ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മാര്‍ച്ച് മാസത്തെ സമ്മേളനത്തില്‍ മുഖ്യമായി ജോണ്‍ കുന്തറയുടെ 'മാലിന്യ കേരളം' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധവും, 'ഫീനിക്‌സ് പക്ഷി' എന്നു പേരിട്ട് ബാബു കുരവക്കല്‍ അവതരിപ്പിച്ച ചെറുകഥയുമായിരുന്നു മുഖ്യ ഭാഷാസാഹിത്യ ചര്‍ച്ചാ വിഷയം.
മാര്‍ച്ച് 24-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷതയില്‍ മീറ്റിംഗിന് തുടക്കം കുറിച്ചു. സാഹിത്യസമ്മേളനത്തിന്റെ മോഡറേറ്ററായി എ.സി. ജോര്‍ജ്ജ് പ്രവര്‍ത്തിച്ചു.
/sathyam/media/post_attachments/1KHvOJDER67kZoXZaCzN.jpg)
പിറന്ന നാടായ കേരളത്തിന്റെ ദയനീയവും ശോചനീയവുമായ പല അവസ്ഥകളേയും സവിസ്‌തരം പ്രതിപാദിച്ചുകൊണ്ട് ``മാലിന്യ കേരളം'' എന്ന പ്രബന്ധം ഒരല്‌പം കുറ്റബോധത്തോടെയും ദുഃഖഭാരത്തോടെയും കൂടെയാണ് ജോണ്‍ കുന്തറ അവതരിപ്പിച്ചത്. എത്ര തല്ലിയാലും പറഞ്ഞു കൊടുത്താലും നന്നാകാന്‍ ശ്രമിക്കാത്ത ഒരവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്.
നല്ല വായു, ശുദ്ധജലം, ഇന്നവിടെയില്ല. എങ്ങും കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍, ചപ്പുചവറുകള്‍ മൃഗവിസര്‍ജ്ജ്യങ്ങള്‍, മനുഷ്യ വിസര്‍ജ്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നു. തള്ളുന്നു. പുക പൊടിപടലങ്ങള്‍, നിയമലംഘനങ്ങള്‍, അരക്ഷിതാവസ്ഥ, ഗുണ്ടായിസം, ഹര്‍ത്താല്‍, ബന്ദ്, സ്‌ത്രീ പീഡനങ്ങള്‍, രാഷ്‌ട്രീയ മത സിനിമാ മേധാവികളുടേയും പിമ്പുകളുടേയും തിരുവിളയാടലുകള്‍ എല്ലാം കേരളീയ ജനജീവിതത്തെ വളരെ നെഗറ്റീവായി ബാധിക്കുന്നു. ദുസ്സഹമാക്കുന്നു.
പലവട്ടം എഴുതിയിട്ടുള്ളതാണെങ്കിലും, പറഞ്ഞിട്ടുള്ളതാണെങ്കിലും കേരളീയ ജനജീവിതത്തിന്റെ നാനാതുറയിലുള്ള അഭിവൃത്തിക്കും നവോത്ഥാനത്തിനും ഒരു കൂട്ടായ പ്രവര്‍ത്തനം ഒരു ഇച്ഛാശക്തിയുമാണ് ഓരോരുത്തരിലും വേണ്ടതെന്ന് അദ്ദേഹം പ്രബന്ധത്തില്‍ അടിവരയിട്ടു പറഞ്ഞു.
തുടര്‍ന്ന് ബാബു കുരവക്കല്‍ 'ഫീനിക്‌സ് പക്ഷി' എന്ന പേരിലെഴുതിയ ചെറുകഥ അവതരിപ്പിച്ചു. അമേരിക്ക എന്ന സ്വപ്‌നകുടിയേറ്റ രാജ്യത്തേക്ക് നിയമാനുസൃതമല്ലാതെ ഒളിച്ചു കടന്നുവന്ന ഒരു മെക്‌സിക്കന്‍ കുടുംബത്തിന്റെ ആദ്യകാല കഷ്‌ടപ്പാടുകള്‍ നിറഞ്ഞ ജീവിത ചുറ്റുപാടുകളില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ച്ചയുടേയും സമ്പന്നതയുടേയും പടവുകള്‍ കയറിയ കഥ വളരെ സംഭവ ബഹുലവും ഉദ്യോഗജനകവുമായിരുന്നു.
/sathyam/media/post_attachments/bsqhYDk4t0cB25zN1dHs.jpg)
മെക്‌സിക്കോയില്‍ നിന്ന് വേലിചാടി ഇല്ലീഗലായി അമേരിക്കയിലെത്തി കൃഷിത്തോട്ടങ്ങളില്‍ കുറഞ്ഞ കൂലിയില്‍ പകലന്തിയോളം അദ്ധ്വാനിച്ച 'ബെന്‍ ഗാര്‍സിയ' എന്ന മെക്‌സിക്കന്റെ താഴ്‌ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്കുള്ള കഥ അത്യന്തം ഹൃദയാവര്‍ജകമായി കഥാകൃത്തിവിടെ അവതരിപ്പിക്കുന്നു.
ഇന്ന് ബെന്‍ ഗാര്‍സിയ ഒരു മള്‍ട്ടി മില്യന്‍ കമ്പനിയുടെ ഉടമസ്ഥനും മാനേജിംഗ് ഡയറക്‌ടറുമാണ്. എല്ലാ വൈതരണികളേയും തട്ടിമാറ്റി കഠിനാദ്ധ്വാനത്തിലൂടെ, നേരായ മാര്‍ഗ്ഗത്തിലൂടെ വ്യവസായവും ബിസിനസ്സും ചെയ്‌തു സമ്പാദിക്കുന്നതിനിടയിലുണ്ടായ ജീവിതത്തിന്റെ വിവിധ ആശ നിരാശകളേയും ഘട്ടങ്ങളേയും കഥാകാരന്‍ ഈ ചെറുകഥയില്‍ വരച്ചു കാട്ടിയിട്ടുണ്ട്.
പ്രബന്ധത്തേയും ചെറുകഥയേയും പഠിച്ചും അവലോകനം ചെയ്‌തും ചര്‍ച്ചയില്‍ പങ്കെടുത്ത് ഡോ. സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, റവ. ഡോ. തോമസ് അമ്പലവേലില്‍, എ.സി. ജോര്‍ജ്ജ്, ഡോ. മാത്യു വൈരമണ്‍, ടി.എന്‍. സാമുവല്‍, മേരി കുരവക്കല്‍, കുര്യന്‍ മ്യാലില്‍, ബോബി മാത്യു, ഷാജി പാംസ് ആര്‍ട്ട്, തോമസ് കെ. വര്‍ഗീസ്, ജോസഫ് തച്ചാറ, സുരേന്ദ്രന്‍ കെ. പട്ടേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി ഡോ. മാത്യു വൈരമണ്‍ നന്ദി പ്രസംഗം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us