/sathyam/media/media_files/XBTsjONGSu4l6ARZBGso.jpg)
മനാമ: ബഹ്റൈനിലെ അസ്കറില്‍ പുതിയ ചെമ്മീന്‍ ഫാം തുറന്നു. പെരുമ്പാവൂര്‍ സ്വദേശി വര്‍ഗീസിന്റെ സഹായത്തോടെയാണ് മുമ്പ് പരാജയപ്പെട്ട ശ്രമം വിജയകരമായി ആരംഭിച്ചിരിക്കുന്നത്. ഇതോടെ ബഹ്റൈില്‍ ഇനി ഏത് സീസണിലും 'നല്ല പിടക്കണ' ചെമ്മീന്‍ ഫ്രഷായി ചെമ്മീന്‍ പ്രേമികള്‍ക്ക് ലഭിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുമ്പ് ചെമ്മീൻ ഫാം തുടങ്ങാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ചൂടിനെ അതിജീവിക്കാൻ അവക്ക് കഴിഞ്ഞിരുന്നില്ല.
ഇതെത്തുടർന്നാണ് ബഹ്റൈനിലെ ഫാമേഴ്സ് കൺസോർട്യം മലയാളിയായ വര്‍ഗീസുമായി ബന്ധപ്പെടുന്നത്. തുടർന്ന് വർഗീസ് ബഹ്റൈനിലെത്തി പ്രാരംഭവിവരങ്ങൾ ശേഖരിച്ചു. ഗൾഫിലെ താപനിലക്കനുയോജ്യം വനാമി ഇനത്തിൽപെട്ട ചെമ്മീൻ കുഞ്ഞുങ്ങളാണെന്ന് കണ്ടെത്തി പദ്ധതി പ്രവർത്തനമാരംഭിക്കുകയായിരുന്നു.
ഏഴ് ടാങ്കുകളിലാണ് ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കടൽവെള്ളമാണ് ഉപയോഗിക്കുന്നത്. സമ്പൂർണമായും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വെള്ളത്തിന്റെ താപനില, ചെമ്മീൻ കുഞ്ഞുങ്ങളുടെ വളർച്ച, ആവശ്യമായ തീറ്റ എന്നിവ പരിശോധിക്കുന്ന ഫാമാണിത്. 120 ദിവസംകൊണ്ട് ചെമ്മീനുകൾ വളർച്ചയെത്തുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു.