പ്രവാസി മലയാളികൾ അന്യഗ്രഹ ജീവികൾ അല്ല. അവരാണോ നാട്ടിൽ വൈറസിന്റെ വിത്ത് വിതയ്ക്കുന്നത്. ഇത് പ്രവാസിക്കെതിരെ വിരല്‍ചൂണ്ടാനുള്ള സമയമല്ല – കുവൈറ്റ്‌ മലയാളിയുടെ കുറിപ്പ്

ഗള്‍ഫ് ഡസ്ക്
Monday, March 23, 2020

പ്രവാസി മലയാളികൾ ഇങ്ങോട്ട് വരരുത്. അവരാണ് നാട്ടിൽ വൈറസിന്റെ വിത്ത് വിതയ്ക്കുന്നത് എന്ന തരത്തിലുള്ള ചില സാമൂഹ്യ മാധ്യമ പോസ്റ്റുകൾ കണ്ടു. ഏറെ ദുഃഖം തോന്നിയത് കൊണ്ട് ഇങ്ങനെ കുറിക്കുന്നു.

കൊറോണവൈറസ് ഗൾഫ് രാജ്യങ്ങളിൽ പൊട്ടി മുളച്ചു വളർന്നതല്ല. ഇന്ത്യയിൽ എത്തിയതുപോലെ തന്നെ ചൈനയിൽ നിന്നും, പിന്നീട് മറ്റു രാജ്യങ്ങളിൽ നിന്നും, ഗൾഫ് നാടുകളിലും ഇറക്കുമതി ചെയ്യപ്പെട്ടതാണ്.

ഇറ്റലി അടക്കമുള്ള യുറോപ്പ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ഈ വൈറസ് അങ്ങനെ എത്തിയതാണ്.

ഗൾഫിൽ പണിയെടുക്കുന്ന മലയാളികൾ, കേരള സമൂഹത്തിന്റെ ഒരു പരിശ്ചേദം തന്നെയാണ്. ഒരുവേള, കൂടുതൽ അച്ചടക്കവും അധ്വാനശീലവും ഉള്ളവർ. സത്യത്തിൽ, കേരളത്തിന്റെ സമ്പത്ത്ഘടനയെ നിലനിർത്തുന്നത് തന്നെ 2.8 ദശലക്ഷം വരുന്ന ഗൾഫ് മലയാളികളുടെ നിക്ഷേപവും സാമ്പത്തിക പിന്തുണയുമാണ്.

എന്നാൽ കോഴിക്കോട് വന്നു നിരുത്തരവാദപരമായി നാട്ടിൽ ചുറ്റിക്കറങ്ങിയ കാസർകോടുകാരൻ ഒരു ശരാശരി മലയാളി പ്രവാസിയുടെ പ്രതിനിധി ആണെന്ന് പറയാൻ കഴിയില്ല. ഒരു പുഴുക്കുത്ത്. അയാളുടെ പ്രവർത്തി അക്ഷന്തവ്യവും കുറ്റകരവുമാണ്.

മദ്യശാലകൾക്കും ബിവറേജുകൾക്കും മുമ്പിൽ തിക്കിത്തിരക്കുന്ന, ഷാപ്പ് പിടിക്കാൻ തള്ളിക്കയറുന്ന, പള്ളികളിലും, അമ്പലങ്ങളിലും ദൈവത്തെ പ്രീണിപ്പിക്കാൻ തടിച്ചു കൂടുന്ന, രാഷ്ട്രീയ പ്രകടനങ്ങൾ ഒക്കെ നടത്തുന്ന മലയാളികളുടെ ഒക്കെ അല്പം കൂടിയ ഒരു വേർഷൻ. ഇവരൊക്കെ വലിയ സാമൂഹ്യവിപത്തു തന്നെയാണ്.

ശ്രീചിത്രയിലെ വലിയ പിഴവ്, കൊച്ചി എയർപോർട്ടിൽ ഉണ്ടായ വീഴ്ച, മൂന്നാറിൽ കെ. ടി. ഡി. സി. ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒക്കെ നമ്മുടെ ജാഗ്രത കുറവ് തന്നെയാണ് സൂചിപ്പിക്കുന്നത്.

കേരള സമൂഹത്തിലെ ഇത്തരം ചില പുഴുക്കുത്തുകൾക്ക് പ്രവാസി സമൂഹത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന തരത്തിലും അവർ മറ്റേതോ ഗ്രഹത്തിൽ നിന്നും വന്നവരാണ് എന്ന അർത്ഥത്തിലും ഉള്ള ചില പോസ്റ്റുകൾ തീർത്തും അപലപനീയമാണ്.

ദൗർഭാഗ്യവശാൽ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോവിഡ് -19 വ്യാപനം തടയാനുള്ള ശ്രമങ്ങൾ അത്ര ഗൗരവത്തോടെ ഇപ്പോഴും കാണാത്ത ഒരു വലിയ ജനവിഭാഗം നമുക്കിടയിൽ ഉണ്ട്.

തുടക്കത്തിൽ കാര്യങ്ങൾ നിസ്സാരമായി കാണുകയും ജാഗ്രത കുറവ് കാട്ടുകയും ചെയ്തതിന്റെ ഫലം കൂടിയാണ് ഇറ്റലിയിലും ബ്രിട്ടനിലും ഒക്കെ കാര്യങ്ങൾ ഇത്ര വഷളാക്കിയത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

വ്യാപനത്തിന്റെ മൂന്നാം സ്റ്റേജിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ, നാം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ ഒരു വലിയ പ്രതിരോധം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്.

ആരോഗ്യ സുരക്ഷാരംഗത്തെ മുൻനിര രാജ്യങ്ങളായ ഇറ്റലിയും, സ്പെയിനും ഒക്കെ നിസ്സഹായരായി, പകച്ചു നിൽക്കുന്ന ഈ അവസ്ഥയിൽ, ഒരു സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിതി ഉണ്ടായാൽ പിടിച്ചു നിൽക്കാൻ നമുക്ക് കഴിയുകയില്ല.

ഇതു ഒരു ആഗോള വിപത്താണെന്നും പ്രവാസി മലയാളികൾക്ക് നേരെ വിരൽ ചൂണ്ടാനുള്ള സമയമല്ലെന്നും തിരിച്ചറിയുക.

[ ലേഖകന്‍ കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകനും നാടക കലാകാരനുമാണ് ]

×