പ്രവാസികളിൽ നിന്ന് ക്വാറന്റെൻ ചാർജ് ഈടാക്കാനുള്ള നടപടി പ്രതിഷേധാർഹം:വെൽഫെയർ കേരള കുവൈറ്റ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 1, 2020

കുവൈറ്റ് : കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസ ലോകത്തു നിന്ന് നാട്ടിൽ മടങ്ങിയെത്തുന്നവരിൽ നിന്ന് ക്വാറന്റെയ്ൻ ചാർജ് ഈടാക്കാനുള്ള സംസ്ഥാന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര വർക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞ വരും ഗർഭിണികളും പ്രായമായവരുമടക്കം സാമ്പത്തികമായ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസികളുടെ അധ്വാനഫലം കൊണ്ടാണ് കേരളം കഞ്ഞി കുടിച്ചു പോകുന്നത് എന്ന് മുഖ്യമന്ത്രി മുമ്പ് നടത്തിയ പ്രസ്താവന വെറും വാക്കാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത് സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന ടിക്കറ്റുകൾ ഉപയോഗിച്ചാണ്. അത്തരം ആളുകൾക്ക് ഈ സാമ്പത്തിക ബാധ്യതകൂടി താങ്ങാൻ കഴിയില്ല….

നിലവിൽ സാമ്പത്തികമായി ഒരു മാർഗവുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് മേൽ ഇരട്ടി സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കാനാണ് സംസ്ഥാന സർക്കാർ ഈ നടപടി കൊണ്ട് ശ്രമിക്കുന്നത്. നാടിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണ്ണായക പങ്കു വഹിച്ച പ്രാവാസികളെ അവർക്ക് സർക്കാർ സഹായം ആവശ്യമായ ഘട്ടത്തിൽ കൂടുതൽ സാമ്പത്തിക ക്ലേശങ്ങളിലേക്ക് തള്ളിവിടാതെ ക്വാറന്റൈൻ ചാർജ് ഈടാക്കാനുള്ള നടപടിയിൽ നിന്ന് ഉടൻ പിൻവാങ്ങണമെന്നും ഇതിനായി പ്രവാസ ലോകത്തു നിന്ന് പ്രതിഷേധങ്ങൾ ഉയരണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു.

×