സജീഷ് ടോം (യുക്മ പി.ആർ.ഒ.)
Updated On
New Update
യുക്മയുടെ നേതൃത്വത്തിൽ കേരളാ ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന മൂന്നാമത് യുക്മ കേരളാപൂരം വള്ളംകളി മത്സരത്തിന് രണഭേരി മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. തുഴ കുത്തിയെറിയുന്ന ജലമാരിയിൽ സൂര്യൻ മഴവില്ല് ചാലിക്കുന്നത് കണികണ്ടാകും യു കെ യിലെ സൗത്ത് യോർക്‌ഷെയർ നിവാസികൾ ഇന്ന് കൺചിമ്മി ഉണരുക. മത്സര വള്ളങ്ങളുടെ പരിശീലന തുഴച്ചിൽ രാവിലെ ഏഴ് മണിമുതൽ ആരംഭിക്കും.
Advertisment
/sathyam/media/post_attachments/ys6Jfa8gDy0e2dbetC9y.jpg)
കേരളത്തിലെ ചുണ്ടൻ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് പുകൾപെറ്റ കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഇരുപത്തിനാല് മത്സരവള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്. കേരളാ ലളിതകലാ അക്കാദമി അവാർഡ് ജേതാവും കേരളത്തിലെ അറിയപ്പെടുന്ന ശില്പിയുമായ അജയൻ വി കാട്ടുങ്ങൽ രൂപകൽപ്പനയും നിർമ്മാണവും നിർവഹിച്ച യുക്മ എവർറോളിങ്ങ് ട്രോഫിയിൽ ആര് മുത്തമിടുമെന്ന ആകാംക്ഷക്ക് ഇന്ന് വൈകുന്നേരത്തോടെ വിരാമം ആകും.
വാശിയേറിയ മത്സരങ്ങൾ എന്നതിനപ്പുറം, കേരളീയ പാരമ്പര്യത്തിന്റെ തനിമയും ആവേശവും ഉയർത്തിപ്പിടിക്കുന്ന യുക്മ ബോട്ട്റേസ് ലോക പ്രവാസി സമൂഹത്തിന് വലിയൊരു സാധ്യത തുറന്ന് കാട്ടുകയാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു. ആറ് ഹീറ്റ്‌സുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
ബി സി എം സി ബര്‍മ്മിങ്ഹാം തുഴയുന്ന തകഴി, ശ്രീവിനായക ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ, ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് തുഴയുന്ന വേമ്പനാട്, വാറിങ്ടണ്‍ ബോട്ട് ക്ലബ് തുഴയെറിയുന്ന ചമ്പക്കുളം എന്നീ ജല രാജാക്കന്മാർ ഒന്നാം ഹീറ്റ്‌സിൽ ഏറ്റുമുട്ടും.
രണ്ടാം ഹീറ്റ്‌സിൽ എന്‍ എം സി എ നോട്ടിങ്ഹാം തുഴയുന്ന കിടങ്ങറ, കേരളാ ബോട്ട് ക്ലബ് ലെസ്റ്ററിന്റെ കൊടുപ്പുന്ന, സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് വലിക്കുന്ന ആലപ്പാട്, റോയല്‍ ട്വന്റി ബോട്ട് ക്ലബ് ബര്‍മ്മിങ്ഹാമിന്റെ കുമരകം എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.
/sathyam/media/post_attachments/UT4yxSwkOomanuSxkMq1.jpg)
ജി എം എ ബോട്ട് ക്ലബ് ഗ്ലോസ്റ്റര്‍ തുഴയെറിയുന്ന കൈനകരി, എസ് എം എ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡ് വലിക്കുന്ന പുളിങ്കുന്ന്, വാല്‍മ ബോട്ട്ക്ലബ് വാര്‍ക്കിന്റെ ആനാരി, തെമ്മാടീസ് ബോട്ട് ക്ലബ് വൂസ്റ്ററിന്റെ കാരിച്ചാല്‍ എന്നീ വള്ളങ്ങൾ മൂന്നാം ഹീറ്റ്‌സിൽ ഏറ്റുമുട്ടും.
നാലാം ഹീറ്റ്‌സിൽ ജവഹര്‍ ബോട്ട് ക്ലബ് ലിവര്‍പൂളിന്റെ തായങ്കരി, ട്രഫോര്‍ഡ് ബോട്ട് ക്ലബ് മാഞ്ചസ്റ്ററിന്റെ വെള്ളംകുളങ്ങര, യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് തുഴയുന്ന നടുഭാഗം, വെയ്ക്ഫീല്‍ഡ് ബോട്ട് ക്ലബ് തുഴയുന്ന വെസ്റ്റ് യോര്‍ക്ക്ഷെയറിന്റെ ആയാപറമ്പ് എന്നീ വള്ളങ്ങൾ മത്സരിക്കും.
സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്‍ട്രിയുടെ കായിപ്രം, കേംബ്രിഡ്ജ് ബോട്ട് ക്ലബ്ബിന്റെ ആര്‍പ്പൂക്കര, റാന്നി ബോട്ട് ക്ലബ് തുഴയുന്ന നെടുമുടി, ഇപ്സ്വിച്ച് ബോട്ട് ക്ലബ്കാരെത്തുന്ന കുമരംങ്കരി എന്നീ കളിയോടങ്ങൾ അഞ്ചാം ഹീറ്റ്‌സിൽ ഏറ്റുമുട്ടും.
ആറാം ഹീറ്റ്‌സിൽ സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സ് തുഴയുന്ന പായിപ്പാട്, ഫ്രണ്ട്സ് യുണൈറ്റഡ് ബോട്ട് ക്ലബ് ആഷ്ഫോര്‍ഡിന്റെ പുന്നമട, കേരളവേദി ബോട്ട് ക്ലബ് ബര്‍മ്മിങ്ഹാം തുഴയെറിയുന്ന കാവാലം, ഫീനിക്സ് ബോട്ട് ക്ലബ് നോര്‍ത്താംപ്ടന്റെ മാമ്പുഴക്കരി എന്നീ വള്ളങ്ങൾ മത്സരിക്കും.
വിസ്മയങ്ങളുടെ പൂരക്കാഴ്ച ഒരുക്കിയാണ് യുക്മ യു കെ മലയാളികളെ മാൻവേഴ്സ് തടാകത്തിലേക്ക് വരവേൽക്കുന്നത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയുടെയും ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസിന്റെയും നേതൃത്വത്തിൽ യുക്മയുടെയും, യുക്മ പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും; ഒപ്പം യു കെ യിലെ സാമൂഹ്യ - സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യങ്ങളായ വ്യക്തികളും ചേർന്ന് മാസങ്ങൾ നീണ്ടുനിന്ന തയ്യാറെടുപ്പുകളുടെയും കഠിനാധ്വാനത്തിന്റെയും സാക്ഷാത്കാരമാണ് ഇന്ന് മാൻവേഴ്സ്സിൽ അരങ്ങേറുന്നത്.
രാവിലെ 10:30ന് ഉദ്ഘാടന സമ്മേളനത്തോടെ മത്സരങ്ങൾ ആരംഭിക്കും.വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും
അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് ഉദ്ഘാഘാടന സമ്മേളനവും തുടർന്ന് മത്സരവള്ളംകളിയും നടക്കും
വിശിഷ്ടാതിഥികളായി ഷാഡോ ഹെൽത്ത് മിനിസ്റ്ററും സ്ഥലം എം.പിയുമായ ജോൺ ഹീലി, ബ്രിസ്റ്റോൾ മേയർ കൗൺസിലർ ടോം ആദിത്യ, കേംബ്രിഡ്ജ് സിറ്റി കൗൺസിലർ ബൈജു വർക്കി തിട്ടാല തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലുമായി പങ്കെടുക്കും.
വള്ളംകളി മത്സരങ്ങളുടെ ഇടവേളകളിൽ കേരളീയ- ഭാരതീയ കലാരൂപങ്ങളും സംഗീത- നൃത്ത ശില്പങ്ങളും കാണികളിൽ മേളക്കൊഴുപ്പ് പകരും. മുന്നൂറോളം വനിതകൾ ഒന്നിച്ചു ചുവടുകൾ വയ്ക്കുന്ന മെഗാ തിരുവാതിര മൂന്നാമത് കേരളാപൂരം വള്ളം കളിയുടെ വലിയൊരു സവിശേഷത ആയിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മലയാളി മങ്കമാർ ആകർഷകമായി ചുവടുവച്ചു നിറഞ്ഞാടുമ്പോൾ ഇന്ത്യക്കാരും വിദേശികളുമായ പ്രേക്ഷകർക്ക് അതൊരു മനംകുളിർക്കുന്ന കലാവിരുന്ന് തന്നെയാകും.
മത്സരങ്ങളുടെ ആവേശം ആകാശംമുട്ടെ ഉയർത്തുന്ന റണ്ണിങ് കമൻട്രികൾ പരമ്പരാഗത കേരള വള്ളംകളിയുടെ ചൂരും ചേലും പകരുന്നവയാകും.
വിശാലമായ മാൻവേഴ്സ് തടാകക്കരയിൽ 2000 ൽ പരം കാറുകൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രഭാതം മുതൽ വൈകുന്നേരം വരെ കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ അഭിരുകൾക്കനുസരിച്ചു മിതമായ നിരക്കിൽ തെരഞ്ഞെടുക്കാൻ പറ്റുംവിധം വിവിധങ്ങളായ ഭക്ഷണ വിഭവങ്ങൾ ഫുഡ് സ്റ്റാളുകളിൽ ലഭ്യമായിരിക്കും. മലയാളികളുടെ ഈ പകൽപ്പൂരം കണ്ടാസ്വദിക്കുവാൻ നിരവധി തദ്ദേശീയവാസികളും ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
യുക്മ കേരളപൂരം വള്ളംകളിയുടെ മെഗാ സ്പോൺസർ പോൾ ജോൺ സോളിസിറ്റേഴ്സ് ആണ്. കൂടാതെ മുത്തൂറ്റ് ഫിനാൻസ്, അലൈഡ് ഫിനാൻഷ്യൽ സർവീസസ്, എൻവെറിട്സ് കൺസൽട്ടൻസി തുടങ്ങിയവരും വള്ളംകളിക്ക് സ്പോൺസർഷിപ്പ് നൽകുന്നു.
ലവ് ടു കെയർ, ഏലൂർ കൺസൽട്ടൻസി, വോസ്റ്റെക്, ഡിജി ടാക്സിസ്, ഹെൽത്ത് സ്കിൽ ട്രെയിനിംഗ്, സെന്റ്.ജോൺസ് ട്രാവൽസ്, കായൽ റസ്റ്റോന്റ്, സീകോം കൺസൽട്ടൻസി, ആക്സിഡൻറ് സൊല്യൂഷൻസ് നോട്ടിംങ്ങ്ഹാം, തറവാട് റസ്‌റ്റോറന്റ്, ലെജന്റ് സോളിസിറ്റേഴ്സ്, HC 24 സ്റ്റാഫിംഗ് & ട്രെയിനിംഗ്, ജി.പി.എം.സി, മാരി ഡി ലൂയിസ് സോളിസിറ്റേഴ്സ്, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്, ഷോയി ചെറിയാൻസ് ആക്സിഡൻറ് ക്ലെയിം , ഐ. സി.ഐ.സി.ഐ ബാങ്ക്, തുടങ്ങിയവരാണ് ടീമുകളെ സ്പോൺസർ ചെയ്തിരിക്കുന്നത്.
പ്രിയ യു കെ മലയാളി സുഹൃത്തുക്കളെ,
മലയാളി നെഞ്ചിലേറ്റിയ നമ്മുടെ മഹത്തായ ജലമേളയുടെ പുനരവതരണം എന്നതിനൊപ്പം, സാംസ്ക്കാരിക കേരളത്തിന്റെ വിദേശ മണ്ണിലെ ഒത്തുചേരൽ കൂടിയാണിത്. മേയർമാർ, ഡിസ്ട്രിക്ട് കൗൺസിൽ- ബറോകൗൺസിൽ ചെയർമാന്മാർ, അംഗങ്ങൾ, ഇന്ത്യൻ ഹൈകമ്മീഷൻ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി അനവധി നിരവധി വിശിഷ്ട വ്യക്തികൾ നമ്മെ സന്ദർശിക്കാനും ജലമേള ആസ്വദിക്കുവാനും ഇന്ന് മാൻവേഴ്സ്സിൽ എത്തും.
ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളിൽ നിങ്ങളും ഉണ്ടാകണം. ഇത് സ്‌നേഹപൂർവമായ ഒരു ഓർമ്മപ്പെടുത്തലാണ്. നിറഞ്ഞ മനസോടെ മാത്രമായിരിക്കും നിങ്ങൾ മടങ്ങുന്നത്. ഇതൊരു ഉറപ്പാണ്........ യുക്മ യു കെ മലയാളികൾക്ക് നൽകുന്ന ഉറപ്പ്. ഏവരെയും സൗത്ത് യോർക്‌ഷെയറിലെ റോതെർഹാം മാൻവേഴ്സ് തടാകത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
താഴെ പറയുന്ന വിലാസത്തിൽ എത്തിച്ചേർന്നാൽ വാളണ്ടിയേഴ്‌സ് പാർക്കിംഗ് സംബന്ധിച്ച വിവരങ്ങൾ നല്കുന്നതാണ്. ചെറിയ വാഹനങ്ങൾക്ക് 10 പൗണ്ടാണ് പാർക്കിംഗ്സ് ഫീസ്. ആളൊന്നിന് രണ്ട് പൗണ്ടും, അഞ്ച് വയസ്സിന് താഴെ പ്രായമുള്ളവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതുമല്ല എന്ന് ഭാരവാഹികൾ അറിയിച്ചു.
Venue Address:- Manvers Lake,
Station Road, Wath-upon-Dearne, Rotherham, South Yorkshire - S63 7DG