അമേരിക്കയിലെ ഈ വര്‍ഷത്തെ പതിനാലാമത്തെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍
Friday, September 6, 2019

ടെക്‌സസ്:  അമേരിക്കയിലെ ഈ വര്‍ഷത്തെ പതിനാലാമത്തേയും, ടെക്‌സസ്സിലെ അഞ്ചാമത്തേയും വധശിക്ഷ സെപ്റ്റംബര്‍ 4 ബുധനാഴ്ച വൈകീട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.

16 വര്‍ഷം മുമ്പ് ഫോര്‍ട്ട് വര്‍ത്തിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി 89 വയസുള്ള സ്ത്രീയേയും അവരുടെ 71 വയസുള്ള മകളേയും കുത്തികൊലപ്പെടുത്തി അവരുടെ കാറും, ക്രെഡിറ്റ് കാര്‍ഡും കവര്‍ന്നെടുത്ത കേസ്സിലാണ് ബില്ലിജാക്ക് ക്രറ്റ് സിംഗറിന്റെ(64) വധശിക്ഷ നടപ്പാക്കിയത്. സംഭവത്തിന്റെ മൂന്നാം ദിവസം പ്രതിയെ ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും 300 മൈല്‍ അകലെയുള്ള ഗാല്‍വസ്റ്റന്‍ ബാറില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യം സുപ്രീംകോടതി നിരസിച്ച ഉടനെതന്നെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 5.55 ന് സുപ്രീം കോടതി പെറ്റീഷന്‍ തള്ളിയതിനെ തുടര്‍ന്ന് 6.30നാണ് വിഷമിശ്രിതം ഉപയോഗിച്ചു ശിക്ഷ നടപ്പാക്കിയത്.

വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാ എന്നാണ് ഇതില്‍ നിന്നും ലഭിക്കുന്ന സന്ദേശം. ടെക്‌സസില്‍ ഈ വര്‍ഷം 10 പേര്‍ കൂടി വധശിക്ഷ കാത്തു ജയിലില്‍ കഴിയുന്നുണ്ട്.

×