/sathyam/media/media_files/3MLTK3IyrrEsO8U87GwH.jpg)
ജിദ്ദ: ഗാസ മുനമ്പിലെ ഇസ്രായേൽ അധിനിവേശം മിഡിൽ ഈസ്റ്റിന് വിനാശകരമാകുമെന്ന് സൗദി അറേബ്യ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.
ഗാസയിൽ കരയുദ്ധം ഒഴിവാക്കേണ്ടത് സ്ഥിരതയുടെയും ജീവഹാനിയുടെയും പേരിൽ സുപ്രധാനമാണെന്നും അങ്ങേയറ്റം വിനാശകരമായിരിക്കും ഫലമെന്നും സൗദി അറേബ്യ അമേരിക്കയെ ധരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വാരാന്ത്യത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയ 10 അമേരിക്കൻ സെനറ്റർമാരിൽ ഒരാളായ കണക്റ്റിക്കട്ടിൽ നിന്നുള്ള ഡെമോക്രാറ്റും ആംഡ് സർവീസസ് കമ്മിറ്റി അംഗവുമായ സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റൽ പറഞ്ഞതായി അമേരിക്കൻ ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കരയുദ്ധം മുഴുവൻ മേഖലയ്ക്കും ഒരു ദുരന്തമായി മാറുമെന്നുള്ള ശക്തമായ മുന്നറിയിപ്പ് കടുത്ത ഭാഷയിൽ മറ്റു അമേരിക്കൻ നേതാക്കൾക്കും സൗദി പ്രതിനിധികൾ വിവിധ സന്ദർഭങ്ങളിൽ കൈമാറിയിട്ടുള്ളതായും പത്രം തുടർന്നു.
കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗസ്സയിലെ സംഘർഷവും സമാധാനം പുനഃസ്ഥാപിക്കാനായി നടത്തുന്ന നീക്കങ്ങളുമായിരുന്നു സംഭാഷണത്തിൽ വിഷയമായത്.
നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക, സാധാരണക്കാരെ ഏതെങ്കിലും വിധത്തിൽ ലക്ഷ്യം വെക്കൽ, അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ, നിർബന്ധിത കുടിയൊഴിപ്പിക്കൽ എന്നിവ ഉടനടി അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ എത്രയും വേഗം കൈക്കൊള്ളേണ്ട ആവശ്യകത മുഹമ്മദ് സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റുമായുള്ള സംഭാഷണത്തിൽ ഊന്നിപ്പറയുകയുണ്ടായി.
മേഖലയിലെ സ്ഥിരതയേയും സുരക്ഷയേയും ബാധിക്കുന്ന തരത്തിൽ സ്ഥിതിഗതികൾ വഷളാക്കാതിരിക്കേണ്ടതിന്റെയും സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു.
അതോടൊപ്പം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കൽ, ഗാസയിലെ ഉപരോധം പിൻവലിക്കൽ, അടിസ്ഥാന സേവനങ്ങളും മാനുഷികവും വൈദ്യസഹായം സംബന്ധവുമായ കാര്യങ്ങളും തസ്സപെടുത്താതിരിക്കൽ എന്നിവയും അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us