ദുബായ്: താരജാഡകളില്ലാത്ത പച്ച മനുഷ്യനായി ദുബായ് ലേബർ ക്യാമ്പിന്റെ സ്നേഹോഷ്മളതയിലേക്ക് പറന്നിറങ്ങി അഭിനേതാവ് ജോയ് മാത്യു . സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ സ്വീകരിച്ചത് മലയാളികൾക്ക് പുറമേ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് സ്വദേശികളാണ്. അവർക്കൊപ്പം ജോയ് മാത്യുവിൻറെ ആതിഥേയൻ ആയത് സാമൂഹ്യപ്രവർത്തകൻ സിജു പന്തളം ആയിരുന്നു.
ഒരു ട്രക്ക് ഡ്രൈവർ എന്ന പരിധിയിൽനിന്ന് 160 ഓളം പേർക്ക് വിവിധ കമ്പനികളിൽ ജോലി വാങ്ങി നൽകുകയും വിശക്കുന്നു തൊഴിലാളികൾക്ക് തൻറെ ചെറിയ ഹോട്ടലിൽ നിന്ന് പരിധിയില്ലാതെ ഭക്ഷണം നൽകുകയും ചെയ്യുന്ന സിജുവിൻറെ സേവനങ്ങളെ ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ മുമ്പും അഭിനന്ദിച്ചിട്ടുണ്ട്.
മണലാരണ്യത്തിലെ പണിയെടുക്കുന്ന പാവപ്പെട്ടവരുടെ മനസ്സിലേക്ക് സ്നേഹമഴയായി പെയ്തിറങ്ങുകയായിരുന്നു ജോയ് മാത്യു. സാധാരണ തൊഴിലാളികളുടെ മനസ്സിൻറെ നന്മയെയും ജോയ് മാത്യു പ്രകീർത്തിക്കുന്നു.
അദ്ദേഹത്തിൻറെ പോസ്റ്റ് ചുവടെ വായിക്കാം;
അതിസമ്പന്നതയുടെ ആരവങ്ങൾക്കപ്പുറം ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും മണൽ ജീവിതങ്ങളും ദുബായിൽ ഉണ്ട്. മാധ്യമ പ്രവർത്തകനായിരുന്ന കാലത്ത് ലേബർ ക്യാബുകളിലെ നിരവധി കണ്ണീർ ക്കഥകൾ ലോകത്തെ അറിയിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഇത്തവണത്തെ സന്ദർശനത്തിൽ ലേബർ ക്യാബുകളിൽ സ്‌നേഹത്താൽ സമൃദ്ധി അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരെക്കണ്ടു. അതിൽ ഇന്ത്യാക്കാർക്ക് പുറമെ പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്കൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. ഇവരെയെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന സ്നേഹമാണ് സിജു പന്തളം.
ഒരു ട്രക്ക് ഡ്രൈവറായ സിജു 160ൽ അധികം പേർക്ക് വിവിധ കമ്പനികളിൽ ജോലി വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. വിശക്കുന്ന തൊഴിലാളികൾക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്ന ഒരുചെറുതും മനോഹരവുമായ ഹോട്ടലും ഷാർജ industriel ഏരിയയിൽ സിജു നടത്തുന്നുണ്ട്.
തൊട്ടടുത്ത അഫ്‌ഗാനിയുടെ അടുപ്പ് സ്വന്തം അടുപ്പാക്കി മാറ്റി പാചകത്തിൽ കൈപ്പുണ്യമുള്ള സിജു ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം. എന്നെ അറിയുക പോലുമില്ലാത്ത അന്യരാജ്യക്കാരുടെ സ്നേഹോപചാരങ്ങൾ… ഈ രാത്രി എനിക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങിനെയാണ്.
പണിയെടുക്കുന്ന ഈ മുനുഷ്യരില്ലാതെ ഒരു മണിമന്ദിരങ്ങളും ഈ മണൽ നഗരത്തിൽ ഉയരുകയില്ല. കാരണം അത്രക്ക് ഉയരമുണ്ട് ഇവരുടെ മനസ്സിലെ നന്മക്ക്. ഇവരുടെ നായകനായ സിജുവിന്റെ ഉയരം തന്നെ അതിനുള്ള തെളിവാണല്ലോ.