Advertisment

ഓസ്‌ട്രേലിയയിൽ വിശുദ്ധ എവുപ്രാസിയമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കൂദാശ ഒക്ടോബര് 20 ന്

author-image
ടോം ജോസഫ്
Updated On
New Update

ഓസ്‌ട്രേലിയ:  വിശുദ്ധ എവുപ്രാസിയമ്മയുടെ നാമധേയത്തിൽ ഓസ്‌ട്രേലിയയിൽ മനോഹരമായ ദേവാലയം പൂർത്തിയാകുന്നു. ഏകദേശം 700 ൽ പരം ആൾക്കാരെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന ദേവാലയത്തിന്റെ നിർമ്മാണം പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന് അനുസൃതമായി സീറോ മലബാർ സിനഡ് നിർദ്ദേശിക്കുന്ന രീതിയിലാണ് പൂർത്തിയാക്കുന്നത്.

Advertisment

ദൈവശാസ്ത്രപരമായ ദേവാലയ ഘടന പരമാവധി നിലനിർത്തുവാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് ദേവാലയനിർമ്മാണ കമ്മിറ്റി അറിയിച്ചു. പൈതൃകവും ദേവാലയ കലയും നിലനിർത്തിക്കൊണ്ടുള്ള ഈ ദേവാലയം സീറോ മലബാർ സഭക്ക് മുതൽക്കൂട്ട് ആകുമെന്ന് പ്രതീക്ഷിക്കുന്നു.

publive-image

പരസ്യ വണക്കത്തിനായി മൂന്ന് വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ഓസ്‌ട്രേലിയയിലെ ഏക ദേവാലയമാണ് അഡ്‌ലൈഡ് നോർത്തിലെ ഈ ദേവാലയം.

ഇറ്റലിയിലെ പാദുവായിലെ നിന്ന് മാർ ബോസ്കോ പുത്തൂർ നേരിട്ട് കൊണ്ടുവന്ന വി. അന്തോനീസിന്റെ തിരുശേഷിപ്പിനൊപ്പം സീറോ മലബാർ സഭയിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെയും, ഇടവക മധ്യസ്ഥയായ വി. എവുപ്രാസിയമ്മയുടെയും തിരുശേഷിപ്പുകൾ ഈ ദേവാലയത്തിൽ പൂജ്യമായി സൂക്ഷിക്കുന്നുണ്ട്.

തിരുശേഷിപ്പുകൾ ലഭ്യമായത് മാർ ബോസ്കോ പുത്തൂരിന്റെ താല്പര്യപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് വികാരി ഫാ.ഫ്രാൻസിസ് പുല്ലുകാട്ട് അറിയിച്ചു.

ദൈവജനം ഒന്നടങ്കം പിതാവിനോട് കടപ്പെട്ടിരിക്കുന്നു എന്നും കൂട്ടി ചേർത്തു. ഈ വരും ദിവസങ്ങളിൽ കൂടുതൽ ജനം തിരുശേഷിപ്പ് വണങ്ങുവാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു .

ദേവാലയ കൂദാശയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പള്ളി കൈക്കാരന്മാരായ മാർട്ടിൻ, ജോയി, ബിബിൻ എന്നിവർ അറിയിച്ചു.ഒക്ടോബർ 20 ന് ഉച്ചക്ക് 1.30 ന് വിശിഷ്ടാധിതികൾക്കുള്ള സ്വീകരണവും തുടർന്ന് ആരാധനാ ക്രമാധിഷ്തിതമായ സ്വാഗതം, തുടർന്ന് ദേവാലയ വാതിൽ ദൈവജനത്തിനായി തുറന്ന് കൊടുക്കുന്ന കർമ്മം അഡ്‌ലൈഡ് രൂപതയുടെ വികാരി ജനറാൾ ഫിലിപ് മാർഷൽനിർവഹിക്കും.

ഗായകസംഗത്തിന്റെ സ്വാഗത ഗാനത്തോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ ബോസ്കോ പിതാവിന്റെ കാർമികത്വത്തിൽ അഡ്‌ലൈഡിലെ വിവിധ ഇടവകയിലെ വൈദികർ ഒന്നുചേർന്ന് ദിവ്യബലി അർപ്പിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന് മാർ ബോസ്കോ പുത്തൂർ അധ്യക്ഷത വഹിക്കും. വിവിധ കമ്മിറ്റികളിൽ ശുശ്രൂഷ ചെയ്തവരെ തദവസരത്തിൽ ആദരിക്കുന്നതാണെന്ന് ദേവാലയനിർമ്മാണ കമ്മിറ്റി അറിയിച്ചു.

വൈകുന്നേരം 7 മണിയോടുകൂടെ നടക്കുന്ന സ്നേഹവിരുന്നിന് ഉള്ള തയ്യാറെടുപ്പുകൾ വിവിധ ഇടവകകളിൽ നിന്നുള്ള പാചകവിദഗ്ധരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. എല്ലാവരെയും സ്നേഹപൂർവ്വം കർമ്മങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി അറിയിച്ചു.

തിരുകർമ്മങ്ങളുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.

Advertisment