ജിദ്ദ: മെക്സിക്കോയ്ക്ക് സമീപം മദ്ധ്യ അമേരിക്കയിലുള്ള ഒരു ചെറിയ രാജ്യമായ ബെലീസ് ഇസ്രയേലുമായുള്ള ബന്ധം മുറിച്ചു.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന അവിരാമവും വിവേചനരഹിതവുമായ ബോംബാക്രമണം കാരണം രാജ്യത്തെ ഇസ്രായേൽ അംബാസഡർക്കുള്ള അംഗീകാരം പിൻവലിക്കുകയും ഇസ്രായേലിലെ ബെലീസിയൻ ഓണററി കോൺസുലേറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യുന്നതായി ബെലീസ് സർക്കാർ ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
"ഗാസയിലെ വെടിവെപ്പ് ഉടനടി നിർത്തിവെക്കുകയും ലക്ഷക്കണക്കിന് വരുന്ന ഗാസയിൽ ലക്ഷക്കണക്കിന് വരുന്ന ജനങ്ങൾക്ക് മാനുഷിക സഹായം യാതൊരു തടസ്സവുമില്ലാതെ എത്തിക്കണമെന്നും ആവർത്തിച്ചു അഭ്യര്ഥിച്ചുവെങ്കിലും രാജ്യാന്തര - മാനുഷിക നിയമം ലംഘിക്കുന്നത് ഇസ്രായേൽ നിർത്തിയില്ല". ഇസ്രായേൽ ബന്ധം വിച്ഛേദിച്ചു കൊണ്ട് ബെലീസ് സർക്കാർ പുറത്തിറക്കിയ പ്രസ്താവന വിവരിച്ചു.
എല്ലാ സൗകര്യങ്ങളുമുള്ളതും തൊട്ടടുത്തുമുള്ള സ്വന്തം അറബ് - മുസ്ലിം സഹോദര രാജ്യങ്ങൾ ഇസ്രായേൽ ബന്ധം മുറുകെപ്പിടിച്ച് ഗാസയെ കണ്ടില്ലെന്ന് നടിച്ചു കഴിയുമ്പോഴാണ് വിദൂരതയിലുള്ള ഒരു ചെറിയ രാജ്യത്തിന്റെ വ്യത്യസ്തമായൊരു നടപടി. ബെലീസ് രാജ്യത്തിന്റെ തീരുമാനത്തെ ഗാസയിൽ ഭരണം നടത്തുന്ന ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഹമാസ് സ്വാഗതം ചെയ്തു.
ബുധനാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ ലോക രാജ്യങ്ങളോട് അവരുടെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഹമാസ് ആഹ്വാനം ചെയ്തു.
“ഈ ഫാസിസ്റ്റ് ഭരണകൂടത്തെ ഒറ്റപ്പെടുത്താനും മനുഷ്യരാശിക്കെതിയുള്ള കുറ്റകൃത്യങ്ങളുടെയും ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെയും പേരിൽ അവരെ വിചാരണയ്ക്ക് കൊണ്ടുവരുന്നതിനും ലോക രാജ്യങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ഞങൾ ഓർമിപ്പിക്കുന്നു" - ഹമാസ് പ്രസ്താവന തുടർന്നു.