/sathyam/media/media_files/3OnZJDkXxkERX5lKoV78.jpg)
മദീന: സാഹിത്യമെന്നത് മനുഷ്യനോട് സംവേദനത്തിനുള്ള എക്കാലത്തെയും സുന്ദര മാർഗമാണെന്ന് അബ്ദുൽ ബാരി നദ്‍വി. ആശയ കൈമാറ്റത്തിനുള്ള മാർഗങ്ങളെല്ലാം സാഹിത്യഗണത്തിൽ പെടുന്നതും പ്രഭാഷണം, കഥ, കവിത, വര എന്നിവയിലൂടെയെല്ലാം അതിന്റെ വിവിധ മേഖലകളാണ്.
മനുഷ്യജീവിതത്തെ ഗ്രസിക്കുന്ന മുഴുവൻ കാര്യങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള മാർഗങ്ങൾ, ചതുരം വരച്ച് അതിലൂടെ കടന്നുപോകുന്ന വരകളെ വിശദീകരിച്ച മുത്തുനബിയും, ഈജിപ്തിലെ തെറ്റായ വിശ്വാസങ്ങളെ മാറ്റാൻ കത്ത് എഴുതിയ സ്വഹാബിവര്യർ ഉമറും നമുക്ക് സർഗാത്മക മാതൃകയാണ്.
കല, എഴുത്ത് എന്നിവ സാമൂഹിക പ്രതിബദ്ധതയുള്ളതാകുമ്പോഴാണ് അതിന് സൗന്ദര്യവും ധാർമികതയും കൈവരുന്നത്. പരിസരങ്ങളെ കൂട്ടിയിണക്കി ഉപമകൾ ചേർത്ത് അലങ്കാരമാക്കി നമ്മിലേക്ക് കൂടി ഇറങ്ങി വരുമ്പോഴാണ് അത് ക്രിയാത്മകമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസ ലോകത്തെ കലാ സാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ മദീനയിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ(ആർ എസ് സി) സൗദി വെസ്റ്റ് പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ സി എഫ് മദീന പ്രൊവിൻസ് ഫിനാൻസ് സെക്രട്ടറി മുഹ് യിദ്ദീൻ കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.
സൗദി വെസ്റ്റ് പരിധിയിലെ ജിദ്ദ നോർത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, തായിഫ്, അസീർ, ജിസാൻ, അൽ ബഹ, യാമ്പു, തബൂക്ക് എന്നീ സോണുകളിലെ യൂനിറ്റ്, സെക്ടർ, മത്സരങ്ങൾക്ക് ശേഷമാണ് നാഷനൽ സാഹിത്യോത്സവ് നടക്കുന്നത്. ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറിലധികം മത്സരികൾ നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കുന്നു.
വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് & സ്റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. സ്പെല്ലിംഗ് ബീ, ട്രാൻസ്‌ലേഷൻ, തീം സോങ്ങ് രചന, ഫീച്ചർ രചന, ഖസീദ, കോറൽ റീഡിംഗ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതുമ നൽകുന്നു.
അബ്ദുറഹ്മാൻ മച്ചമ്പാടി, ത്വൽഹത് സഖാഫി, അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശേരി, നൗഫൽ ചിറയിൽ, ലുഖ്മാൻ വിളത്തൂർ, ടി. അലി അക്ബർ, മുജീബ് തുവ്വക്കാട്, ത്വൽഹത് കൊളത്തറ, ഖലീലുറഹ്മാൻ കൊളപ്പുറം, അഫ്സൽ സഖാഫി, മൻസൂർ ചുണ്ടമ്പറ്റ, നിയാസ് കാക്കൂർ സന്നിഹിതരയായിരുന്നു.
നാഷനൽ കലാലയം സെക്രട്ടറി സദഖത്തുള്ള സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ നൗഷാദ് താനാളൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us