പ്ലാനോ (ടെക്സസ്): തിങ്കളാഴ്ച പുലര്‍ച്ചെ പ്ലാനോയിലെ ഹെഡ്‌കോക്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കൗമാരക്കാര്‍ കൊല്ലപ്പെട്ടു.
പുലര്‍ച്ചെ 3: 40 ഓടെ ഹെഡ്‌കോക്സ് റോഡിലായിരുന്നു അപകടം. വാഹനം തീപിടിക്കുന്നതിനു മുന്‍പ് റോഡില്‍ നിന്ന് തെന്നിമാറി രണ്ട് മരങ്ങളിലെങ്കിലും ഇടിച്ചു എന്ന് പോലീസ് പറഞ്ഞു. അഗ്നിശമന സേനയും പോലീസും എത്തുന്നതിനു മുന്‍പ് വാഹനം (2019 ബിഎംഡബ്ല്യു സെഡാന്‍) രണ്ടായി പിളര്‍ന്ന് തീപിടിച്ചു.
വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. 18 കാരനായ യുക്സുവാന്‍ വാംഗ്, വാഹനമോടിച്ചിരുന്ന 16 കാരനായ യുചെന്‍ ജിന്‍, മുന്‍ സീറ്റിലിരുന്നിരുന്ന 18 കാരനായ ജിന്‍ ചെന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നുപേരും പ്ലാനോയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
അന്വേഷണം തുടരുകയാണെങ്കിലും, അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സംഭവസ്ഥലത്തെ അന്വേഷണ സംഘം പറഞ്ഞു.
ഇവരുടെ കുടുംബങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ നിന്ന് കുടിയേറിയവരായിരുന്നു എന്ന് 18 കാരനായ മേസണ്‍ വാംഗ് എന്ന സുഹൃത്ത് പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ പ്ലാനോ സീനിയര്‍ ഹൈസ്കൂള്‍, പ്ലാനോ വെസ്റ്റ് സീനിയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്.
മൂവരുടേയും മരണത്തില്‍ ദുഃഖിക്കുന്നതോടൊപ്പം, അവരുടെ കുടുംബങ്ങള്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും അനുശോചനം അറിയിക്കുന്നതായി പ്ലാനോ ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്റ്റ് തിങ്കളാഴ്ച പ്രസ്താവന ഇറക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us