ഡല്‍ഹി: കുവൈറ്റില്‍ തടവില്‍ കഴിയുന്ന 19 മലയാളികള്‍ ഉള്‍പ്പെടെയുള്ള 34 ഇന്ത്യന്‍ നഴ്‌സുമാരുടെ മോചനത്തിനായി ശ്രമം നടത്തിവരികയാണെന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരന്‍. കുവൈറ്റ് അധികൃതരുമായി ഇന്ത്യന്‍ എംബസി നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
താമസ നിയമ ലംഘനത്തിന്റെ പേരിലാണ് 34 ഇന്ത്യാക്കാരുള്‍പ്പെടെ 60 പ്രവാസികളെ ക്ലിനിക്കില്‍ നിന്ന് പിടികൂടിയത്. ഇവരില്‍ 19 മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പിടിയിലായ നഴ്‌സുമാര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കിന് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വിദേശ കാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന 5 പേരുടെ കൈക്കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.
പിടിയിലായവരില്‍ ഭൂരിഭാഗം പേരും 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയായി ഇതെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്.