ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് പുറത്താക്കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് രാജ്യം വിടാനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ, ഇന്ത്യയും ക്യാനഡയും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചയും നിലച്ചിരുന്നു.
ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ ഖലിസ്ഥാന്‍ നേതാവിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യ നിയോഗിച്ച ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ വിവരമുണ്ടെന്ന് കനേഡയിന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ അറിയിച്ചു. കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ സര്‍ക്കാറിന്‍റെ പങ്ക് നമ്മുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ട്രൂഡോ പറഞ്ഞു.
വിഷയം ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നെന്നും ട്രൂഡോ പാര്‍ലമെന്‍റില്‍ പറഞ്ഞു. അതേസമയം, ജ20 ഉച്ചകോടിക്കിടെ, ക്യാനഡ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഭീകരരെ സംരക്ഷിക്കുന്ന നടപടിയെ മോദി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജി20ക്ക് എത്തിയ ട്രൂഡോയെ ഇന്ത്യയും മറ്റു അംഗരാജ്യങ്ങളും അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ജൂണിലാണ് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറെ കാനഡയിലെ ഗുരുദ്വാരക്കുള്ളില്‍ വച്ച് വെടിയേറ്റു മരിച്ചത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവിയായിരുന്നു നിജ്ജര്‍. സിഖ് ഫോര്‍ ജസ്ററിസുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.പഞ്ചാബിലെ ജലന്ധറിലെ ഭര്‍സിങ് പുര ഗ്രാമമാണ് സ്വദേശം. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ പരിശീലനം, ധനസഹായം, നെറ്റ്വര്‍ക്കിങ് എന്നിവയില്‍ സജീവമായിരുന്നു ഇയാളെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്. എന്‍.ഐ.എ രജിസ്ററര്‍ ചെയ്ത ഒരു കേസിലും പ്രതിയായിരുന്നു.