ജിദ്ദ പത്തനംതിട്ടക്കാരുടെ പതിനൊന്നാം വാർഷികം സാഘോഷം വെള്ളിയാഴ്ച. “കായംകുളം കൊച്ചുണ്ണി” നാടകം ശ്രദ്ധ നേടും

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Friday, February 14, 2020

ജിദ്ദ:  നാട്ടിലും പ്രവാസ ദേശത്തും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരുടെ കൂട്ടായ്മ പി ജെ എസ് (പത്തനംതിട്ട ജില്ലാ സംഗമം) പതിനൊന്നാം വാർഷികം ആഘോഷിക്കുന്നു.

ഹറാസാത്തിലുള്ള സുമിത് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന വാർഷികാഘോഷത്തിലേയ്ക്ക് പൊതുജങ്ങൾക്കും പങ്കെടുക്കാം.

“വിഷൻ 2020” അവതരണം, അവാർഡ് ദാനം, കലാപരിപാടികൾ എന്നിവ ഉൾപ്പെടുന്ന പി ജെ എസ് വാർഷികാഘോഷത്തിൽ “കായംകുളം കൊച്ചുണ്ണി” എന്ന സംഗീത സാമൂഹ്യ നാടകം സാംസ്കാരിക സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രൊഫഷണൽ നാടകരംഗത്തെ പ്രശസ്തനായ നാടക രചയിതാവ് ഹേമന്ത കുമാർ രചിച്ച നാടകം സംവിധാനം ചെയ്യുന്നത് പി ജെ എസ് അംഗം കൂടിയായ സന്തോഷ് കടമ്മനിട്ടയാണ്. വേഷമിടുന്നതും സംഘടനയിലെ അംഗങ്ങൾ തന്നെയാണ്.

ചടങ്ങിൽ പി ജെ എസ് അംഗവും കലാകാരനുമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം വഷംതോറും നൽകിവരുന്ന അവാർഡ് സമ്മാനിക്കുന്നതുമാണ്. ജിദ്ദയിലെ പശസ്ത കലാകാരന്മാർക്ക് നൽകി വരുന്ന അവാർഡിന് ഈ വര്ഷം അര്ഹനായിരിക്കുന്നത്‌ ജിദ്ദയിലെ പ്രശസ്ത ഗായകൻ മിർസ ഷെരീഫ് ആണ്.

കൂടാതെ അംഗങ്ങളുടെ മക്കളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ബെസ്ററ് സ്റ്റുഡൻറ് അവാർഡും പരിപാടിയിൽ സമ്മാനിക്കും. അക്ഷയ് വിലാസ് ആണ് അവാർഡിന് അർഹൻ.

വാർഷികാഘോഷ കലാസന്ധ്യയില്‍ ജിദ്ദയിലെ പ്രമുഖ നൃത്ത അദ്ധ്യപികമാരായ സുധാ രാജു, പ്രീത അജയൻ, ബിന്ദു സണ്ണി, അഞ്ചു നവീൻ, സീനത്ത് സമാൻ എന്നിവർ അണിയിച്ചൊരുക്കുന്ന നൃത്തനൃത്യങ്ങൾ, ഒപ്പന, ജിദ്ദയിലെ പ്രശസ്ത ഗായകരും കൂടാതെ പി ജെ എസിലെ ഗായകരും ആലപിക്കുന്ന ഗാനങ്ങൾ എന്നിവ ഉണ്ടായിരിക്കും.

സേവന വീഥിയിൽ……
തൊഴിൽ നഷ്ട്ടപ്പെട്ടു തിരിച്ചു പോകുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമാക്കി എസ് തുടങ്ങിയ സൊസൈറ്റിയുമായി ബന്ധിപ്പിച്ച്‌ പുതിയ തൊഴിലധിഷ്ഠിത പദ്ധ്വതികൾ തുടങ്ങും.
ഒരു പഞ്ചായത്തിൽ ഒരു നിർധന വിധവയ്ക്ക് എന്ന തോതിൽ നൽകി കൊണ്ടിരിക്കുന്ന വിധവാ പെൻഷൻ തുടർന്നും നൽകും.

ചികിത്സ, വിദ്യാഭ്യാസം, സ്വയം തൊഴിൽ, വിവാഹം എന്നിവയ്ക്കായുള്ള ധനസഹായവും തുടരും.

നാട്ടിലും പ്രാവാസ ദേശത്തും നടത്തി കൊണ്ടിരിക്കുന്ന ജീവകാരുണ്യ – സാമൂഹ്യ പ്രവർത്തനങ്ങളും ഇടപെടലുകളും കൂടുതൽ ഊർജിതമായി തുടരും.

തൊഴിൽ പ്രശ്നത്തിൽ പെട്ട പത്തനംതിട്ടക്കാരായ മൂന്ന് പേരെ നാട്ടിൽ എത്തിച്ചു.
നാട്ടിലേയ്ക്ക് മടങ്ങാൻ ബുദ്ധിമുട്ടിയ മൂന്നു ക്ളീനിങ് തൊഴിലാളികളായ സ്ത്രീകൾക്ക് ധനസഹായം നൽകി.

അഞ്ചു തമിഴ് തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ഇടപെടൽ നടത്തി.
ജിദ്ദ ഇന്റർനേഷണൽ ഇന്ത്യൻ സ്‌കൂളിലെ മലയാളം ക്ലബ്ബിലേക്ക് 500 ഓളം പുസ്തകങ്ങൾ സംഭാവന ചെയ്തു.

ജിദ്ദയിൽ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു.

വാർഷികാഘോഷം വിവരിക്കാനായി നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ നൗഷാദ് അടൂര്‍, എബി കെ ചെറിയാന്‍ മാത്തൂർ, ജയന്‍ നായർ, മാത്യുതോമസ്‌, മനു പ്രസാദ്‌ ആറന്മുള, അനില്‍കുമാര്‍പത്തനംതിട്ട, വറുഗീസ് ഡാനിയല്‍, അലി തെക്കുതോട്, അയൂബ് പന്തളം എന്നിവര്‍ സംബന്ധിച്ചു.

×