പ്രവാസികളുടെ സൗജന്യ ക്വാറന്‍റൈൻ തുടരണമെന്ന് കല കുവൈറ്റ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, May 31, 2020

കോവിഡ് മഹാമാരി ഭീതിയാൽ ജോലിയും കൂലിയും നഷ്ട്ടപ്പെട്ടും ഉപേക്ഷിച്ചും നാട്ടിൽ  തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ സൗജന്യ ക്വാറന്റൈൻ നിർത്തലാക്കരുതെന്ന്  കല(ആര്ട്ട്) കുവൈറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരളസർക്കാർ പുനർചിന്തനം നടത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ നാട്ടിൽ എത്തി ക്വാറന്റൈൻ  ഉപയോഗിച്ചവരിൽ നല്ലൊരു പങ്ക് എംബസ്സിയിലെ സ്വാധീനവും പണവും ഉപയോഗിച്ച്
മാനദണ്ഡങ്ങൾ മറികടന്ന് കയറിപ്പോന്നവരാണ്. പക്ഷെ ഇനി വരുവാനുള്ളവർ മൂന്നിൽ കൂടുതൽ മാസങ്ങളായി ജോലി ഇല്ലാതിരിക്കുന്നവരും ജോലി നഷ്ടപ്പെട്ടവരും വിസാ
കാലാവധി കഴിഞ്ഞു പൊതുമാപ്പ് പ്രയോജനപ്പെടുത്തി വരാനിരിക്കുന്നവരും മറ്റു   ജീവിതചര്യാ രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവരും ഒക്കെയാണ്.

ഇത്തരക്കാർക്ക് ഈ ചിലവ് ഭാരിച്ചതുതന്നെയാണ്. പണം നല്കാൻ കഴിവുള്ളവരിൽ നിന്നും സംഭാവനയായി സർക്കാരിന് പണം സ്വീകരിക്കാം. പക്ഷെ നിരാലംബരായവരോട് കരുണ കാണിക്കണം.

തിരിച്ചെത്തുന്ന പ്രവാസികൾ ക്വാറന്റൈനിൽ പോകുന്നത് നാടിനും രാജ്യത്തിനും വേണ്ടിയാണ്. പ്രവാസികളുടെ വിയർപ്പിന്‍റെ ഒരംശം രാജ്യത്തിന്‍റെ എല്ലാ നേട്ടങ്ങളിലും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. ആയതുകൊണ്ട് ക്വാറന്റൈൻ ചിലവ് വ്യക്തികൾ വഹിക്കണം എന്ന തീരുമാനം ഉടനെ തിരുത്തണം. കൂടാതെ കോവിഡ് മൂലം വിദേശത്തു മരണപ്പടുന്നവരുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും കല(ആര്ട്ട്) കുവൈറ്റ് ആവശ്യപ്പെട്ടു.

×