Advertisment

സ്വിറ്റ്സര്‍ലന്‍ഡില്‍ ദമ്പതികളില്‍ പേവിഷബാധയുള്ളതായി ആരോഗ്യമന്ത്രാലയം

publive-image

Advertisment

സൂറിച്ച്:  സ്വിറ്റ്സര്‍ലന്‍ഡില്‍ ദമ്പതികള്‍ക്ക് പേവിഷബാധയുള്ളതായി ആരോഗ്യ മന്ത്രാലയം. എന്നാല്‍ ഇതുവരെ ഈ ദമ്പതികളെ കണ്ടെത്തുവാന്‍ സര്‍ക്കാരിനായിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ അമേരിക്കയില്‍ വിനോദ സഞ്ചാരത്തിന് പോയ ദമ്പതികളിലാണ് റാബീസ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവര്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ താമസത്തിനിടയില്‍ വഴിയരികില്‍ വീണുകിടന്നിരുന്ന ഒരു വവ്വാലിനെ കണ്ടെത്തുകയും അതിനെ മൃഗാശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ വവ്വാലില്‍ പേവിഷ ബാധ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ അമേരിക്കന്‍ ആരോഗ്യ വിഭാഗം സ്വിസ് ആരോഗ്യ മന്ത്രാലയത്തിന് വിവരം കൈമാറി.

ഈ ദമ്പതികള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. പേ വിഷബാധയുള്ള വവ്വാലിന്റെ ഉമിനീരിലൂടെയോ കടിയിലൂടെയോ മൃഗം നടക്കുന്നതിലൂടെ തൊലിപ്പുറത്തെ ചെറിയ മുറിവുകളിലൂടെയോ ചതവുകളിലൂടെയോ വൈറസ് ശരീരത്തിലെത്തും.  എന്നാല്‍ രോഗം പുറത്തുവരാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം.

publive-image

രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പേ വിഷബാധ മുന്‍കൂട്ടി തടയുവാനുള്ള വാക്സിന്‍ എടുക്കാവുന്നതാണെന്ന് സ്വിസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

50 ഉം 60 ഉം വയസുള്ള ദമ്പതികളാണ് ഇവര്‍. ഇതില്‍ പുരുഷന്‍ കീടനാശിനി കമ്പനിയില്‍ ജോലി ചെയ്യുന്നതായാണ് എഴുതി നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. എത്രയും വേഗത്തില്‍ ഇവര്‍ ഡോക്ടറുടെ അടുത്തെത്തി ചികിത്സ നേടാനും മന്ത്രാലയം അഭ്യര്‍ഥിക്കുന്നു.

1998 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡ് പേ വിഷബാധ വിമുക്തമാണ്. സസ്തനികളില്‍ നിന്നുമാണ് ഈ രോഗം പകരുന്നത്.  ലോകത്തിലെ പേവിഷ ബാധിതരില്‍ മൂന്നിലൊന്നു൦ ഇന്ത്യയിലാണ്. ഏകദേശം 55000 പേര്‍. തെരുവ് നായ്ക്കളുടെ കടിയേറ്റാണ് ഇവര്‍ക്ക് രോഗബാധയുണ്ടാകുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ കുറുക്കന്മാരാണ് രോഗാണു വാഹകര്‍.

1998 മുതല്‍ രാജ്യം പേവിഷബാധ മുക്തമാണെങ്കിലും അപൂര്‍വ്വമായി വവ്വാലുകളുടെ കടിയില്‍ നിന്നുമുള്ള രോഗബാധ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ആഗസ്റ്റില്‍ നൊയന്‍ ബുര്‍ഗില്‍ ഒരാള്‍ക്ക് പേവിഷബാധയുള്ള വവ്വാലിന്റെ കടിയേറ്റിരുന്നു.

റാബീസ് വയറസ് സെന്‍ട്രല്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം ശരീരം തളര്‍ന്നു പോകുക, ഓര്‍മ്മശക്തി ക്ഷയിക്കുക, വിളര്‍ച്ച, വായിലൂടെ പതവരുക, അലറുക, കടിക്കുക, ആക്രമിക്കുവാനുള്ള വാസന ഇവയൊക്കെയാണ് രോഗ ലക്ഷണങ്ങള്‍.

 

Advertisment