ബോസ്റ്റണിൽ ഓണ്‍‌ലൈനില്‍ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രൊഫസര്‍ക്കെതിരെ കേസ്

New Update

ബോസ്റ്റണ്‍: 'ഷുഗര്‍ ഡാഡി' വെബ്സൈറ്റിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതിന് മസാച്യുസെറ്റ്സ് കോളേജ് പ്രൊഫസര്‍ക്കെതിരെ കേസെടുത്തു.

Advertisment

2019 ഒക്ടോബര്‍ 20 ന് കോളേജ് കാമ്പസ് ഓഫീസില്‍ നടന്ന ആക്രമണത്തില്‍ ബ്രിഡ്ജ് വാട്ടര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്മ്യൂണിക്കേഷന്‍ പ്രൊഫസറായ നിക്കോളാസ് ആര്‍. പിരെല്ലി (36) യ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

publive-image

പ്രൊഫസര്‍ ബലാത്സംഗം ചെയ്ത വിദ്യാര്‍ത്ഥിനി ബ്രിഡ്ജ് വാട്ടര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലല്ല പഠിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വിദ്യാര്‍ത്ഥിനി തയ്യാറാക്കിയ പ്രബന്ധത്തില്‍ സഹായിക്കാമെന്നും, താന്‍ വിചാരിച്ചാല്‍ കാമ്പസില്‍ എളുപ്പത്തില്‍ ജോലി ലഭിക്കുമെന്നും വിദ്യാര്‍ത്ഥിനിയെ ധരിപ്പിച്ച് പ്രൊഫസറുടെ ഓഫീസിലേക്ക് ആകര്‍ഷിക്കുകയുമായിരുന്നു എന്ന് ബ്രിഡ്ജ് വാട്ടര്‍ സ്റ്റേറ്റ് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

'താന്‍ എത്തിയപ്പോള്‍ പിരേലി ഓഫീസിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയെന്നും, 30 മിനിറ്റോളം പ്രബന്ധത്തെക്കുറിച്ച് സംസാരിച്ചെന്നും, പെട്ടെന്ന് തന്നെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

പിരേലിയെ തന്നോട് അടുക്കുന്നതില്‍ നിന്നും വിലക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ ബലമായി കീഴ്പ്പെടുത്തിയെന്നും, വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി പത്തു മിനിറ്റോളം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി കണ്ണീരോടെ പോലീസിനോട് പറഞ്ഞു.

ആക്രമണം കഴിഞ്ഞ് വസ്ത്രങ്ങള്‍ നേരെയാക്കി പിരേലി 'ഗുഡ് നൈറ്റ്' പറഞ്ഞ് പുറത്തേക്ക് പോയെന്നും, ഭയവിഹ്വലയായി താന്‍ അവിടെ നിന്ന് രക്ഷപ്പെട്ടെന്നും യുവതി മൊഴി നല്‍കിയതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതി രേഖകള്‍ പ്രകാരം, 'ഷുഗര്‍ ബേബീസിനേയും ഷുഗര്‍ ഡാഡികളേയും' പരസ്പരം ബന്ധിപ്പിക്കുന്ന വെബ്സൈറ്റായ 'സീക്കിംഗ് ഡോട്ട് കോം‌'മിലൂടെയാണ് താന്‍ പിരെലിയെ കണ്ടുമുട്ടിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നുണ്ട്.

പ്രൊഫസറുമായി ഓണ്‍‌ലൈനില്‍ പരിചയപ്പെട്ടതിനുശേഷം ചില ചിത്രങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അവ അയക്കുകയും പിന്നീട് നഗ്ന ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ പ്രേരിപ്പിച്ചു എന്നും, പിന്നീട് തന്റെ ജീവിതം തകര്‍ക്കുമെന്ന് പ്രൊഫസര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥിനി പോലീസിനോട് പറഞ്ഞു.

പ്രൊഫസര്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് യുവതിയും പ്രൊഫസറും തമ്മിലുള്ള ഇലക്ട്രോണിക് റെക്കോര്‍ഡുകളുടെ ഒരു വലിയ ശേഖരം ഡിറ്റക്ടീവുകള്‍ കണ്ടെത്തി.

ബലാത്സംഗ ആരോപണത്തിന് ശേഷം അവര്‍ തമ്മിലുള്ള ചില സന്ദേശങ്ങള്‍ 'ഇരുവരുടേയും ഉഭയ സമ്മത പ്രകാരമാണ്' എല്ലാം സംഭവിച്ചതെന്നും, പ്രൊഫസറുടെ പെരുമാറ്റം യുവതിക്ക് സ്വീകാര്യമാണെന്ന് സൂചിപ്പിക്കുന്നവയായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്നെയുമല്ല, അയാളെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആക്രമണത്തിനു ശേഷം യുവതി പിരേലിയുമായി ആശയവിനിമയം തുടരുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.

എന്നാല്‍ ലൈംഗിക പീഡനത്തിനിരയായതായി ഡിറ്റക്ടീവുകളുമായി നടത്തിയ അഭിമുഖത്തില്‍ യുവതി ആവര്‍ത്തിച്ചു പറയുന്നു.

ബലാത്സംഗം ആരോപിക്കപ്പെടുതിന് മുമ്പ്, ഓണ്‍‌ലൈന്‍ വഴി പിരേലി യുവതിക്ക് 50 ഡോളര്‍ അയച്ചെങ്കിലും ആക്രമണത്തിന് ശേഷം കൂടുതല്‍ പണമോ പഠനത്തിന് മറ്റ് സഹായമോ ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

അതേസമയം, അപമര്യാദയായി താന്‍ യുവതിയെ സ്പര്‍ശിച്ചിട്ടില്ലെന്നും പീഡിപ്പിച്ചിട്ടില്ലെന്നും പ്രൊഫസര്‍ മൊഴി നല്‍കി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ചു.

ഏപ്രില്‍ 30 ന് കോടതിയില്‍ ഹാജരാകേണ്ട പിരേലിയെ ശമ്പളത്തോടുകൂടി അഡ്മിനിസ്ട്രേറ്റീവ് അവധിയില്‍ പ്രവേശിപ്പിച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു.

കരുതലും പിന്തുണയുമുള്ള ഒരു സമൂഹമെന്ന നിലയില്‍ ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഈ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞത് ഞങ്ങളെ വളരെയധികം അസ്വസ്ഥരാക്കുന്നുവെന്ന് ബ്രിഡ്ജ് വാട്ടര്‍ സ്റ്റേറ്റ് പ്രസിഡന്‍റ് ഫ്രെഡറിക് ക്ലാര്‍ക്ക് ജൂനിയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈ വിവരം പോലീസിലറിയിച്ച വിദ്യാര്‍ത്ഥിയോട് എന്‍റെ സഹതാപവും നന്ദിയും അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment