റോം: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കെതിരേ പരസ്യ നിലപാടു സ്വീകരിച്ച യുഎസ് ബിഷപ്പിനെ പുറത്താക്കി. ടെക്സസിലെ ടൈലര്‍ ബിഷപ് ജോസഫ് സ്ട്രിക്ലാന്‍ഡിനെയാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക ചുമതലകളില്‍ നിന്നു നീക്കിയത്. ഓസ്ററിന്‍ ബിഷപ്പിനാണു ടൈലറിന്‍റെ താത്കാലിക ചുമതല. മാര്‍പാപ്പയ്ക്കെതിരേ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കുമൊടുവിലാണു സ്ട്രിക്ലാന്‍ഡിനെതിരേ നടപടി.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ മാര്‍പാപ്പ ബിഷപ്പിനെതിരേ നടപടിയെടുക്കുന്നത് അത്യപൂര്‍വമെന്നു സഭാ വൃത്തങ്ങള്‍. എല്‍ജിബിടിക്യു+ ഉള്‍പ്പെടെ വിഷയങ്ങളെ സംബന്ധിച്ച് സമീപകാലത്ത് നടന്ന ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കെതിരേ കടുത്ത നിലപാടെടുത്തിരുന്നു സ്ട്രിക്ലാന്‍ഡ്.
ഈ വര്‍ഷം തുടക്കത്തില്‍ സ്ട്രിക്ലാന്‍ഡിന്‍റെ രൂപത ഭരണം സംബന്ധിച്ച് വത്തിക്കാന്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, ഇതിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയില്ല. ഇതേത്തുടര്‍ന്ന് വത്തിക്കാനെതിരേ രംഗത്തെത്തിയ സ്ട്രിക്ലാന്‍ഡ്, തന്നെ ബിഷപ്പായി നിയമിച്ചത് 2012ല്‍ അന്നത്തെ മാര്‍പാപ്പ ബെനഡിക്റ്റ് പതിനാറാമനാണെന്നും മറ്റാര്‍ക്കും തന്നെ നീക്കാനാവില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
പഴയ ലത്തീന്‍ കുര്‍ബാനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2021ലെ കല്‍പ്പന നടപ്പാക്കാത്തതാണ് സ്ട്രിക്ലാന്‍ഡിനെതിരായ നടപടിക്കു കാരണമെന്ന് യാഥാസ്ഥിതിക വിഭാഗത്തിന്‍റെ പോര്‍ട്ടലായ ലൈഫ്സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.