മയക്കു മരുന്ന് നല്‍കി രണ്ടു പേരെ കാറിനകത്തിട്ടു വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം

പി പി ചെറിയാന്‍
Tuesday, August 13, 2019

ലൂസിയാന:  മയക്കു മരുന്ന് നല്‍കിയ ശേഷം രണ്ടു പേരെ കാറിനകത്തിട്ടു വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി വില്യം ബോട്ടംസിന് (29) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 2017–ല്‍ മുഹമ്മദ് ഹുസൈന്‍ (29) സെഡ്രിക് വില്യംസ് (23) എന്നിവരാണ് ബോട്ടംസിന്റെ തോക്കിനിരയായത്. ഓഗസ്റ്റ് 9നാണ് പ്രതി ഇരട്ട കൊലപാതക കേസില്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്.

ഭയാനകമായ രീതിയില്‍ മുഖത്തു പച്ചകുത്തിയത് ജൂറിയുടെ വിധിയെ സ്വാധീനിച്ചുവോ എന്ന് പ്രതിയുടെ അറ്റോര്‍ണി ഉന്നയിച്ച സംശയം, പ്രൊസിക്യൂഷന്‍ വളരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ചെറുപ്പക്കാരായ രണ്ടു പേരെ നിരവധി തവണ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ക്രൂരതയാണ് ഏറെ പ്രധാനമെന്ന് പ്രൊസിക്യൂഷന്‍ തിരിച്ചടിച്ചു.

യാതൊരു ഭാവ ഭേദവുമില്ലാതെയാണ് പ്രതി വിധി ശ്രവിച്ചത്. നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് വില്യം.

×