വാഷിങ്ടണ്‍: ചന്ദ്രനിലും ചൊവ്വയിലും പര്യവേക്ഷണം നടത്തുന്നതിനുള്ള ദൗത്യങ്ങള്‍ക്കായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ വളന്റിയര്‍മാരെ അന്വേഷിക്കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രണ്ടു പര്യവേക്ഷണങ്ങള്‍ക്കു പ്രത്യേകമായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെങ്കിലും, ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ ഈ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുമെന്നാണ് വാഗ്ദാനം.
എന്‍ജിനീയറിങ്, സയന്‍സ്, മെഡിസിന്‍, ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ക്കാണ് ക്ഷണം. സെപ്റ്റംബര്‍ 21 വരെ അപേക്ഷകള്‍ അയ്ക്കാം. ഒക്ടോബര്‍ 12ന് തെരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിക്കും. യുഎസ് പൗരന്‍മാര്‍ക്കും യുഎസില്‍ സ്ഥിരതാമസമാക്കിയ വിദേശികള്‍ക്കും അപേക്ഷിക്കാം. പ്രയപരിധി 30നും 55നും ഇടയില്‍.
സയന്‍സ്, എന്‍ജിനീയറിങ്, മെഡിസിന്‍ എന്നിവയില്‍ ഏതിലെങ്കിലുമുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. മികച്ച ശാരീരിക, മാനസികവുമായ ആരോഗ്യം ഉള്ളവരായിരിക്കണം എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയവര്‍മാരെ കര്‍ശന പരിശീലനത്തിനും ഇവാല്യൂഷനും വിധേയരാക്കും. വിജയിച്ചാല്‍ അവരെ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന ബഹിരാകാശ ദൗത്യത്തിന് നിയോഗിക്കുമെന്നും നാസ.