തടവില്‍ കഴിയുന്ന കുടിയേറ്റക്കാരുടെ ഡി‌എന്‍‌എ ശേഖരിക്കാനുള്ള നീക്കത്തിനെതിരെ ഇമിഗ്രേഷന്‍ അഭിഭാഷകര്‍

New Update

വാഷിംഗ്ടണ്‍:  ഫെഡറല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇമിഗ്രേഷന്‍ തടവുകാരില്‍ നിന്ന് ഡിഎന്‍എ ശേഖരിക്കുതിനുള്ള വിവാദ പരിപാടികളുമായി മുന്നോട്ടു പോകാനുള്ള നീതിന്യായ വകുപ്പിന്‍റെ തീരുമാനത്തെ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ അപലപിച്ചു.

Advertisment

അനധികൃതമായി യുഎസിലേക്ക് കടന്ന ശേഷം ഫെഡറല്‍ കസ്റ്റഡിയിലാകുന്ന കുടിയേറ്റക്കാരില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കല്‍ ആരംഭിക്കുതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം‌ലാന്റ് സെക്യൂരിറ്റി) അനുമതി നല്‍കുമെന്ന് വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചിരുന്നു.

publive-image

2020 ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തിലാകുന്ന ഈ നിയമം തിങ്കളാഴ്ച ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചു.

2005 ലെ ഡിഎന്‍എ ഫിംഗര്‍പ്രിന്‍റ് ആക്റ്റ് പൂര്‍ണമായും പാലിക്കാന്‍ ഈ നിയമം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അവകാശപ്പെട്ടു.

അറസ്റ്റിലായ, കുറ്റാരോപണം നേരിടുന്ന, അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികളില്‍ നിന്നോ അല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരായ തടവുകാരില്‍ നിന്നോ ഡിഎന്‍എ സാമ്പിളുകള്‍ എടുക്കേണ്ട നിയമമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പു്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം‌ലാന്റ് സെക്യൂരിറ്റിയെ (ഡി‌എച്ച്‌എസ്) ഡിഎന്‍എ ഫിംഗര്‍ പ്രിന്‍റിംഗ് നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ നിയമം ആ ഇളവ് എടുത്തുകളഞ്ഞു.

കോണ്‍ഗ്രസിലെ ഉഭയകക്ഷി ഭൂരിപക്ഷം പാസാക്കിയ കുടിയേറ്റ നിയമങ്ങളുടെ ദീര്‍ഘകാല വശങ്ങള്‍ നടപ്പാക്കാന്‍ ഫെഡറല്‍ ഏജന്‍സികളെ ഈ നിയമം സഹായിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പങ്കുവെച്ച പ്രസ്താവനയില്‍ ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസന്‍ പറഞ്ഞു.

എന്നാല്‍, അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇതര രാജ്യക്കാരില്‍ നിന്ന് ഡിഎന്‍എ ശേഖരിക്കുന്ന ഒരു 'പൈലറ്റ് പ്രോഗ്രാം' ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും ഹോം‌ലാന്റ് സെക്യൂരിറ്റിയും സം‌യുക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

ഉഭയകക്ഷി ഡിഎന്‍എ ഫിംഗര്‍പ്രിന്‍റ് ആക്ടിന് കീഴില്‍ ഫെഡറല്‍ ഏജന്‍സികള്‍ ശേഖരിക്കുന്ന മറ്റെല്ലാ ഡിഎന്‍എ സാമ്പിളുകളെയും പോലെ, അനധികൃത കുടിയേറ്റക്കാരായ തടവുകാരില്‍ നിന്ന് ഡിഎച്ച്എസ് ശേഖരിക്കുന്ന ഡിഎന്‍എ സാമ്പിളുകളും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍റെ സംയോജിത ഡിഎന്‍എ ഇന്‍ഡെക്സ് സിസ്റ്റത്തില്‍ (കോഡിസ് ) രേഖപ്പെടുത്തുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

ഈ നിയമം നടപ്പാക്കാനുള്ള നീക്കത്തെ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ അപലപിച്ചു. അഭിഭാഷക സംഘടനയായ 'ഫാമിലിസ് ബിലോംഗ് ടുഗെദര്‍' ഈ ശ്രമത്തെ 'സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം' എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഒരിക്കലും സംഭവിക്കാന്‍ അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും (എസിഎല്‍യു) എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ ജനങ്ങളെ നിരീക്ഷണത്തിലാക്കാനുള്ള ഈ അന്യായമായ നടപടി ഭീഷണിപ്പെടുത്തുന്നു.

സ്വാതന്ത്ര്യം, സ്വയം ഭരണാധികാരം, നിരപരാധിത്വം എന്നിവയുടെ അടിസ്ഥാനപരമായ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണ് ഈ നീക്കമെന്ന് എസിഎല്‍യുവിന്‍റെ സ്പീച്ച്, പ്രെെവസി ആന്‍ഡ് ടെക്നോളജി പ്രോജക്റ്റിന്‍റെ സ്റ്റാഫ് അറ്റോര്‍ണി വെരാ ഐഡല്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മനുഷ്യത്വരഹിതമായ ഈ പദ്ധതി പ്രകാരം, ഇതിനകം തന്നെ അവരുടെ ചലനങ്ങള്‍, ആരോഗ്യം അല്ലെങ്കില്‍ ഭാവി എന്നിവയില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത കുടിയേറ്റക്കാര്‍ക്ക് അവരുടെ ജനിതക ബ്ലൂപ്രിന്‍റുകളുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നും ഐഡല്‍മാന്‍ പറഞ്ഞു.

അപകടകരവും ഭീകരവുമായ ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരുടെ ആഹ്വാനം ഭരണകൂടം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment