കുവൈറ്റ്: ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസാ പദ്ധതിക്ക് ഒമാനില്‍ ചേര്‍ന്ന നാല്‍പതാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഗതാഗത നിയമ ലംഘനങ്ങളെ ഇലക്ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനും യോഗം തുടക്കം കുറിച്ചു.
ഒമാന്‍ ആഭ്യന്തര മന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബൂസഈദിയുടെ അധ്യക്ഷതയിലാണ് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ നാല്‍പതാമത് യോഗം ചേര്‍ന്നത്. ഗള്‍ഫ് ഉച്ചകോടി അന്തിമാംഗീകാരം നല്‍കുന്നതോടെ ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍വരും. ഇതോടെ ഒറ്റ വിസയില്‍ ആറു ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് സാധിക്കും.
അക്രമം, ഭീകരവാദം, തീവ്രവാദം, അരക്ഷിതാവസ്ഥ, അതിര്‍ത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയുടെ വ്യാപനത്തിന് കാരണമായ, മേഖലയും ലോകവും കടന്നുപോകുന്ന വെല്ലുവിളികളും അപകടസാധ്യതകളും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യം പാലിക്കേണ്ടതും കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതും സുരക്ഷാ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും നിലവാരം ഉയര്‍ത്തേണ്ടതും അനിവാര്യമാക്കുന്നതായി യോഗത്തില്‍ സംസാരിച്ച സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു.
ആറ് ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള സഞ്ചാരം സുഗമമാക്കുന്നതിനും സാമ്പത്തിക, ടൂറിസം മേഖലകളില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കുന്ന പദ്ധതിയാണ് ഏകീകൃത ഗള്‍ഫ് വിസയെന്നും മയക്കു മരുന്ന് പോലുള്ള മാനവ രാശിയെ ഗ്രസിക്കുന്ന വിപത്തിനെതിരെ കൂടുതല്‍ ശക്തമായ നടപടികളും തീരുമാനങ്ങളും സഹായിക്കുമെന്നും ജിസിസി തലവന്‍ അല്‍ ബുദൈവി വിശദീകരിച്ചു.