ത്വായിഫിൽ പ്രവാസി മലയാളി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു; മരിച്ചത് മുക്കം സ്വദേശിയായ 47കാരന്‍

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, May 25, 2020

ജിദ്ദ: ത്വായിഫിൽ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. കോഴിക്കോട്, മുക്കം, കാരശ്ശേരി കളത്തിങ്ങൽ പരേതനായ അബൂബക്കർ ഹാജി – മറിയം ദമ്പതികളുടെ മകൻ കെ സി സി മുഹമ്മദ് (47) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ത്വായിഫിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇബ്‌നു അബ്ബാസ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം മൃതദേഹം സെയ്ൽ റോഡിലുള്ള ഇബ്‌റാഹീം ജഫാലി ഖബർസ്ഥാനിൽ ഖബറടക്കി.

24 വർഷമായി തായിഫ് ഉക്കാദ് സ്ട്രീറ്റിലെ ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വർഷം മുമ്പാണ് മുഹമ്മദ് അവസാനമായി അവധി കഴിഞ്ഞു നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.

ഭാര്യ: ഫൗസിയ. മക്കൾ: മുഹ്‌സിന, മുബഷീർ. മരുമകൻ; ഷംശീർ പെരുമണ്ണ. സഹോദരങ്ങൾ: പരേതനായ അഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ, അബ്ദുൽ മജീദ്, ഫാത്തിമ, ആമിന.

പിതൃസഹോദര പുത്രൻ മുജീബ്‌റഹ്മാൻ, എ.വി ഹംസക്കോയ, ചാലിയം കെ എം സി സി നേതാക്കളായ മുഹമ്മദ് സാലിഹ്, അബ്ദുൽ സലാം പുല്ലാളൂർ, ബഷീർ താനൂർ, അഷ്‌റഫ് താനാളൂർ എന്നിവർ മരണാനന്തര കാര്യങ്ങൾക്ക് നേതൃത്വം നൽകി.

×