കുവൈറ്റ്: കൊറോണ പ്രതിസന്ധി ദൈനംദിനം വർധിച്ചുകൊണ്ടിരിക്കുകയും കൂടുതൽ പ്രവാസികളിലേക്ക് രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടെ പ്രവാസികൾ ആശങ്കയിൽ.
പ്രവാസികൾക്കിടയിലെ മരണനിരക്കും രോഗനിരക്കും വർധിച്ചുവരുന്നത് ഏറെ ആശങ്കയോടെയാണ് വിദേശി സമൂഹം കാണുന്നത്.
/sathyam/media/post_attachments/QcXaVZCDp2NqkWUPkjcK.jpg)
മലയാളികളായ ആരോഗ്യപ്രവർത്തകർക്കിടയിലെ കൊറോണ വ്യാപനമാണ് ഏറെ ഭീതി പരത്തുന്നത്. കഴിഞ്ഞ ദിവസം മുബാറക് ആശുപത്രിയിലെ 11 മലയാളി നഴ്‌സുമാർക്കും സബാ ആശുപത്രിയിലെ 3 മലയാളി നഴ്‌സുമാർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. 9 നേഴ്സുമാരുടെ കൊറോണ പരിശോധനാ ഫലം വരാനിരിക്കുകയാണ്.
ജോലി കഴിഞ്ഞു വീടുകളിലേക്ക് എത്തുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ ഉണ്ടാകുന്നതാണ് ഏറെ ഭീതിജനകം.
ക്യാമ്പുകളിലേത് നരകയാതന
മറ്റൊരു പ്രശ്നം ലേബർ ക്യാമ്പുകളിലെ സ്ഥിതിയാണ്. ഒരു മുറിയിൽ എട്ടും പത്തും പേർ താമസിക്കുകയും ഇവരിൽ നിന്ന് രണ്ടോ മൂന്നോ പേർ ജോലിക്ക് പോകേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് പല ക്യാമ്പുകളിലും നിലവിലുള്ളത്.
പ്രവാസികളെ സംരക്ഷിക്കാനുള്ള നോർക്ക പോലുള്ള സംവിധാനങ്ങളുടെ ഭാഗമായ പ്രമുഖ മലയാളി വ്യവസായികളുടെ കമ്പനികൾ വരെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. മലയാളികളായ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നവരിലധികവും. ഇവർ ജോലി കഴിഞ്ഞ് എത്തുന്നത് ഇതേ ക്യാമ്പുകളിലേക്കാണ്.
ഒപ്പം ജോലി ചെയ്യുന്ന ആർക്കൊക്കെ രോഗം ഉണ്ടെന്നുപോലും പറയാനാകാത്തതാണ് സ്ഥിതി. ദിവസവും കുവൈറ്റിൽ സ്ഥിരീകരിക്കുന്ന കൊറോണ കേസുകളിൽ 60 - 70 ശതമാനം വരെ ഇന്ത്യക്കാരിലാണ്.
അതിനാൽ തന്നെ ഏത് സമയത്തും നമുക്കും എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് കുവൈറ്റിലും മറ്റ് ഗൾഫ് രാജ്യങ്ങളിലൊക്കെയും ഉള്ളത്.
/sathyam/media/post_attachments/DgqYtjsyi65Q7liSfO3B.jpg)
മരണത്തേക്കാൾ ഭയാനകം മരണാനന്തരം !
പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന മരണനിരക്ക് ആശങ്ക വർധിപ്പിക്കുന്നു. മരിച്ചാൽ ജനിച്ച മണ്ണിലെത്തി സ്വന്തം സംസ്കൃതിയിൽ അലിഞ്ഞുചേരുകയെന്ന പ്രവാസികളുടെ സ്വപ്നം പോലും ഇപ്പോൾ വിദൂരത്താണ്. മരണപ്പെട്ട നിരവധി പേരുടെ മൃതദേഹമാണ് നാടണയാനുള്ള ആഗ്രഹത്താൽ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളെല്ലാം കൂടി കടുത്ത മാനസിക സമ്മർദ്ദത്തിലേക്കാണ് പ്രവാസികളെ നയിക്കുന്നത്. ദിവസ വരുമാനക്കാരായിരുന്ന ആയിരക്കണക്കിന് പ്രവാസികളാണ് നരകയാതനകളിൽ ക്യാമ്പുകളിൽ കഴിയുന്നത്.
ഒരു നേരത്തെ ആഹാരത്തിനായി ആരുടെയെങ്കിലും കനിവ് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഏറെ ദയനീയമാണ്.
നിർമ്മാണ മേഖലയിലും പെട്രോളിയം മേഖലയിലും പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികളുടെ സ്ഥിതിയും കഷ്ടമാണ്. റമദാൻ കൂടി ആഗതമായതോടെ ജോലിയും വരുമാനവുമില്ലാതെ ക്യാമ്പുകളിൽ തുടരേണ്ടി വരുന്നവരുടെ സ്ഥിതി ദയനീയം തന്നെ.
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിനൊപ്പം അടിയന്തിരമായി മുഖേന കഷ്ടതയനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
ഇതിനായി ഫണ്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ തീരുമാനം ഇതുവരെ ഉണ്ടാകാത്തത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us