Advertisment

ഗാസയിലേക്കുള്ള കുവൈത്തിന്റെ സഹായം തുടരുന്നു: 19മത് വിമാനം പറന്നുയര്‍ന്നു

New Update
plane1

കുവൈറ്റ്: 19-ാമത് കുവൈറ്റ് എയര്‍ ബ്രിഡ്ജ് റിലീഫ് വിമാനം അബ്ദുല്ല മുബാറക് എയര്‍ ബേസില്‍ നിന്ന് അല്‍-അരിഷ് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. ഗാസ മുനമ്പിലെ സഹോദരങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 40 ടണ്‍ ലോഡു ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും വഹിച്ചു കൊണ്ടുള്ള വിമാനമാണ് പുറപ്പെട്ടത്.

Advertisment

കുവൈറ്റ് സ്റ്റേറ്റ് വഹിക്കുന്ന മാനുഷിക പങ്കിന്റെ ചട്ടക്കൂടിലാണ് ഈ മാനുഷിക സഹായം വരുന്നതെന്ന് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റിയിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ സെയ്ദ് പ്രസ്താവനയില്‍ പറഞ്ഞു.

ഗാസ മുനമ്പിലെ സഹോദരങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചത് മുതല്‍, അടിയന്തര സഹായം നല്‍കാനും ഭക്ഷണവും മരുന്നും ആംബുലന്‍സുമായി ദുരിതാശ്വാസ വിമാനങ്ങള്‍ അടിയന്തരമായി അയക്കാനും കുവൈറ്റ് ത്വരിതഗതിയിലാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

പലസ്തീന്‍ വിഷയത്തില്‍ കുവൈറ്റ് ഭരണകൂടത്തിന്റെ തത്വാധിഷ്ഠിതവും ഉറച്ചതുമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റ് സഹായം നല്‍കുന്നത് എന്നും അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഉത്തരവുകള്‍ക്കനുസൃതമായാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കിരീടാവകാശി ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളോടെയും പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍-അഹമ്മദ് സബാഹില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളോടെയും മെഡിക്കല്‍ സപ്ലൈസ്, ഭക്ഷണം, കുടിവെള്ളം, ഇന്ധനം എന്നിവയുടെ ദൗര്‍ലഭ്യത്തിനിടയില്‍ തുടര്‍ച്ചയായ അധിനിവേശ ബോംബാക്രമണത്തില്‍ ജീവിക്കുന്ന 2.3 ദശലക്ഷം ജനസംഖ്യയുള്ള ഗാസ മുനമ്പിലേക്ക് എല്ലാ മാനുഷിക സഹായങ്ങളും എത്തിക്കേണ്ടതിന്റെ പ്രാധാന്യം അല്‍-സെയ്ദ് ഊന്നിപ്പറഞ്ഞു.

ഗാസ മുനമ്പിലെ നിരവധി ആശുപത്രികള്‍ ഇന്ധനവും വൈദ്യുതിയും ഇല്ലാതായതിനാല്‍ പൂര്‍ണ്ണമായും സേവനമനുഷ്ഠിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത രീതികളില്‍ പോലും രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കും വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ ടീമുകള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിശദീകരിച്ചു. 

ഗാസ മുനമ്പിലെ സഹോദരങ്ങള്‍ക്ക് അടിയന്തിര ആശ്വാസം നല്‍കുന്നതിന് മാനുഷ്യാവകാശ സംഘടനകളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് അദ്യേഹം ചൂണ്ടിക്കാട്ടി (ഹെല്‍പ്പ് പാലസ്തീന്‍) വെബ്സൈറ്റിലൂടെയാണ് അസോസിയേഷന്‍ സംഭാവനകള്‍ക്കുള്ള വാതില്‍ തുറന്നതെന്ന് അല്‍-സെയ്ദ് പറഞ്ഞു.

Advertisment