റെയ്ക്യാവിക്ക്: 24 മണിക്കൂറിനിടെ 1,400 ഭൂകമ്പങ്ങളുണ്ടായതിനെ ത്തുടര്‍ന്നു യൂറോപ്യന്‍ രാജ്യമായ ഐസ്ലന്‍ഡില്‍ അടിയന്തരാവസ്ഥ. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് റിക്റ്റര്‍ സ്കെയ്ലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതോടെയായിരുന്നു തുടക്കം. പിന്നീട് ഒന്നിനു പിറകെ ഒന്നായി പ്രകമ്പനങ്ങള്‍ തുടരുകയാണ്.
ഗ്രീന്‍ലന്‍ഡിന്‍റെ തെക്കേ അറ്റത്തെ റെയ്ക്ജാനസ് ഉപദ്വീപാണ് പ്രഭവകേന്ദ്രം. ഗ്രീന്‍ലന്‍ഡിനും യൂറോപ്പിനും ഇടയ്ക്കാണ് ഐസ്ലന്‍ഡ് സ്ഥിതി ചെയ്യുന്നത്. തുടര്‍ച്ചയായ പ്രകമ്പനങ്ങള്‍ അഗ്നിപര്‍വത സ്ഫോടനത്തിന് കാരണമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.വിനോദസഞ്ചാരകേന്ദ്രമായ ബ്ളൂ ലഗൂണും ആഡംബര ഹോട്ടലുകളും അടച്ചു. പ്രശസ്തമായ റിട്രീറ്റ് ഹോട്ടലിനു മുന്നിലുള്ള റോഡിലേക്ക് അഗ്നിപര്‍വത ലാവ ഒഴുകിയെത്തിയതോടെ ഇവിടെ ഗതാഗതം നിര്‍ത്തി.
5.2 തീവ്രതയിലുള്ള പ്രകമ്പനമായിരുന്നു ഏറ്റവും ശക്തിയേറിയത്. തെക്കന്‍തീരത്തെ വീടുകളില്‍ ജനാലകളും വീട്ടുപകരണങ്ങളും ഇളകിവീണു. ആള്‍നാശമോ കാര്യമായ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഇനിയും ഭൂചലനകള്‍ ഉണ്ടായേക്കാമെന്നും അത് ഉപരിതലത്തില്‍ ദൃശ്യമായാല്‍ പൊട്ടിത്തെറിയായി മാറുമെന്നും ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് സിവില്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് എമര്‍ജന്‍സി മാനെജ്മെന്‍റും ഐസ്ലന്‍ഡിക് മെറ്റ് ഓഫിസും (ഐഎംഒ) മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ ഉപദ്വീപില്‍ ചെറിയ തോതിലുള്ള 24,000 ഭൂചലനങ്ങളാണു രേഖപ്പെടുത്തിയത്.
ജനങ്ങള്‍ അഗ്നിപര്‍വത സ്ഫോടനമുണ്ടാകുമെന്ന ഭീതിയിലാണെന്ന് വാര്‍ത്താ ഏജന്‍സി പറഞ്ഞു. റെയ്ക്ജാനസ് ഉപദ്വീപിലെ തോര്‍ബോണ്‍ പര്‍വതത്തിന് രണ്ടാഴ്ചയായി തുടരുന്ന ഭൂചലനങ്ങളില്‍ ഇളക്കംതട്ടിയിട്ടുണ്ട്. ഭൂതലത്തിന് അഞ്ചു കിലോമീറ്റര്‍ താഴെ അഗ്നിപര്‍തം തിളച്ചുമറിയുന്നു. ഒക്റ്റോബര്‍ 27നു ശേഷം ഈ മേഖല ഒമ്പതു സെന്‍റിമീറ്റര്‍ ഉയര്‍ന്നതായും ഐസ്ലന്‍ഡ് മെറ്റ് ഓഫിസ് പറഞ്ഞു.
വടക്കന്‍ അറ്റ്ലാന്‍റിക്കില്‍ അഗ്നിപര്‍വത സ്ഫോടന സാധ്യതയുള്ള മേഖലയിലാണ് ഐസ്ലന്‍ഡ് സ്ഥിതി ചെയ്യുന്നത്. നാല്~ അഞ്ച് വര്‍ഷത്തിനിടെ ഇവിടെ അഗ്നിപര്‍വത ലാവ പുറത്തേക്കൊവുകാറുണ്ട്. 2010ല്‍ ഐജാഫ്ജലജോകുള്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ധൂമപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നു. യൂറോപ്പില്‍ വ്യോമപാത അടയ്ക്കേണ്ടിവന്നു ഇതുമൂലം.