പ്രവാസി കേരളാ കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ജോസ് കെ. മാണിയോടൊപ്പം

New Update

publive-image

Advertisment

ഹ്യൂസ്റ്റണ്‍:കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ നിലപാടുകള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നു പ്രവാസി കേരളാ കോണ്‍ഗ്രസ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രഖ്യാപിച്ചു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി നിന്നു കൊണ്ടു കെ.എം. മാണി ഉയര്‍ത്തിപ്പിടിച്ച നീതി-സമത്വ സിദ്ധാന്തത്തെ നിറവേറ്റുകയെന്നത് കാലത്തിന്റെ അനിവാര്യതയാണ്.

അതിനായി സാമൂഹിക നീതി ബോധമുള്ള ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും അധികാരമോഹികളുടെ സ്വാര്‍ത്ഥമോഹങ്ങളെ തിരസ്‌ക്കരിക്കുകയും ചെയ്യുന്ന ജോസ് കെ. മാണിയുടെ നിലപാടുകളാണ് ശരി.

അതാണു ശരിയെന്നു കാലം തെളിയിക്കും. മഴയത്തു നനഞ്ഞു കുളിച്ചു കയറിവന്ന പൂച്ചക്കുഞ്ഞ് അടുക്കളയിലെ അടുപ്പില്‍ കയറി അധികാരം സ്ഥാപിക്കുന്ന കാഴ്ചയാണ് കേരളാ കോണ്‍ഗ്രസ്സില്‍ അടുത്തിടെ കണ്ടത്.

ലജ്ജിപ്പിക്കുന്ന ഈ കാഴ്ചയുടെ നാണക്കേടില്‍ നിന്നും ആത്മാഭിമാനമുള്ള പ്രവര്‍ത്തകരോടൊപ്പം മാറി നടന്ന ജോസ് കെ. മാണിയുടെ നേതൃത്വത്തിനു എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നു ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര അഭിപ്രായപ്പെട്ടു.

പാലായും കോട്ടയത്തിനും അപ്പുറത്ത് രാഷ്ട്രീയ വേരോട്ടങ്ങളുള്ളതിന്റെയും ജനസ്വാധീനത്തിന്റെയും കരുത്താണ് എല്‍ഡിഎഫ് കൂടെക്കൂട്ടിയതിനു പിന്നിലെന്നും അത് കേരള കോണ്‍ഗ്രസ് മാണി പക്ഷത്തിനു ലഭിച്ച നീതിയാണെന്നും ദേശീയ പ്രസിഡന്റ് ജയ്ബു കുളങ്ങര പറഞ്ഞു.

രാഷ്ട്രീയപരമായ നിലപാടുകള്‍ക്കല്ല, ജനങ്ങളുടെ സാമൂഹികമായ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് രാഷ്ട്രീയത്തിന്റെ സംശുദ്ധിയുടെ വക്താക്കള്‍.

അധികാരത്തിന്റെ പീഠപര്‍വ്വത്തില്‍ നിന്നും ജനസേവകനായി ഇറങ്ങിവരുന്ന ജോസ് കെ. മാണി പാര്‍ട്ടിക്കു നല്‍കുന്ന കരുത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ് എന്നുമൊപ്പമുണ്ടാകുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ സത്യസന്ധയ്ക്കും ജനസേവനത്തിനും മാണിസര്‍ കാണിച്ചു കൊടുത്ത പാത ധാര്‍മ്മികമായി പിന്തുടരുന്ന ജോസ് കെ. മാണിയുടെ രാഷ്ട്രീയനിലപാടുകളെ പ്രവാസി കേരളാ കോണ്‍ഗ്രസ് മാനിക്കുന്നുവെന്നും ഉറച്ച പിന്തുണയോടെ ഒരുമിച്ചു നില്‍ക്കാന്‍ എല്ലാ പ്രവര്‍ത്തകരെയും ആഹ്വാനം ചെയ്യുന്നുവെന്നും കോര്‍ഡിനേറ്റര്‍ ജോര്‍ജ് കൊളച്ചേരി പറഞ്ഞു.

-ഡോ. ജോര്‍ജ് എം കാക്കനാട്ട്

us news
Advertisment