ന്യൂയോർക്ക് : ലോകം ദീര്‍ഘകാലമായി കാത്തിരിക്കുന്ന, പറക്കും തളികകളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. പൊതുവില്‍ അണ്‍ഐഡന്‍റിഫൈഡ് ഫ്ളൈയിങ് ഓബ്ജക്റ്റ്സ് (ഡഎഛ) എന്നറിയപ്പെടുന്ന പറക്കുംതളികകളെ, അജ്ഞാതമായ അസാധാരണ പ്രതിഭാസങ്ങള്‍ (അണ്‍ഐഡന്‍റിഫൈഡ് അനോമലസ് ഫിനോമിന ~ ഡഅജ) എന്നാണ് നാസ വിശേഷിപ്പിക്കുന്നത്. ഇവയെക്കുറിച്ചുള്ള പഠനത്തിന് പുതിയ ശാസ്ത്ര സങ്കേതങ്ങളും അത്യാധുനിക ഉപഗ്രഹങ്ങളും, കൂടാതെ ഇവയെ സമീപിക്കുന്ന രീതിയില്‍ മാറ്റവും അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച പഠനം ഒരു ലക്ഷത്തോളം ഡോളര്‍ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. നാസ നിയോഗിച്ച പതിനാറംഗ സ്വതന്ത്ര സമിതി തയാറാക്കിയ റിപ്പോര്‍ട്ടിന് 33 പേജുകളുണ്ട്. പറക്കുംതളികകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇതു സംബന്ധിച്ച വിവര ശേഖരണത്തില്‍ വലിയ പ്രതിബന്ധമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പലരും കണ്ടെന്നു പറയുന്ന പറക്കുംതളികകള്‍ക്കു പിന്നില്‍ ബഹിരാകാശ സ്രോതസുകളാണെന്ന നിഗമനത്തിലെത്താന്‍ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും മെഷീന്‍ ലേണിങ്ങും അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു വേണം ഇവയെക്കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ എന്ന ശുപാര്‍ശയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബഹിരാകാശത്ത് ഒരു വര്‍ഷത്തോളം തങ്ങിയ നാസയുടെ മുന്‍ ബഹിരാകാശ യാത്രികന്‍ സ്കോട്ട് കെല്ലി അടക്കം ശാസ്ത്ര, വ്യോമയാന, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയാണ് പഠനത്തിനു നിയോഗിക്കപ്പെട്ടിരുന്നത്. നാസയുടെ ടോപ് സീക്രട്ട് ഫയലുകളൊന്നും സമിതി പരിശോധിച്ചില്ല. ഇതിനു പകരം, പൊതുമണ്ഡലത്തില്‍ ലഭ്യമായ വിവരങ്ങള്‍ മാത്രമാണു പരിശോധിച്ചത്. ശാസ്ത്രീയ നിഗമനങ്ങളിലെത്താന്‍ പാകത്തില്‍ വ്യക്തമായ നിരീക്ഷണങ്ങളൊന്നും ഇക്കൂട്ടത്തില്‍ ലഭ്യമായിട്ടില്ലെന്ന് സമിതി വിലയിരുത്തി.
തിരിച്ചറിയാന്‍ സാധിക്കാത്തോ ശാസ്ത്രീയമായി വിശദീകരിക്കാന്‍ സാധിക്കാത്തതോ ആയ വസ്തുക്കള്‍ എന്നു മാത്രമാണ് പറക്കുംതളികകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വസ്തുക്കളെക്കുറിച്ച് ഔദ്യോഗികമായി പറയുന്നത്.