റിയാദ് : കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ ഷുബ്ര യൂണിറ്റ് അംഗവും യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന എം എസ് ഇബ്രാഹിംകുട്ടി (51) ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് നിര്യാതനായി.
ഇരുപത് വർഷക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന ഇബ്രാഹിംകുട്ടി ഷുബ്രയിലെ ഒരു വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സാർത്ഥം നാട്ടിലേക്ക് അവധിയിൽ പോവുകയാണുണ്ടായത്.
കേളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. എറണാകുളം മാഞ്ഞാലി കുന്നുംപുറത്ത് മാനങ്കേരി വീട്ടിൽ എം കെ സെയ്തു മുഹമ്മദിന്റെയും ജമീലയുടെയും മകനാണ്.
ഭാര്യ റാഹിന. ഷിഹാന, ഫാത്തിമ, ഇക്ബാൽ എന്നിവർ മക്കളുമാണ്. മൃതദേഹം മഞ്ഞാലി കുന്നുംപുറത്ത് ജുമാ മസ്ജിദിൽ കബറടക്കി.