ഓസ്ട്രിയയിൽ ഇന്ന് മുതൽ സൂപ്പർ മാർക്കറ്റുകളിൽ മാസ്ക് നിർബന്ധം

ഷിജി ചീരംവേലില്‍
Monday, April 6, 2020

വിയന്ന:  ഓസ്ട്രിയയിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ഇന്നുമുതൽ മാസ്ക് ധരിക്കണം. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാജ്യത്തെ എല്ലാ സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധന വിൽപ്പന കേന്ദ്രങ്ങളിലും മാസ്ക് ധരിച്ചു മാത്രമേ കയറാൻ പാടുള്ളൂ.

അതായത്, മൂക്കും വായും കൃത്യമായി മറച്ചിരിക്കണം. ഇതിനാവശ്യമായ മാസ്കുകൾ സ്ഥാപനങ്ങളുടെ വെളിയിൽ അവിടങ്ങളിലെ ജീവനക്കാർ നൽകും.

രാജ്യത്തെ നിലവിലെ അവസ്ഥ അത്രയേറെ സങ്കീർണ്ണമാണെന്ന് സർക്കാർ വ്യക്തമാക്കി. മാസ്കുകളുടെ ഉപയോഗം വഴി ആരെങ്കിലും തുമ്മിയാലോ ചുമച്ചാലോ രോഗവ്യാപനം ഒരുപരിധി വരെ ഒഴിവാക്കാം എന്നും ഭരണകൂടം കരുതുന്നു.

മാസ്കുകൾ ലഭ്യമല്ലാതെ വന്നാൽ തുണി കൊണ്ടോ തൂവാല കൊണ്ടോ മൂക്കും വായും മറച്ചിരിക്കണം.

എന്നാൽ 400 സ്ക്വയർ മീറ്ററിനും താഴെ വലിപ്പമുള്ള സ്ഥാപനങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെയുള്ള സ്ഥാപനങ്ങളിൽ അവരവർ സ്വന്തം മാസ്കുകൊണ്ടോ തുണികൊണ്ടോ വായും മൂക്കും മറച്ച് എത്തണം.

ഒരു മീറ്റർ അകലം എന്ന നിബന്ധന കൃത്യമായി പാലിക്കുകയും വേണം. ചില സമയങ്ങളിൽ അകത്ത് കയറിയവർ ഇറങ്ങിവരുന്നത് വരെ പുറത്ത് കാത്തുനിൽക്കുകയും വേണം.

×