അമേരിക്കയില്‍ വെളുത്ത മേധാവിത്വ പ്രചാരണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്

New Update

ന്യൂയോര്‍ക്ക്:  മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019 ല്‍ അമേരിക്കയില്‍ വെളുത്ത മേധാവിത്വ പ്രചാരണം ഇരട്ടിയിലധികമായെന്ന് ആന്‍റി ഡിഫമേഷന്‍ ലീഗ് (എ.ഡി.എല്‍) തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

2019 ല്‍ 2713 വെളുത്ത മേധാവിത്വ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018-ല്‍ ഇത് 1,214 ആയിരുന്നു. ഒരു വര്‍ഷത്തില്‍ എഡിഎല്‍ രേഖപ്പെടുത്തിയ കേസുകളില്‍ ഏറ്റവും കൂടുതലാണിതെന്നും പറയുന്നു.

publive-image

വിദ്വേഷത്തിന്‍റെയും അസഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും സൗകര്യപ്രദവും പ്രായോഗികവും അജ്ഞാതവുമായ മാര്‍ഗമാണ് ഫ്ലയറുകള്‍, ലഘുലേഖകള്‍ സ്റ്റിക്കറുകള്‍ എന്നിവ.

ഇവയെല്ലാം ഉള്‍പ്പടെയുള്ള പ്രചാരണ തന്ത്രമാണ് വെളുത്ത മേധാവിത്വവാദികള്‍ ഉപയോഗിക്കുന്നതെന്ന് എഡി‌എല്‍ ഗ്രൂപ്പിന്‍റെ സിഇഒ ജോനാഥന്‍ ഗ്രീന്‍ബ്ലാറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

'തീവ്രവാദികളും വിദ്വേഷ ഗ്രൂപ്പുകളും നിലവിലെ പരിതസ്ഥിതിയില്‍ എന്തും ചെയ്യാന്‍ ധൈര്യപ്പെടുന്നവരാണെന്ന് അറിയാമെങ്കിലും, പ്രചാരണത്തിലും വിതരണത്തിലുമുള്ള ഈ കുതിപ്പ് വര്‍ഗീയവാദികള്‍ക്ക് എങ്ങനെ സന്ദേശം പ്രചരിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ല്‍ 630 സംഭവങ്ങളാണ് സ്കൂള്‍ കാമ്പസുകളില്‍ നടന്നത്. 2018 ല്‍ നടന്ന കാമ്പസ് സംഭവങ്ങളുടെ ഇരട്ടിയാണിത്. കൂടുതല്‍ സംഭവങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളായ ആഫ്രിക്കന്‍ അമേരിക്കക്കാര്‍, ജൂതന്മാര്‍, മുസ്ലീങ്ങള്‍, എല്‍ജിബിടിക്യു എന്നിവരെ ലക്ഷ്യം വെച്ചുള്ളവയായിരുന്നു,.

വെളുത്ത മേധാവിത്വ സന്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കാലിഫോര്‍ണിയയിലാണ്. കഴിഞ്ഞ വര്‍ഷം 298 സംഭവങ്ങളാണ് അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെക്സസില്‍ 260, ന്യൂയോര്‍ക്കില്‍ 172, മാസച്യുസെറ്റ്സ് 148 എന്നിങ്ങനെയാണ് വെളുത്ത മേധാവിത്വത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പട്രിയറ്റ് ഫ്രണ്ട്, അമേരിക്കന്‍ ഐഡന്റിറ്റി മൂവ്മെന്‍റ്, ന്യൂജേഴ്സി യൂറോപ്യന്‍ ഹെറിറ്റേജ് അസോസിയേഷന്‍ എന്നീ മൂന്ന് വെളുത്ത മേധാവിത്വ ഗ്രൂപ്പുകളാണ് പ്രധാനമായും പ്രചാരണം നടത്തിയതെന്നും, അമേരിക്കയില്‍ നടന്ന 90 ശതമാനം സംഭവങ്ങള്‍ക്കും ഈ ഗ്രൂപ്പുകളാണ് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2017 ല്‍ വിര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലെയില്‍ നടന്ന 'യുണൈറ്റ് ദി റൈറ്റ്' റാലിയുടെ പശ്ചാത്തലത്തില്‍ മറ്റൊരു തീവ്രവാദ ഗ്രൂപ്പായ വാന്‍ഗാര്‍ഡ് അമേരിക്ക പിളര്‍ന്നതിന് ശേഷമാണ് പട്രിയറ്റ് ഫ്രണ്ട് എന്ന വെളുത്ത മേധാവിത്വ സംഘം രൂപീകരിച്ചതെന്ന് സതേണ്‍ പവര്‍ട്ടി ലോ സെന്റര്‍ (Southern Poverty Law Center) പറയുന്നു.

2017 ല്‍ ഓസ്ടിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയില്‍ പാട്രിയറ്റ് ഫ്രണ്ടിന്‍റെ സ്ഥാപകനായ തോമസ് റൂസോയുടെ പ്രസംഗത്തില്‍ 'നമ്മുടെ രാഷ്ട്രം അസ്തിത്വ ഭീഷണിയുടെ മുന്‍പില്‍ നില്‍ക്കുന്നു' എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

'നിങ്ങളുടെ മക്കളുടെയും അവരുടെ മക്കളുടെയും ജീവിതവും അതിനപ്പുറമുള്ള നിങ്ങളുടെ അഭിവൃദ്ധിയും പ്രതിസന്ധിയിലാണ്. അഴിമതി നിറഞ്ഞ, സ്വത്വമില്ലാത്ത, ആഗോളവും സ്വേച്ഛാധിപത്യപരവുമായ ഒരു വരേണ്യവര്‍ഗം നിങ്ങളുടെ ജനാധിപത്യത്തെ കവര്‍ന്നെടുക്കുകയും അതിനെ ആയുധമാക്കി മാറ്റുകയും ചെയ്യുന്നു.

ആദ്യം അടിമകളാക്കുകയും പിന്നീട് നിങ്ങളെ വരുതിയിലാക്കുകയും ചെയ്യും' എന്നും തോമസ് റൂസോ തന്റെ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.

സ്വത്വം, ഗ്ലോബല്‍ തുടങ്ങിയ പദങ്ങള്‍ ജൂത-അമേരിക്കന്‍ വംശജരുടെ വിശ്വാസ പ്രമാണങ്ങളില്‍ പെട്ടതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്.

2019 ല്‍ വിദ്വേഷ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച ഫ്ലെയറുകള്‍ പലപ്പോഴും സെന്‍സര്‍ഷിപ്പ്, അഭിപ്രായ സ്വാതന്ത്ര്യം, ജൂത വിരുദ്ധ ആലങ്കാരിക പദപ്രയോഗം, ദേശീയത, ദേശഭക്തി എന്നീ വാചാടോപത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

അമേരിക്കയുടെ സ്വത്വം ഒരു 'വെളുത്ത സംസ്കാരം' ആയി സംരക്ഷിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്യുന്നു. ആ സന്ദേശത്തെ 'ദേശീയതയോ ദേശസ്നേഹമോ' ഒക്കെ ആയി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

ഫെബ്രുവരി ആദ്യം, എഫ്‌ബി‌ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വേ ക്രോണ്‍ഗ്രസിനോട് പറഞ്ഞത് 'വംശീയ പ്രേരിത തീവ്രവാദ ഗ്രൂപ്പുകള്‍ ഐസിസ് പോലുള്ള വിദേശ തീവ്രവാദ സംഘടനകളില്‍ നിന്ന് വരുന്ന അതേ അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്' എന്നാണ്.

'ഞങ്ങള്‍ ആഭ്യന്തര തീവ്രവാദത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ചും, വംശീയമോ വര്‍ഗീയമോ ആയ അക്രമ തീവ്രവാദികള്‍' എന്ന് അദ്ദേഹം ഒരു വിചാരണ മധ്യേ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയോട് പറഞ്ഞു.

ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ജോലി സ്ഥലങ്ങള്‍, ഉത്സവങ്ങള്‍, ഷോപ്പിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ആഭ്യന്തര തീവ്രവാദ ആക്രമണങ്ങളെയും, ആഭ്യന്തര ഭീഷണികളെയും നേരിടുന്നതിനുള്ള പുതിയ തന്ത്രപരമായ പദ്ധതികള്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് സെപ്റ്റംബറില്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment