ശിരസ്സ് വേർപ്പെടാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ പ്രതി രക്ഷപ്പെട്ടു; അതെങ്ങിനെ?

New Update
saudi

ജിദ്ദ:   വടക്കൻ സൗദിയിലെ ചരിത്ര നഗരമായ തബൂക്  രാജ്യത്തെ  നിയമനിർവഹണത്തിൽ ഉദ്വേഗം നിറഞ്ഞ ഒരദ്ധ്യായത്തിന് സാക്ഷ്യം വഹിച്ചു.   തബൂക്കിലെ  വധശിക്ഷ നടപ്പാക്കുന്ന  സ്‌ക്വയറിൽ  കഴിഞ്ഞ ദിവസമായിരുന്നു  സംഭവം.

Advertisment

കൊലക്കേസ് പ്രതിയുടെ തല ഉടലിൽ നിന്ന് വേർപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കി.   ആരാച്ചാർ വാള് വീശാനൊരുങ്ങുന്നു. അപ്പോഴതാ ഒരു  വിളിയാളം!  

കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്  ഘാതകന്  മാപ്പ് കൊടുത്തിരിക്കുന്നുവെന്ന പ്രഖ്യാപനമായിരുന്നു അത്.    അതോടെ,  പ്രതിക്രിയ കൊല നടപ്പിലാക്കുന്നതിൽ   ഇസ്ലാമിക ശരീഅത്ത് വെക്കുന്ന  മനോഹരമായ ഇളവ് അവിടെ  ഉജ്വലമാവുകയായിരുന്നു.     

അഞ്ചു വർഷങ്ങൾക്ക് മുമ്പ്  തബൂക്കില്‍  വെച്ചുണ്ടായ കൊലപാതകമാണ് സംഭവങ്ങൾക്ക് ആസ്പദം.    പ്രതിയും  ഇരയും  സൗദി പൗരന്മാർ തന്നെ.  ഇസ്ലാമിക ശരീഅത്ത് പ്രകാരം കേസ് തെളിഞ്ഞാൽ കൊലപാതകിയ്ക്ക്  ലഭിക്കുക  വധശിക്ഷയാണ്.  

എന്നാൽ ഇരയുടെ ബന്ധുക്കൾക്ക്  മാത്രമുള്ള അവകാശ പ്രകാരം പ്രതിക്ക് മാപ്പ് ലഭിക്കുകയും ചെയ്യാം.   പ്രതിക്ക് മാപ്പ് നല്‍കുന്നതിനു പകരം വന്‍തുക ദിയാധനം നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളും  ഇരയുടെ  ഉറ്റവർ  തള്ളിക്കളഞ്ഞിരുന്നു.   

പിന്നെ കഴുത്ത് വെട്ടൽ മാത്രം ബാക്കി.  അത് നടപ്പാവുന്ന  നിമിഷങ്ങളിലായിരുന്നു  ഇരയുടെ പിതാവിന്റെ പ്രഖ്യാപനം:  "അല്ലാഹുവിന്റെ പ്രീതി  കാംക്ഷിച്ച് മാത്രം  പ്രതിക്ക് മാപ്പ്  നൽകുകയാണ്".

Advertisment