കുവൈറ്റിലെ ബീച്ചിൽ തിരമാലകളിൽപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ച സനിൽ ജോസഫിന് ഇന്ന് കുവൈറ്റ് മലയാളി സമൂഹത്തിന്റെ അന്ത്യയാത്രാമൊഴി ! പൊതുദർശനം 4 മണിക്ക്

ഗള്‍ഫ് ഡസ്ക്
Saturday, November 16, 2019

കുവൈറ്റ്:  വിനോദയാത്രയ്ക്കിടെ ഫൈലക്ക ബീച്ചിൽ തിരമാലകളിൽപ്പെട്ട കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച മലയാളി യുവാവ് കണ്ണൂർ ചേരാവൂർ സ്വദേശി പന്തപ്ലാക്കൽ സനിൽ ജോസഫിന് ഇന്ന് കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ അന്ത്യയാത്രാമൊഴി.

സനിലിന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാലിന് സുഹൃത്തുക്കൾക്കും മലയാളി സമൂഹത്തിനും അതിമോപചാരം അർപ്പിക്കാനായി സബാ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ടത്തെ ഇത്തിഹാദ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.

വെള്ളിയാഴ്ച പകലായിരുന്നു കുവൈറ്റ് മലയാളികളെ നടുക്കിയ ദുരന്തം. ഫൈലക്ക ബീച്ചിൽ വിനോദയാത്രയ്ക്കെത്തിയതായിരുന്നു സനിലും കുടുംബവും സുഹൃത്തുക്കളും. സുഹൃത്തിന്റെ മക്കളാണ് തിരമാലകളിൽപെട്ട് ആദ്യം കടലിൽ വീണത്.

തൊട്ടുപിന്നാലെ ചാടിവീണ സനിൽ കുട്ടികളെ രക്ഷിച്ചുകൊണ്ടുവന്ന് കരയ്ക്ക് നിന്നവരുടെ കയ്യിൽ കൊടുത്തു. എന്നാൽ തൊട്ടുപിന്നാലെ വന്ന തിരമാലകൾ സനിലിനെ വിഴുങ്ങി.

ഉടൻ കരയ്ക്കുണ്ടായിരുന്നവർ ഓടിക്കൂടി സനിലിനെ കരയ്‌ക്കെത്തിച്ചു. ഉടൻ എയർ ആംബുലൻസിൽ മുബാറഖിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി ദിവസമായിരുന്നെങ്കിലും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ തിരക്കിട്ടു പൂർത്തിയാക്കിയത് കെ കെ എം എ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിലായിരുന്നു.

ഓ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഫ്രണ്ട്സ് ഓഫ് കണ്ണൂർ സജീവാംഗം, എസ് എം സി എ അബ്ബാസിയ സെന്റ് ജൂഡ് ഫാമിലി ഗ്രൂപ്പംഗം എന്നീ നിലകളിലൊക്കെ കുവൈറ്റിലെ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സനിൽ ജോസഫ്.

ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത്‌ സനില്‍, അനയ മേരി സനില്‍

×