ദമ്മാം: ഇയ്യിടെ അന്തരിച്ച എസ് ഡി പിഐ മുൻ ദേശീയ അദ്ധ്യക്ഷനും ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന എ സഈദ് സാഹിബിന്റെ വിയോഗത്തിലൂടെ ഇന്ത്യയിലെ നവസാമൂഹിക മുന്നേറ്റങ്ങൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിയിരിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാമിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
വാരാന്ത്യമല്ലാതിരുന്നിട്ടും രാഷ്ട്രീയ സംഘടനാ വ്യത്യാസമില്ലാതെ സഈദ് സാഹിബിനെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നൂറുകണക്കിന് പേരാണ് സോഷ്യൽ ഫോറം കിഴക്കൻ പ്രവിശ്യാ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ പങ്കെടുക്കാനും മയ്യത്ത് നിസ്‌കാരത്തിനുമായി എത്തിയത്.
<ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച എ സഈദ് സാഹിബ് അനുശോചന യോഗത്തിൽ ദമ്മാമിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.ടി അലവി സംസാരിക്കുന്നു>
ദമ്മാം അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് അബ്ദുള്ള കുറ്റിയാടി നേതൃത്വം നൽകി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് നാസർ കൊടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ സോഷ്യൽ ഫോറം എന്ന സംഘടനയെ 2013 ൽ ജിദ്ധയിൽ വെച്ച് പ്രഖ്യാപിച്ചത് സഈദ് സാഹിബായിരുന്നു.
അന്ന് മുതൽ മരണപ്പെടുന്നത് വരെ അദ്ദേഹം പിതൃതുല്യമായ ഉപദേശ നിർദേശങ്ങളോടെ കൂടെയുണ്ടായിരന്നു. 'വിശപ്പുരഹിത - ഭയരഹിത ഇന്ത്യ' എന്ന സ്വപനവുമായി ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഐതിഹാസികമായിരുന്നു എന്നും നാസർ കൊടുവള്ളി അനുസ്മരിച്ചു.
തുടർന്ന് സഈദ് സാഹിബിന്റെ നാട്ടുകാരനും സുഹൃത്തും കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.ടി അലവി ( ജീവൻ ടിവി) അദ്ദേഹവുമായി ഇടപഴകിയപ്പോഴൊക്കെ ഉണ്ടായിട്ടുള്ള ഹൃദയസ്പൃക്കായ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
സഈദ് സാഹിബ് ഒരിക്കൽ പോലും രാഷ്ട്രീയമോ സംഘടനാകാര്യങ്ങളോ താനുമായി സംസാരിച്ചിരുന്നില്ല; മറിച്ച് ഇന്ത്യയിലെ മുസ്ലിം ഉമ്മത്തിന്റെ നീറുന്ന വേദനകളായിരുന്നു അദ്ദേഹം മാസങ്ങൾക്കു മുൻപ് അവസാനാമായി കണ്ടപ്പോഴും താനുമായി പങ്കുവെച്ചിരുന്നതെന്നും, പ്രത്യേകിച്ച് ഉത്തരേന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ അദ്ദേഹം അതീവ ദു:ഖിതനുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഏത് കാര്യത്തിനും എപ്പോഴും സമീപിക്കാവുന്ന തുറന്ന സമീപനമുള്ള മാർഗദർശിയായ നേതാവിനെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് ഫ്രറ്റേണിറ്റി ഫോറം റീജ്യണൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ പറഞ്ഞു.
സഈദ് സാഹിബിന്റെ വേർപാട് ഇന്ത്യയിലെ നവസാമൂഹിക മുന്നേറ്റങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡൻറ് മൂസക്കുട്ടി കുന്നേക്കാടനും, ഖുർആനിന്റെ സമകാലിക വായനയിൽ അഗ്രഗണ്യനായ പണ്ഡിതനും മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട മഹാപണ്ഡിതനുമായിരുന്നു സഈദ് സാഹിബ് എന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉറുദു ചാപ്റ്റർ പ്രസിഡന്റ് നസ്‌റുൽ ഇസ്‌ലാം ചൗധരി ആസാം അനുസ്മരിച്ചു.
സോഷ്യൽ ഫോറം തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് ജഹാംഗീർ മൗലവി, മുഹ്സിൻ ആറ്റശ്ശേരി( (പ്രവാസി), അമിൻ ചൂനൂർ (യൂത്ത് ഇന്ത്യ) എന്നിവർ സംസാരിച്ചു. നമീർ ചെറുവാടി, ഫാറൂഖ് വവ്വാക്കാവ്, അൻസാർ കോട്ടയം, മുബാറക് ഫറോക്ക്, സിറാജുദീൻ ശാന്തിനഗർ നേതൃത്വം നൽകി.