ഉയരം.., തൂക്കം.. കുടവയര്‍ – കുവൈറ്റില്‍ മഹാബലി ഔസേപ്പച്ചനാണ് താരം. യുവനടി അസിന്‍ തോട്ടുങ്കലിന്റെ കസിന്‍ കുവൈറ്റിലെ തിരക്കേറിയ മാവേലിയായി മാറുന്നു !

ഗള്‍ഫ് ഡസ്ക്
Tuesday, September 10, 2019

കുവൈറ്റ്:  ശരീരഭാരം 142 കിലോ.  ആറടിയോളം ഉയരം.  പ്രായം 39. കുടവയര്‍ മാവേലിയോളം വരും. ഗാംഭീര്യവും അത്രതന്നെ !  ഈ വര്‍ഷം കുവൈറ്റ് മലയാളികള്‍ക്കിടയില്‍ തരംഗമായി മാറുന്ന ‘മഹാബലി’ ഔസേപ്പച്ചന്‍ ടി തോട്ടുങ്കലിന് മാവേലിയുമായി രൂപസാദൃശ്യം തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ചമയങ്ങളണിഞ്ഞിറങ്ങിയാല്‍ ഒരു മാവേലിത്തമ്പുരാന്‍ തന്നെ.

കഴിഞ്ഞ വെള്ളിയാഴ്ച കുവൈറ്റ് ഇടുക്കി അസോസിയേഷന്റെ ഓണാഘോഷത്തിന് മാവേലി വേഷത്തിലെത്തിയതായിരുന്നു ഔസേപ്പച്ചന്‍. ആ രൂപഭംഗി കാഴ്ചക്കാര്‍ക്ക് നന്നായി അങ്ങ് പിടിച്ചു. ഇനി അടുത്ത ഒന്നര മാസത്തേക്ക് മാവേലിയാകാന്‍ ഔസേപ്പച്ചന്‍ ബുക്കിംഗിലാണ്.

എസ് എം സി എ മുതല്‍ ഓ ഐ സി സി വരെയുള്ള സംഘടനകളുടെ ഓണാഘോഷ പരിപാടികളില്‍ മാവേലിയായെത്തുന്നത് ഔസേപ്പച്ചനാണ്.

സിനിമാനടി അസിന്‍ തോട്ടുങ്കലിന്റെ പിതൃസഹോദര പുത്രനാണ് ഔസേപ്പച്ചന്‍. കുവൈറ്റില്‍ പാലസ് സ്റ്റേഷനറിയില്‍ സെയില്‍സ് കോ – ഓര്‍ഡിനേറ്ററായ ഔസേപ്പച്ചന്‍ എം എ, ബി എഡ് നേടിയശേഷം എം ബി എയും പൂര്‍ത്തിയാക്കിയിരുന്നു. മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ് റിട്ട. പ്രൊഫസര്‍ പരേതനായ തോമസിന്റെ മകനാണ് ഔസേപ്പച്ചന്‍. ഭാര്യ വിനീത ജഹ്ര ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സാണ്.

മാവേലിയായി ഔസേപ്പച്ചനെ അണിയിച്ചൊരുക്കുന്നത് ഷാജി സെബാസ്റ്റ്യനും സംഘവുമാണ്.  മാവേലിയുടെ നടത്തം മുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ വരെ ഔസേപ്പച്ചന് ഒരു മാവേലി ടച്ചുണ്ട്. മലയാളികള്‍ക്ക് പ്രിയങ്കരമായത് ഈ രൂപം തന്നെ !

×