കുവൈറ്റ്: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുകയും പൊതുഗതാഗത സംവിധാനങ്ങൾ മെയ് 3 വരെ നിരോധിക്കുകയും ചെയ്തതോടെ ആശങ്കയിലായത് പ്രവാസികളാണ്. പ്രത്യേകിച്ച് ദിവസ വരുമാനക്കാരായ പതിനായിരക്കണക്കിന് പ്രവാസികൾ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാകാത്ത പ്രതിസന്ധികളാണ്.
ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിച്ചാൽ നാട്ടിലേക്ക് എത്താമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ അതിന് മെയ് അവസാനം വരെ വേണമെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണു സൂചനകൾ.
വരുമാനം തന്നെയാണ് പ്രധാന പ്രതിസന്ധി. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തുവന്നിരുന്ന ഭൂരിപക്ഷത്തിനും ശമ്പളമില്ല. ദിവസ വരുമാനക്കാർക്ക് വരുമാനങ്ങളില്ല.
കുവൈറ്റിൽ ടാക്സി മേഖലയിൽ തന്നെ ജോലി ചെയ്യുന്നത് 18000 ത്തോളം പേരാണ്. അതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ് . റസ്റ്ററന്റുകളിലും സ്റ്റുഡിയോകളിലും മറ്റ് കമ്പനികളിലുമൊക്കെ ദിവസവേതനത്തിന് പണിയെടുക്കുന്നവരുടെ അവസ്ഥ പറയാതിരിക്കുന്നതാകും ഭേദം.
പലർക്കും നാട്ടിൽ വായ്പകളുണ്ട്. പ്രവാസ ലോകത്ത് കടബാധ്യതകളുണ്ട്. അവയുടെ തിരിച്ചടവ് മുടങ്ങും. കൊറോണ എത്ര പ്രശ്നമായാലും വാടക മുടങ്ങാനാവില്ലെന്നതാണ് കെട്ടിട ഉടമകളുടെ വാശി. ഭക്ഷണത്തിന് ചിലവ് കണ്ടെത്തണം.
ഒരു രോഗം വന്നാൽ ആശുപത്രികളിൽ എത്താൻ പറ്റാത്ത സ്ഥിതിയുണ്ട്. എത്തിയാൽ കാര്യമില്ലെന്ന അവസ്ഥയും. ചുരുക്കത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് പ്രവാസികളുടെ ദുരിതങ്ങൾ.
സുപ്രീംകോടതിയാണോ പ്രവാസികൾക്ക് നാട്ടിൽ കാലുകുത്താനുള്ള മുഹൂർത്തം നിശ്ചയിക്കുന്നത് എന്നത് വേറെ ആലോചിക്കണം. സർക്കാരുകൾക്ക് ഇശ്ചാശക്തിയുണ്ടെങ്കിൽ ഒരു കോടതിയും അങ്ങനെ പറയില്ല. കോടതികൾ ഞങ്ങളെ രക്ഷിക്കണം എന്ന് സർക്കാർ പറഞ്ഞാൽ അവർക്ക് വേറെ മാർഗ്ഗവുമില്ല.
ഈ സാഹചര്യത്തിൽ അടിയന്തിരമായി സർക്കാർ ചെയ്യേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, നിലവിലെ സാഹചര്യത്തിൽ അതാത് പ്രവാസ നാടുകളിൽ സർക്കാർ ഇടപെടണം. രണ്ട്, അവരെ തിരികെയെത്തിച്ച് പഞ്ചായത്ത് തലത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഉണ്ടാക്കി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം.
പ്രവാസ നാടുകളിൽ അടിയന്തിരമായി വേണ്ടത് അവരുടെ വാടക ഒഴിവാക്കാനുള്ള ഇടപെടലുകളാണ്. അതിന് എംബസികൾ വഴി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തിര ഇടപെടലുകൾ നടത്തണം. എന്ന് പറഞ്ഞാൽ, അത് ഇന്ന് മുതൽ ആരംഭിക്കണം.
രണ്ടാമത്, എംബസികളിൽ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ സഹായിക്കുക എന്നതാണ്. ഇത് അവർക്ക് വേണ്ടിയുള്ള ഫണ്ടാണ്. അതുപയോഗിക്കേണ്ടത് ഇപ്പോഴാണ്. ക്ലേശത അനുഭവിക്കുന്ന പ്രവാസികൾക്ക് ആവശ്യാനുസരണം ഫണ്ട് എത്തിച്ചുകൊടുക്കണം.
ഒന്നര മാസത്തോളമായി വരുമാനമില്ലാതെ കുടുസുമുറികളിൽ ഒതുങ്ങിക്കൂടുന്ന പ്രവാസികളുടെ യാതന ഇനിയും കണ്ടില്ലെന്നു നടിക്കരുത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us