/sathyam/media/media_files/zx8A7Kd1PgkDgZFoZuFR.jpg)
സ്റേറാക്ക്ഹോം: നൊബേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങിലേക്ക് രാജ്യങ്ങളെ ക്ഷണിക്കുന്ന നയത്തില്‍ നൊബേല്‍ ഫൗണ്ടേഷന്‍ മാറ്റം വരുത്തി. പാശ്ചാത്യ രാജ്യങ്ങളുടെ വിലക്ക് നേരിടുന്ന റഷ്യ, ബെലറൂസ്, ഇറാന്‍ എന്നീ രാജ്യങ്ങളെ ഇത്തവണ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം റഷ്യയുടെയും ബെലറൂസിന്റെയും പ്രതിനിധികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ "ഗുരുതരമായ സ്ഥിതിവിശേഷ'ത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനെയും ക്ഷണിച്ചിരുന്നില്ല.
മുന്‍കാലത്ത് വിലക്കേര്‍പ്പെടുത്തിയിരുന്ന സ്വീഡനിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയെയും ഇത്തവണ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നൊബേല്‍ പുരസ്കാരം കൂടുതല്‍ ആഘോഷമാക്കുന്നതിനും സ്വതന്ത്ര ശാസ്ത്രം, സ്വതന്ത്ര സംസ്കാരം, സ്വതന്ത്രവും സമാധാനപൂര്‍ണവുമായ സമൂഹം എന്നിവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും ക്ഷണിതാക്കളുടെ പട്ടിക കൂടുതല്‍ വിപുലമാക്കുകയാണെന്ന് ഔദ്യോഗിക വിശദീകരണം.
വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടയില്‍ സംവാദം കുറഞ്ഞുവരുന്ന പ്രവണതയാണുള്ളതെന്ന് ഫൗണ്ടേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ വിദാര്‍ ഹെല്‍ജെസെന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് നയം മാറ്റം. സ്വീഡനിലും നോര്‍വേയിലും നയതന്ത്ര കാര്യാലയങ്ങളുള്ള എല്ലാ രാജ്യങ്ങളെയും ഇത്തവണ ക്ഷണിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റുകളില്‍ പ്രാതിനിധ്യം ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്.