കുവൈത്ത്: സ്ത്രീ ശക്തി വിളിച്ചോതിക്കൊണ്ട് കുവൈത്തിലെ ഒരു പറ്റം അമ്മമാർ അണിയിച്ചൊരുക്കിയ ജൽസ- 2019 പ്രൗഢഗംഭീരമായി. മലയാളി മോംസ് മിഡിൽ ഈസ്റ്റ് (എം.എം.എം ഇ) ന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയ സെൻട്രൽ സ്കൂൾ അങ്കണത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
അടുക്കളയിൽ മാത്രമല്ല പൊതുവേദികളിലും അരങ്ങിലും വനിതകൾക്ക് എന്തു ചെയ്യാൻ സാധിക്കും എന്നത് പുറം ലോകത്തിന് കാണിച്ച് കൊടുക്കുക കൂടിയായിരുന്നു പ്രവാസ ലോകത്തെ അമ്മമാരുടെ കൂട്ടായ്മ. അമ്പിളി രാഗേഷ് സ്വാഗതം പറഞ്ഞ ചടങ്ങുകൾക്ക് സുമി ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ താരം അനുശ്രീ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജൽസ 2019 യുടെ സ്മരണികയുടെ ആദ്യ കോപ്പി രഹ്ന സൂരജിന് നൽകി അനുശ്രീ പ്രകാശനം നിർവ്വഹിച്ചു. അയ്യൂബ് കച്ചേരി ,അഹമ്മദ് ബാഷ, ഷിജു.കെ. ലാസർ, ഷൈഖ് അബ്ദുള്ള, ബാബു ഫ്രാൻസിസ്, അഫ്സൽ ഖാൻ എന്നിവർ ആശസകൾ നേർന്ന് സംസാരിച്ചു. അമൃത അമൽ നന്ദിയും പറഞ്ഞു. കൾച്ചറൽ പ്രോഗ്രാം കേണൽ ഇബ്രാഹിം ദുവെ ഉദ്ഘാടനം ചെയ്തു. സാബിറ ഷബീർ, ദിൽന എന്നിവർ വിശിഷ്ടാഥികൾക്ക് ഉപഹാരങ്ങൾ നൽകി.
സിനിമാ താരം അനുശ്രീയും പ്രശസ്ത കൊറിയോഗ്രാഫർ ബിജു ധ്വനി തരംഗും കുവൈതിലെ നൃത്ത വിദ്യാലയങ്ങളായ നാട്യ മന്ത്രയും ജാസ് സ്റ്റുഡിയോവും ചേർന്നൊരുക്കിയ നൃത്തനൃത്യങ്ങൾക്കൊപ്പം എം.എം.എം ഇ അംഗങ്ങൾ അവതരിപ്പിച്ച നയന സുന്ദര നൃത്തങ്ങൾ കൂടിച്ചേർന്നപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ശബ്ദമുഖരിതമായി.
പ്രശസ്ത കീബോർഡിസ്റ്റ് അനൂപ് കോവളവും സ്റ്റാർ സിംഗർ ഫെയിം റോഷനും റിയാനയും ഒപ്പം കുവൈത്തിലെ അനുഗ്രഹീത ഗായകരായ അരുൺ മ്യൂസിക് ബീറ്റ്സും റബേക്കയും ചേർന്ന് പാട്ടിന്റെ പാലാഴി തീർക്കുകയായിരുന്നു.
കുവൈതിലെ പ്രശസ്ത ഈവൻറ് മാനേജ്മെൻറ് ഗ്രൂപ്പായ മ്യൂസിക്ക് ബീറ്റ്സ് ശബ്ദവും വെളിച്ചെവും ഏകോപിപ്പിച്ച ചടങ്ങുകൾക്ക് വേദിയെയും സദസ്സിനെയും കോർത്തിണക്കി ആർ ജെ സുമിയുടെ ഏകോപനം കൂടിയായപ്പോൾ കുവൈതിലെ മലയാളികൾക്ക് വേറിട്ടൊരു കലാസന്ധ്യ സമ്മാനിച്ചു. പൊതു ചടങ്ങുകൾ ആൺ- പെൺ വ്യത്യാസത്തിൽ കർട്ടനുകളിട്ട് വേർതിരിക്കുന്ന കാലഘട്ടത്തിൽ കൂട്ടായ്മയുടെ കോ ഓർഡിനേറ്റേർസും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകിയ ജൽസ 2019 പ്രൗഢഗംഭീരമായാണ് സമാപിച്ചത്.