ഓണാഘോഷങ്ങളിൽ യു- ഗ്രാൻറ് ലോട്ടറി വിൽപ്പന പൊടിപൂരം.. ബ്രാൻഡ് ന്യൂ കാറും സ്വർണ്ണ സമ്മാനങ്ങളും ടിക്കറ്റ് വിൽപ്പന ആവേശകരമാക്കുന്നു.. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രത്യേക ക്യാഷ് അവാർഡ്

സജീഷ് ടോം (യുക്മ പി.ആർ.ഒ.)
Tuesday, September 10, 2019

യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി അവതരിപ്പിക്കുന്ന യു-ഗ്രാൻറ് സമ്മാന പദ്ധതി 2019 ന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സമ്മാനങ്ങളുമായാണ് ഈ വർഷം യു-ഗ്രാൻൻറ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

യുക്മ യു ഗ്രാൻറ് – 2019 ന്റെ ടിക്കറ്റ് വിൽപ്പനക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശീക അസോസിയേഷനുകളുടെ തിരുവോണാഘോഷ പരിപാടികൾ യു-ഗ്രാൻഡ് വിൽപ്പനക്കുള്ള വൻ വേദികളായി മാറിക്കൊണ്ടിരിക്കുകയാണ്. പല അസോസിയേഷനുകളും റാഫിൾ സമ്മാനമായി യു-ഗ്രാൻഡ് ടിക്കറ്റുകൾ നൽകുന്നത് ടിക്കറ്റ് വിൽപ്പന ആവേശകരമാക്കുന്നു.

കൂടുതൽ ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഈ വർഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാൻറ് – 2019 ന്റെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങളും, മൂന്നാം സമ്മാനാർഹന് പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങളും നൽകപ്പെടുന്നു.

ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ്-2919 ന്റെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.

ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യുക്മ യു- ഗ്രാൻറ് -2019 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ.

യു കെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി.

ഈ വർഷത്തെ ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാൻ യുക്മ ദേശീയ കലാമേള വരെ കാത്തിരുന്നാൽ മതിയാകും. സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വർഷം കൂടുതൽ ആവേശകരമായ പ്രതികരണം ആണ് ഉണ്ടാക്കിയിരിക്കുന്നത്.

യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഒക്ടോബർ മാസം നടക്കുന്ന യുക്മ റീജിയണൽ കലാമേളകളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണ്ണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യുക്മ യു- ഗ്രാൻറിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

യു-ഗ്രാൻറ് ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവിരങ്ങൾക്ക് യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921), ദേശീയ ട്രഷറർ അനീഷ് ജോൺ (07916123248), ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് (07723956930) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രോൽസാഹനമായി പ്രത്യേക ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്‌.

×