വാഷിംഗ്ടണ്‍: യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് അടുത്തയാഴ്ച വാദം കേള്‍ക്കും. വിദേശത്ത് മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാറിനു കീഴിലുള്ള സ്വതന്ത്ര ഏജന്‍സിയാണ് യു.എസ്.സി.ഐ.ആര്‍.എഫ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടി. നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ യു.എസ് സര്‍ക്കാറിന് ഇന്ത്യയുമായി ചേര്‍ന്ന് എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് വാദം.
ന്യൂനപക്ഷ വിഷയങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അംഗം ഫെര്‍ണാണ്ട് ഡി വരേനെസ്, ഫോറിന്‍ ലോ സ്പെഷ്യലിസ്ററ് താരിഖ് അഹമ്മദ് എന്നിവരെയാണ് വാദത്തില്‍ പങ്കെടുക്കാന്‍ കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വാഷിംഗ്ടണ്‍ ഡയറക്ടര്‍ സാറാ യാഗര്‍, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനിതാ വിശ്വനാഥ്, ഇര്‍ഫാന്‍ നൂറുദ്ദീന്‍, ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ പൊളിറ്റിക്സ് പ്രൊഫസര്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി എന്നിവരും പങ്കെടുക്കും.
മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍, ഗോവധ നിരോധനം, മതാടിസ്ഥാനത്തിനുള്ള പൗരത്വ മുന്‍ഗണനകള്‍, മത സംഘടനകള്‍ക്ക് വിദേശ ഫണ്ടിംഗില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച്, വിവേചനപരമെന്നു വിലയിരുത്തപ്പെട്ട നയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഹരിയാനയിലെയും മണിപ്പൂരിലെയും സാമുദായിക കലാപങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളായി സംഘടന ചൂണ്ടിക്കാട്ടുന്നു.