കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരുടെ ആശങ്ക ഒരിടത്ത് ! നാട്ടിലെത്തി കുവൈറ്റിലേക്ക് മാത്രം മടങ്ങാൻ സുവർണ്ണ നാളുകളെണ്ണി കഴിയുന്ന 1.56 ലക്ഷം പ്രവാസികളുടെ ആശങ്കകൾ മറ്റൊരിടത്ത് ! നാട്ടിലെത്തിയ പ്രവാസികളുടെ നഷ്ട സ്വപ്നങ്ങളും നേരംപോക്കും ഇങ്ങനെയൊക്കെ ...?

New Update

കുവൈറ്റ്:  രാജ്യത്ത് നിന്നും പ്രവാസികളെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെ ലോക്ക് ഡൗണിന് മുമ്പായി കുവൈറ്റിൽ നിന്നുമാത്രം ഇന്ത്യയിലെത്തി തിരിച്ചെത്താനുള്ള സുവർണ്ണ നാളുകളെണ്ണി കഴിയുന്നത് 1.56 ലക്ഷം ഇന്ത്യൻ പ്രവാസികൾ.

Advertisment

ലോക്ക് ഡൗണിന് മുമ്പ് അവധിയും മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് തിരിച്ചവരാണിവർ. ഇവരുടെ മടക്കയാത്രയെക്കുറിച്ച് ആലോചിക്കാനുള്ള സാഹചര്യമല്ല നിലവിലെങ്കിലും ഇവരുടെ പ്രതിസന്ധികളും കാണാതെ പോകാൻ കഴിയില്ല.

publive-image

കാത്തിരിക്കുന്നത് പ്രതിസന്ധി തന്നെ ?

കുവൈറ്റിൽ നിന്നും ഇന്ത്യയിലെത്തി കാത്തിരിക്കുന്ന 1.56 ലക്ഷം പ്രവാസികളിൽ 30 - 40 ശതമാനവും മലയാളികളാണ്. ഇവരൊക്കെ കൊറോണ മുക്തമായി ശാന്തസ്ഥിതിയിലേക്ക് സ്വന്തം രാജ്യവും പ്രവാസനാടും മാറിയശേഷം വീണ്ടും അന്നംതരുന്ന നാട്ടിലെത്തുന്ന ദിവസമെണ്ണി കഴിയുന്നവരാണ്. പ്രതിസന്ധിയുടെ ദിവസങ്ങൾ എത്രയും വേഗം കടന്നുപോകണമേയെന്നാണ്‌ ഇവരുടെയൊക്കെ പ്രാർത്ഥനകൾ.

publive-image

ഇവരിൽ വിസ കാലാവധി കഴിഞ്ഞവരുണ്ട്, വന്നിട്ട് 6 മാസം കഴിഞ്ഞവരുണ്ട്. മടങ്ങിപ്പോകാൻ കഴിയാത്തതിനാൽ ജോലി നഷ്ടമായവരുമുണ്ട്.

വിസ കാലാവധി കഴിഞ്ഞവർക്ക് ഓൺലൈനായി വിസ പുതുക്കാനുള്ള സൗകര്യങ്ങൾ കുവൈറ്റ് സർക്കാർ തന്നെ ഒരുക്കിയിട്ടുണ്ട്. എന്നാൽ ആശ്രിത വിസയിൽ കഴിയുന്നവരുടെ വിസ പുതുക്കുന്നതിൽ ചില തടസങ്ങളുമുണ്ട്.

ഒന്നോ ഒന്നരയോ മാസത്തെ അവധിയ്ക്കായി നാട്ടിലെത്തിയിട്ട് കുവൈറ്റിലെ കൊറോണ പ്രതിസന്ധി മുന്നിൽ കണ്ട് മടക്കയാത്ര മാറ്റിവച്ചവരും, പിന്നെ മടങ്ങാൻ കഴിയാതിരുന്നവരുമുണ്ട്. ഇവരിൽ പലരുടെയും ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

publive-image

സ്വപ്നസാക്ഷാത്കാരങ്ങൾക്കായി എത്തിയവർ

മക്കളുടെ വിവാഹത്തിനും പണി നടന്നുകൊണ്ടിരുന്ന വീടുകളിൽ കയറി താമസത്തിനും വസ്തു വാങ്ങാനുമൊക്കെയായി അവധിക്ക് നാട്ടിലെത്തിയവരുമുണ്ട്. അവധിയും നഷ്ടമായി, കാര്യം നടന്നതുമില്ല എന്നതാണ് ഇവരിൽ പലരുടെയും അവസ്ഥ.

ലോക്ക് ഡൗൺ ആയതിനാൽ വിവാഹം പോലുള്ള ചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്. അതിനാൽ കുടുംബക്കാരെ മാത്രമാക്കി ചിലർ വിവാഹം നടത്തി, മറ്റ് ചിലർ ചടങ്ങ് മാറ്റിവച്ചു.

കുവൈറ്റിലെ പ്രമുഖ പൊതുപ്രവർത്തകനായിരുന്ന ചെസിൽ രാമപുരം നാട്ടിലെത്തിയത് പണി പൂർത്തിയായ വീട്ടിൽ കയറി താമസിക്കുന്നതിനായിരുന്നു. വീടിന്റെ അവസാനഘട്ട മിനുക്കുപണികൾ ഉള്ളതിനാൽ ചെസിൽ ആദ്യം കയറിപ്പോയി.

ഭാര്യയും മക്കളും പിന്നാലെ പോകാനുമായിരുന്നു പദ്ധതി. ചെസിൽ നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴേ ഇന്ത്യയിൽ ലോക്ക് ഡൗൺ ആയി. ഭാര്യയുടെയും മക്കളുടെയും യാത്രയും മുടങ്ങി.

ഒടുവിൽ വീടിന്റെ പാലുകാച്ചാനുള്ള ഗൃഹനാഥയില്ലാതെ നാട്ടിൽ ചെസിലും ബന്ധുക്കളും മാത്രം ചേർന്ന് കയറി താമസം നടത്തി. ഭാര്യയും മക്കളും കുവൈറ്റിലിരുന്ന് ഓൺലൈനായി എല്ലാം വീക്ഷിച്ചു.

publive-image

കൃഷി പ്രവാസിയ്ക്ക് പുത്തരിയല്ല !

പ്രവാസ നാട്ടിലാണെങ്കിലും ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ പച്ചക്കറി കൃഷി നടത്തുന്നവരാണ് പ്രവാസികൾ. ഇത്തവണ കുവൈറ്റിലേക്കുള്ള യാത്ര മുടങ്ങി വീട്ടിൽ വെറുതെ ഇരിക്കുമ്പോഴും കൃഷിയിലൂടെ സമയം ലാഭിക്കുകയാണവർ.

ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ കൃഷി ചെയ്ത് ഇപ്പോൾ അതിന്റെ ഫലം എടുത്ത് ഉപയോഗിക്കാനും തുടങ്ങി. അതിനാൽ ഒരു കൊറോണ കൊണ്ടൊന്നും അത്ര എളുപ്പത്തിൽ പ്രവാസികളെ തോൽപ്പിക്കാൻ കഴിയില്ല.

ചിലർ വേനൽമഴ കിട്ടിയപ്പോൾ പറമ്പിലിറങ്ങി സ്വയം കിളച്ച് തടമെടുത്ത് കപ്പ നാട്ടുകഴിഞ്ഞു. അത് പറിക്കാൻ പാകമാകും മുമ്പ് പ്രവാസ നാടുകളിൽ എത്തണം എന്നാണു ലക്ഷ്യമെന്ന് മാത്രം !

publive-image

സമാന ദുഖിതരുടെ കൂട്ടായ്മ !

മടങ്ങിയെത്തിയ പ്രവാസികൾ വാട്സാപ്പ് കൂട്ടായ്മകൾ ഉണ്ടാക്കി പരസ്പരം തങ്ങളുടെ നാട്ടിലെ ആക്ടിവിറ്റികൾ ഷെയർ ചെയ്യുന്നതും ആശയങ്ങൾ പങ്കുവയ്ക്കുന്നതും മറ്റൊരനുഭവമാണ്. അതിനിടെയും നാട്ടിലും പ്രവാസ ലോകത്തും ലോക്ക് ഡൗണിനിടെ കഷ്ടതയനുഭവിക്കുന്നവരെ ഏതൊക്കെ രീതിയിൽ സഹായിക്കാനാകുമോ അതൊക്കെയും ഈ ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നുണ്ട്.

പത്തനംതിട്ടയിലെ പ്രവാസികളാണ് ആദ്യം വാട്സാപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്. കുവൈറ്റ് ഉൾപ്പെടെയുള്ള പ്രവാസ നാടുകളിൽ ലോക്ക് ഡൗണിനിടെയും കോവിഡ് കേസുകളുടെ എണ്ണം കൂടി വരുന്നതാണ് പ്രവാസികളുടെ ആശങ്ക.

Advertisment