയുടെ ശക്തി കാരണം യാത്രക്കാരനും ബൈക്കും വിവിധ ദിശകളിലേക്ക് തെറിച്ച് വീഴുന്നു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പോലെ ഒരു ദൃശ്യം.

ഞങ്ങൾ പെട്ടെന്ന് വലതുവശത്ത് കാർ തിരിച്ച് ഒതുക്കിനിർത്തി തമ്മിൽ തമ്മിൽ നോക്കി. പിന്നെ വേഗം ചാടിയിറങ്ങി ബൈക്കുയാത്രക്കാരൻ വീണിടത്തേക്ക് ഓടിച്ചെന്നു. ഞങ്ങളുടെ പിന്നാലെ വന്ന ഒന്ന് രണ്ട് വണ്ടികളും അവിടെ നിർത്തി അവരും പുറത്തേക്കിറങ്ങി വന്നു. ചിലർ വണ്ടിയുടെ വേഗത കുറച്ച് പുറത്തേക്ക് നോക്കിയശേഷം യാത്ര തുടർന്നു. ചിലർ ഒന്നുമറിയാത്തപോലെ വന്ന വേഗത്തിൽതന്നെ പോവുകയും ചെയ്‌തു.

റോഡിൻറെ ഓരത്തുള്ള ചെറുപുൽത്തകിടിയിലേക്ക് ഓടിച്ചെന്ന ഞങ്ങൾ കണ്ടത് നടുക്കുന്നതും വേദന ജനിപ്പിക്കുന്നതുമായ കാഴ്ച്ചയാണ്. ട്രാഫിക് സൈൻബോർഡിൽ ഇടിച്ച് മുൻവശം തകർന്ന ബൈക്ക്. കൈകാലുകൾ ഇട്ടടിച്ച് ജീവനുവേണ്ടി പോരാടുന്നപോലെ ബൈക്ക് യാത്രക്കാരൻ. ഞങ്ങൾ അടുത്ത് ചെന്നപ്പോളേക്കും അയാളുടെ ബോധം പകുതിപോയിരുന്നു. തലയിൽനിന്നും ഇടിയുടെയും വീഴ്ച്ചയുടെയും ആഖാതത്തിൽ ഹെൽമറ്റ് തെറിച്ച് പോയി. കഴുത്തിലും കയ്യിലും ചോരപടരാൻ തുടങ്ങുന്നു! അയാൾ ഞരങ്ങുകയും ഞങ്ങളോട് എന്തോ പറയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഒച്ചയുണ്ടാക്കി ഹോണടിച്ച് കുതിച്ചുപാഞ്ഞുവന്ന ബൈക്ക് യാത്രക്കാരനായിരുന്നില്ല അപ്പോൾ അയാൾ. ജീവനുവേണ്ടി യാചിക്കുന്ന ഒരു മനുഷ്യൻ മാത്രം!

കഴുത്ത് ചലിപ്പിക്കാനും, കൈകൾ പൊക്കുവാനും അയാൾ പാടുപെടുകയാണ്. കസിൻ ഉടനെ പൊലീസിലേക്ക് ഫോൺവിളിച്ചു. പോലീസ് ലൊക്കേഷൻ ചോദിച്ചു. ഉടനെ എത്തും എന്ന് ഉറപ്പും നൽകി.

ഓടിക്കൂടിയവർ എല്ലാവരും അയാളുടെ ചുറ്റും കൂടിനിൽക്കുകയാണ്. എന്നാൽ ആരും അയാളെ തൊടാൻ ധൈര്യപ്പെടുന്നില്ല. എന്തുചെയ്യണം എന്നറിയാതെ എല്ലാവരും അന്തിച്ച് നിൽക്കുകയാണ്.

മിനിട്ടുകൾക്കകം പോലീസും അവരുടെ കൂടെ ആംബുലൻസും പാഞ്ഞുവരുന്ന ശബ്ദം കേട്ട് ഞങ്ങൾ മുന്നോട്ട് നോക്കി. എയർപോർട്ട് റോഡിലൂടെ നിമിഷനേരംകൊണ്ട് പോലീസും ആംബുലൻസും ഞങ്ങളുടെ അടുത്തെത്തി.

വന്നപാടെ രണ്ടുപേർ ആംബുലൻസിൽ നിന്നും ചാടിയിറങ്ങി. വീണുകിടക്കുന്ന യാത്രക്കാരന്റെ അടുത്തേക്കവർ സ്രെക്ച്ചറുമായി ഓടുകയായിരുന്നു. അതിൽ ഒരാൾ പകുതി അബോധാവസ്ഥയിൽ കിടക്കുന്ന ബൈക്കുകാരനെ പരിശോധിച്ചു. കൈ കാലുകൾ നേരെ വയ്ക്കാൻ ശ്രമിച്ചു. കയ്യിൽ പിടിച്ചപ്പോൾ അയാൾ ഉറക്കെയുറക്കെ നിലവിളിക്കാൻ തുടങ്ങി. ട്രാഫിക് സൈൻബോർഡിൽ ശക്തമായി ഇടിച്ച് അയാളുടെ വലതുകൈ ഒടിഞ്ഞു തകർന്നുകിടക്കുകയാണെന്ന് എനിക്ക് തോന്നി. വാടിയ തണ്ടുപോലെ കിടക്കുന്ന കൈ നിമിഷനേരം കൊണ്ട് നീരുവന്ന് വീർത്തിരുന്നു. പകുതി അബോധാവസ്ഥയിലും അയാൾ അനുഭവിക്കുന്ന കഠിനവേദന നിലവിളിയായി പുറത്തുവന്നുകൊണ്ടേയിരുന്നു.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. പ്രാഥമിക പരിശോധന കഴിഞ്ഞ് ആംബുലൻസുകാർ പോലീസുമായി സംസാരിച്ചശേഷം സ്ട്രെക്ച്ചറിൽ ബൈക്കയാത്രക്കാരനെ കിടത്തി, ആംബുലൻസിൽ കയറ്റി അതിവേഗം പാഞ്ഞുപോയി.

പോലീസുകാരും പോകാൻ തയാറെടുത്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു. ഫോൺ വിളിച്ച് വിവരം പറഞ്ഞതിന് തോളിൽ തട്ടി അഭിനന്ദിക്കുകയും ഹസ്തദാനം നടത്തി "താങ്ക്‌സ്" പറഞ്ഞശേഷം തിരിച്ച് പോയി.

വേദനയാൽ പുളയുന്ന ആ ബൈക്കുയാത്രക്കാരനെ കയറ്റിപ്പോയ ആംബുലൻസ് നോക്കിനോക്കി ഞങ്ങൾ അൽപനേരം നിന്നു. അപ്പോളും പോലീസ് ഒരു വശത്തേക്ക് നീക്കിയിട്ട മുൻവശം തകർന്ന ആ ബൈക്ക് ഒരപശകുനം പോലെ അവിടെ കിടപ്പുണ്ടായിരുന്നു. ഞാൻ വെറുമൊരു യന്ത്രം. എന്നെ നിയന്ത്രിക്കുന്നത് ഞാനല്ല പിന്നെയോ എന്നെ ഓടിക്കുന്നവൻ മാത്രമാണ് എന്ന് ആ ഇരുചക്രവാഹനം ഉറക്കെയുറക്കെ വിളിച്ചുപറയുന്നപോലെ എനിക്കപ്പോൾ തോന്നി.

അവിടെ അങ്ങനെ നിൽക്കുമ്പോൾ ശരീരത്തേക്ക് അരിച്ചിറങ്ങുന്ന തണുപ്പ് ഞങ്ങൾ അറിഞ്ഞില്ല. ജലം സ്പ്രേ ചെയ്യുന്നതുപോലെ മഞ്ഞുകണങ്ങൾ മുഖത്തും കരങ്ങളിലും വന്നുവീഴുന്നത് മനസ്സിലായതുമില്ല. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പും തീക്കനൽ മനസ്സിൻറെ നെരിപ്പോടിലേക്ക് കോരിയിട്ടതും ശൈത്യം പാടെ എന്നിൽനിന്നും അകറ്റിനിർത്തി.

കൂടിനിന്നവർ എല്ലാം പിരിഞ്ഞുപോയിരിക്കുന്നു. ഞങ്ങളും തിരികെ നടന്നു.

എഞ്ചിൻ ജീവൻ വച്ച് ആക്സിലറേറ്ററിൻറെ ആജ്ഞക്കനുസരിച്ച് ഞങ്ങളുടെ ടയോട്ട കൊറോള മുന്നോട്ട് ദുബായ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഒരിക്കലും മാഞ്ഞുപോകാത്ത വേദനയുടെയും ഭീതിയുടെയും ഓർമ്മചിത്രങ്ങൾ മനസ്സിൻറെ നെടുനീളൻ ഭിത്തിയിൽ തൂക്കപ്പെടുകയായിരുന്നു. ആ ചിത്രങ്ങൾ പറയുന്നത് പരിസരവും, നിയമങ്ങളും കാറ്റിൽപറത്തി തൽക്കാല സന്തോഷത്തിനോ, മറ്റുള്ളവരെ തോൽപിച്ചു എന്ന സംതൃപ്‌തിക്കോ വേണ്ടി പായുന്നവരുടെ വിധിയാണ്. മറ്റുള്ളവരുടെ മുന്നിൽ കേമനാവാൻ ധൃതിപിടിച്ചോടുന്നവർ അറിയുന്നില്ല തൻറെ വീടിൻറെ നാലുചുമരുകൾക്കുള്ളിൽ കുറെ മനസ്സുകളും ശരീരങ്ങളും അവനെ കാത്തിരിക്കുന്നു എന്ന സത്യം.

മുന്നിൽ കണ്ടത് സത്യം. ഒപ്പം ആപത്തിൻറെ സൈറൺ മുഴങ്ങുമ്പോൾ അടിയന്തിരമായി സഹായഹസ്‌തവുമായി ഓടിയെത്തുന്ന അധികൃതരുടെ കരുതൽ. അവർ ഒരപകടത്തെ കൈകാര്യം ചെയുന്ന രീതി എത്ര ലളിതമാണ്. അവർക്ക് പ്രധാനം ആപത്തിൽ പെട്ടുകിടക്കുന്നവരാണ്. കൂടുതൽ ചോദ്യമില്ല, ഉത്തരവും വേണ്ട. ആ സംഭവത്തിനുശേഷം ഒരു തവണ മാത്രം ഫോണിൽ വിളിച്ച് പോലീസ് വിവരങ്ങൾ ചോദിച്ചു, അത്രമാത്രം. വിളിക്കുമ്പോൾ ഒന്നല്ല ഒത്തിരിവട്ടം ഈ ആപത്ത് വിളിച്ചറിയിച്ചതിന് നന്ദിയും അറിയിച്ചു.

മറക്കാനാകാത്ത ഒരുപാട് ഓർമ്മപ്പെടുത്തലുകൾ ആണിത്. നാം നിയന്ത്രിക്കുന്ന കേവലം ഒരു യന്ത്രം നമ്മുടെ ജീവിതം നിയന്ത്രിക്കുകയോ ആപത്തിൽപെടുത്തുകയോ ചെയ്യാൻ നാം അനുവദിച്ചുകൂടാ എന്ന ഓർമ്മപ്പെടുത്തലുകൾ.

Advertisment