കുവൈറ്റ്: കുവൈറ്റില്‍ തൊഴിലുടമയുടെ അംഗീകാരമില്ലാതെ തന്നെ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് നേരിട്ട് റെസിഡന്‍സി മാറ്റാന്‍ പ്രവാസി തൊഴിലാളിക്ക് അനുമതി നല്‍കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് മാന്‍പവര്‍ അതോറിറ്റിയെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ മേഖലയിലെ തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളും അല്ലെങ്കില്‍ ജോലി സംബന്ധിച്ച നിയമ നമ്പര്‍ (6/2010) ലെ ഏതെങ്കിലും ആര്‍ട്ടിക്കിളുകളും സ്‌പോണ്‍സര്‍ ലംഘിച്ചതായി സ്ഥിരീകരിച്ചാലാണ് റെസിഡന്‍സി മാറ്റാനുള്ള സംവിധാനം ഒരുങ്ങുക.
തൊഴിലുടമയുടെ നിയമപരമായ അവകാശങ്ങള്‍ നഷ്ടപ്പെടുത്താതെയാകും ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് റെസിഡന്‍സി മാറ്റാന്‍ പ്രവാസി തൊഴിലാളിക്ക് അനുമതി നല്‍കുകയെന്ന് മാന്‍പവര്‍ അതോറിറ്റിയിലെ വര്‍ക്ക് ഫോസ് പ്രൊട്ടക്ഷന്‍ സെക്ഷന്‍ അഫയേഴ്‌സ് ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ മുറാദ് പറഞ്ഞു.
ഇതുവരെ സ്വകാര്യ തൊഴില്‍ നിയമത്തില്‍ ഭേദഗതികളൊന്നുമില്ല. പഠനങ്ങളും നിരീക്ഷണങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.