റിയാദ്: മലപ്പുറം പാർലിമെന്റ് മണ്ഡലത്തിൽ നിന്നും യു.ഡി.എഫ്. സ്ഥാനാർഥിയായി ജനവിധി തേടുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ചരിത്ര വിജയം ഉറപ്പിക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമായി പത്ത് ദിവസം കൊണ്ട് പതിനായിരം പേരെ ഫോണിൽ വിളിക്കുവാൻ തീരുമാനിച്ചു.
ബത്ഹ കെ.എം.സി.സി ഓഫീസിൽ ചേർന്ന തെരെഞ്ഞെടുപ്പ് കൺവൻഷനിലാണ് തീരുമാനം കൈകൊണ്ടത്. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് മജീദ് മണ്ണാർമല അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉൽഘാടനം ചെയ്തു.
നൂറ് പ്രവർത്തകർ ഓരോ ദിവസവും പത്ത് വീതം ആളുകളെയാണ് വിളിക്കുക. ഓരോരുത്തരും അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിവർക്കാണ് വിളിക്കുക. നൂറ് പേര് പത്ത് ദിവസം വിളിക്കുന്നതോടെ പെരിന്തൽമണ്ണ മണ്ഡലത്തിലെ പതിനായിരം പേരോട് വോട്ടഭ്യർത്ഥിക്കുവാൻ സാധിക്കും.
ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുവാനുള്ള പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. സംഘപരിവാരത്തിനെതിരെ മതേതര പരിവാരം രൂപപ്പെട്ടാൽ മാത്രമാണ് ഭാരതത്തിന് നിലനിൽക്കാൻ സാധിക്കുക. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷയുണ്ട്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ എതിർക്കുവാൻ കിട്ടുന്ന സന്ദർഭമാണ് ഈ തെരെഞ്ഞെടുപ്പ്. കൊലപാതക രാഷ്ട്രീയം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും മുഖ്യ പ്രഭാഷണം നിർവ്വഹിച്ച മാധ്യമ പ്രവർത്തകൻ ശരീഫ് സാഗർ അഭിപ്രായപ്പെട്ടു.
റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാനാലി പാലത്തിങ്ങൽ, സത്താർ താമരത്ത്, അഡ്വ.അനീർ ബാബു, മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഷാഫി മാസ്റ്റർ കരുവാരക്കുണ്ട്, യൂനുസ് സലീം താഴെക്കോട്, ഷൗക്കത്ത് കടമ്പോട്ട്, മുനീർ വാഴക്കാട്, നജ്മുദ്ധീൻ മഞ്ഞളാംകുഴി, അലി വെട്ടത്തൂർ, ശിഹാബ് ബാലയിൽ, ബുഷൈർ താഴെക്കോട്, ഷബീർ വളപുരം, സിദ്ധീഖ് താഴെക്കോട്, ഷൗക്കത്ത് ബാലയിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഖമറുദ്ദീൻ കുയിലൻ സ്വാഗതവും മുത്തു കട്ടുപ്പാറ നന്ദിയും പറഞ്ഞു.